ആര്യാടന്‍ ലിഗീന്റെ ശക്തനായ വിമര്‍ശകന്‍; രക്ഷതേടി മകന്‍ പാണക്കാട്

നിലമ്പൂരില്‍ ആരുടെ മുന്നിലും തലകുനിക്കാത്ത നേതാവായിരുന്നു ആര്യാടന്‍ മുഹമ്മദ്. കമ്യൂണിസറ്റുപാര്‍ട്ടിക്ക് നല്ല വേരോട്ടമുണ്ടായിരുന്ന നിലമ്പൂരില്‍ കോണ്‍ഗ്രസിനെ വളര്‍ത്തിയ നേതാവ്. കോണ്‍ഗ്രസ് നേതാവ് എന്ന നിലയിലും രാഷ്ട്രീയത്തില്‍ എന്നും നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും ആര്യാടന്‍ എതിരാളികള്‍ക്കുപോലും സ്വീകാര്യനായിരുന്നു. (aryadan shoukath profile nilambur election analysis)
നിലമ്പൂര്‍ എംഎല്‍എയായിരുന്ന സഖാവ് കുഞ്ഞാലി പ്രതിയോഗിയാല്‍ വെടിയേറ്റ് കൊല്ലപ്പെട്ട കേസില്‍ പ്രതിയാക്കപ്പെട്ടതിനെ തുടര്‍ന്ന് ജയിലില്‍ അടക്കപ്പെട്ടുവെങ്കിലും സംഭവത്തില്‍ മറ്റൊരാളാണ് പ്രതിയെന്ന് കണ്ടെത്തിയതോടെ ആര്യാടന്‍ ശക്തനായി. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്നും ഒരുവേള മാറി നിന്ന ആര്യാടന്‍ പിന്നീട് കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവായി വളരുന്ന കാഴ്ചയാണ് കേരളം കണ്ടത്. തൊഴിലാളി സംഘടനായായ എ ഐ ടി യു സിയുടെ നേതാവായാണ് ആര്യാടന്‍ പൊതുരംഗത്ത് സജീവമായത്. എന്നും എ ഗ്രുപ്പിനൊപ്പം നിലയുറപ്പിച്ച നേതാവുകൂടിയായിരുന്നു. എ കെ ആന്റണിയുടെ നേതൃത്വത്തില്‍ എ കോണ്‍ഗ്രസ് ഇടത് മുന്നണിക്ക് പിന്തുണ നല്‍കിയപ്പോള്‍ അന്നും പാര്‍ട്ടിക്കൊപ്പം ഇടത് പാളയത്തിലുമെത്തി.
Read Also: മാനേജരെ മർദിച്ചെന്ന പരാതി; മുൻകൂർ ജാമ്യാപേക്ഷയുമായി ഉണ്ണി മുകുന്ദൻ
എന്നും മുസ്ലിംലീഗിനെതിരെ രൂക്ഷമായ ഭാഷയില്‍ നേരിട്ട കോണ്‍ഗ്രസ് നേതാവുകൂടിയായിരുന്നു ആര്യാടന്‍. മലപ്പുറം ജില്ല രൂപീകരിച്ചപ്പോള്‍ ആദ്യത്തെ ഡി സി സി അധ്യക്ഷനായിരുന്നു ആര്യാടന്‍ മുഹമ്മദ്. നാലുതവണ സംസ്ഥാന ക്യാബിനറ്റില്‍ അംഗമായിരുന്നു ആര്യാടന്‍ മുഹമ്മദ്. 1980 ല്‍ ഇ കെ നായനാര്‍ മന്ത്രിസഭയില്‍ അംഗമായി. പിന്നീട് എ കെ ആന്റണി മന്ത്രിസഭയിലും ഉമ്മന്‍ ചാണ്ടിയുടെ മന്ത്രിസഭയിലും അംഗമായിരുന്നു.2016 ല്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ ആര്യാടന്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തോട് വിടപറഞ്ഞു. ഇതോടെയാണ് മകനും പൊതുരംഗത്ത് സജീവസാന്നിദ്ധ്യവുമായിരുന്ന ഷൗക്കത്തിന് കോണ്‍ഗ്രസ് നിലമ്പൂരില്‍ ടിക്കറ്റ് നല്‍കുന്നത്. എന്നാല്‍ അത് കുടുംബ രാഷ്ട്രീയമെന്ന ആരോപണത്തിന് വഴിവച്ചു. കോണ്‍ഗ്രസില്‍ പരക്കെ ഷൗക്കത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ പ്രതിഷേധം ഉടലെടുത്തു. ഈ സന്ദര്‍ഭം മുതലെടുത്താണ് പി വി അന്‍വര്‍ എന്ന പഴയ കോണ്‍ഗ്രസുകാരന്‍ ഷൗക്കത്തിനെതിരെ രംഗത്തെത്തുന്നത്. തലയെടുപ്പുള്ള സ്ഥാനാര്‍ത്ഥിയെ തേടിയിരുന്ന ഇടതുമുന്നണി അന്‍വറെ പിന്തുണയ്ക്കാന്‍ തയ്യാറായി. ഇതോടെ അന്‍വര്‍ സി പി എം പിന്തുണയുള്ള ഇടത് സ്വതന്ത്രനായി. ആര്യാടന്റെ പിന്തുടര്‍ച്ചക്കാരനായി എത്തിയ ഷൗക്കത്തിനെ നിലമ്പൂര്‍ കയ്യൊഴിഞ്ഞു. ഇതോടെ നിലമ്പൂരില്‍ പി വി അന്‍വറുടെ യുഗത്തിന് തുടക്കമായി.
അന്‍വര്‍ വിജയം ആവര്‍ത്തിക്കാതിരിക്കാന്‍ കോണ്‍ഗ്രസ് ആര്യാടന്‍ ഷൗക്കത്തിനെ മാറ്റി നിര്‍ത്തി. അക്കാലത്ത് ഏറ്റവും സ്വീകാര്യനായ ഡി സി സി അധ്യക്ഷന്‍ വി വി പ്രകാശിനെ സ്ഥാനാര്‍ത്ഥിയാക്കിയെങ്കിലും 2700 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വി വി പ്രകാശ് പരാജയപ്പെട്ടു. വോട്ടെണ്ണല്‍ കഴിഞ്ഞ് ദിവസങ്ങള്‍ക്കകം വി വി പ്രകാശ് ഹൃദയാഘാതം മൂലം മരണമടഞ്ഞിരുന്നു. തുടര്‍ന്ന് ഡി സി സി അധ്യക്ഷനാവാന്‍ ആര്യാടന്‍ ഷൗക്കത്ത് ശ്രമം നടത്തിയെങ്കിലും വി എസ് ജോയി അധ്യക്ഷസ്ഥാനത്തെത്തി. വി എസ് ജോയിയെ അതിനിശിതമായി വിമര്‍ശിച്ചിരുന്ന അന്‍വര്‍ സി പി എമ്മുമായി അകന്നതോടെ ജോയിയുടെ ഏറ്റവും അടുത്ത വ്യക്തിയായി മാറുന്നതും നിലമ്പൂര്‍ കണ്ടു. അന്‍വര്‍ ജനുവരിയില്‍ എം എല്‍ എ സ്ഥാനം രാജിവച്ചൊഴിയുമ്പോള്‍ ജോയിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് നിര്‍ദേശം മുന്നോട്ടുവച്ചിരുന്നു.
ഷൗക്കത്തിനെ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ അണിയറയില്‍ നീക്കം നടക്കുമ്പോഴാണ് അന്‍വര്‍ വി എസ് ജോയിക്കായി പോരാടിയത്. ഇത് ജോയിയോടുള്ള അടുപ്പത്തിന് അപ്പുറം തന്റെ പ്രഖ്യാപിത രാഷ്ട്രീയ എതിരാളിയായ ആര്യാടന്‍ ഷൗക്കത്ത് സ്ഥാനാര്‍ത്ഥിയാവാതിരിക്കാനുള്ള മുന്‍കരുതല്‍ കൂടി ആയിരുന്നു. നിലമ്പൂര്‍ മണ്ഡലം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് പി വി അന്‍വറെ ഉള്‍ക്കൊള്ളാന്‍ തീരുമാനിച്ചിരുന്നു. അന്‍വറിനെ അനുകൂലിക്കുന്നവരുടെ വോട്ടുലഭിച്ചാല്‍ വന്‍ഭൂരിപക്ഷത്തോടെ നിലമ്പൂരില്‍ വിജയിക്കാമെന്നായിരുന്നു കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ അന്‍വറിന്റെ നീക്കം കോണ്‍ഗ്രസിനെപോലും ഞെട്ടിച്ചു.
കോണ്‍ഗ്രസ് തീരുമാനിച്ച സ്ഥാനാര്‍ത്ഥിയെ മാറ്റണമെന്നും, അല്ലെങ്കില്‍ താന്‍ മത്സരരംഗത്തുണ്ടാവുമെന്നുമായിരുന്നു അന്‍വറിന്റെ താക്കീത്. ഹൈക്കമാന്റ് ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ അന്‍വര്‍ നിലപാട് മാറ്റി. യു ഡി എഫ് പ്രവേശം വേഗത്തിലാക്കണമെന്നും, അല്ലെങ്കില്‍ മത്സരിക്കുമെന്നുമായി നിലപാട്. ഇതോടെയാണ് മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി വിഷയത്തില്‍ ഇടപെടുന്നത്. അന്‍വറെ കണ്ട് മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്തിരിയണമെന്ന് ആവശ്യപ്പെട്ടിരിക്കയാണ്. ലീഗിന്റെ ഇടപെടലിന് പിന്നാലെ ആര്യാടന്‍ ഷൗക്കത്ത് രക്ഷതേടി പാണക്കാട്ടെത്തി. ലീഗിനെ ഒരു തരത്തിലും ആശ്രയിക്കാതിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ നിലപാടില്‍ നിന്നും മാറി, അന്‍വറെ പിന്തിരിപ്പിക്കണമെന്ന ആവശ്യവുമായി ഷൗക്കത്ത് പാണക്കാട്ടെത്തിയത് കാലം മാറുമ്പോള്‍ മാറുന്ന നിലപാടിന്റെ ഭാഗമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. എന്തായാലും ലീഗ് ആര്യാടന്‍ മുഹമ്മദിന്റെ മകന് രക്ഷകരാവുമോ എന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ അറിയാം.
Story Highlights : aryadan shoukath profile nilambur election analysis
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here