പുലിവാലുപിടിച്ച് പി വി അന്‍വര്‍: തൃണമൂല്‍ യുഡിഎഫില്‍ എത്തുമോ, അതോ ഷൗക്കത്തിനെ വീഴ്ത്തുമോ?

കേരളത്തില്‍ ഇത് പെരുമഴക്കാലമാണ്. എന്നാല്‍ രാഷ്ട്രീയ കേരളം ഒരു ഉപതിരഞ്ഞെടുപ്പിന്റെ ചൂടിലും. സംസ്ഥാനത്ത് പൊതുതിരഞ്ഞെടുപ്പിന് പത്തുമാസം മാത്രം ബാക്കി നില്‍ക്കെ നടക്കാനിരിക്കുന്ന നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഇരുമുന്നണികള്‍ക്കും ഒരുപോലെ നിര്‍ണായകമാണ്. അതുപോലെ മുന്‍ എംഎല്‍എ പി വി അന്‍വറിനും, യു ഡി എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനും നിര്‍ണായകമാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്. ( pv anvar nilambur byelection political analysis)
നിലമ്പൂരില്‍ യുഡിഎഫിന് തിരിച്ചടി കിട്ടിയാല്‍ ഷൗക്കത്തിന്റെ രാഷ്ട്രീയ ജീവിതത്തിന് വന്‍ തിരിച്ചടിയാവും. ഒപ്പം പി വി അന്‍വറിന്റെ രാഷ്ട്രീയമുന്നേറ്റത്തിനും തടസമാവും.മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് ഇടതുപാളയം വിട്ട പി വി അന്‍വര്‍ എം എല്‍ എ സ്ഥാനം രാജിവച്ചതിനെതുടര്‍ന്നാണ് നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പിനുള്ള കളം ഒരുങ്ങിയത്. തിരഞ്ഞെടുപ്പിന് പത്തുമാസം മാത്രം ബാക്കി നില്‍ക്കെ ഒരു ഉപതിരഞ്ഞെടുപ്പ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കും ഒരുപോലെ ബാധ്യതയാണ്.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് കേരളരാഷ്ട്രീയത്തില്‍ വലിയ ചലനങ്ങളാണ് ഉണ്ടാക്കുകയെന്നതില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ ഇടതുഭരണം അവസാനിപ്പിക്കാനുള്ള പോരാട്ടത്തിനിറങ്ങിയ പി വി അന്‍വര്‍ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുന്നതിന്റെ രാഷ്ട്രീയമാണ് നിലമ്പൂരിലെ പ്രധാന ചര്‍ച്ചാവിഷയം. ഇടത് സ്ഥാനാര്‍ത്ഥിയെ നേരിടുന്നതിനൊപ്പം പി വി അന്‍വറേയും നേരിടേണ്ടി ദുരവസ്ഥയിലാണ് കോണ്‍ഗ്രസ്.
Read Also: ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്ത് സുരേഷ് റിമാന്‍ഡില്‍
ഡി സി സി അധ്യക്ഷന്‍ വി എസ് ജോയിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന അന്‍വറിന്റെ ആവശ്യം കോണ്‍ഗ്രസ് നേതൃത്വം തള്ളിയതോടെയാണ് അന്‍വര്‍ ഇടഞ്ഞത്. യുഡിഎഫിന്റെ ഭാഗമാക്കണമെന്ന ആവശ്യവുമായി നേരത്തെയും അന്‍വര്‍ സമ്മര്‍ദതന്ത്രവുമായി രംഗത്തെത്തിയിരുന്നു. യു ഡി എഫിന്റെ ഭാഗമാക്കിയില്ലെങ്കില്‍ നിലമ്പൂരില്‍ മത്സരിക്കുമെന്നാണ് അന്‍വറിന്റെ ഭീഷണി. ഈ ഭീഷണി അവഗണിക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചതെങ്കിലും മുസ്ലിംലീഗിന് അന്‍വറെ അങ്ങനെ അവഗണിക്കാന്‍ പറ്റില്ല. അതിനാല്‍ പി കെ കുഞ്ഞാലിക്കുട്ടി അന്‍വറുമായി വിഷയം സംസാരിച്ചു. മുന്നണിയില്‍ പ്രവേശനം നല്‍കിയില്ലെങ്കില്‍ നിലമ്പൂരില്‍ മത്സരിക്കുമെന്ന തീരുമാനം പിന്‍വലിക്കണമെന്ന് ലീഗ് ആവശ്യപ്പെട്ടിരിക്കുകയാണ്.
ആദ്യം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ കഴിഞ്ഞതും, മണ്ഡലത്തില്‍ പ്രവര്‍ത്തകരെ രംഗത്തിറക്കാന്‍ കഴിഞ്ഞതും യു ഡി എഫിന് നേട്ടമായെങ്കിലും അന്‍വര്‍ ഉയര്‍ത്തിവിട്ടിരിക്കുന്ന പ്രതിസന്ധി യു ഡി എഫിനെ ആകെ അലട്ടുന്നുണ്ട്. ബി ജെ പി സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതിരിക്കുകയും അന്‍വര്‍ മത്സരിക്കുകയും ചെയ്താല്‍ കോണ്‍ഗ്രസിനെ അത് പ്രതികൂലമായി ബാധിക്കും.
എന്നാല്‍ എല്‍ഡിഎഫ് വിജയിച്ചാല്‍ അത് അന്‍വറിന്റെ രാഷ്ട്രീയ ജീവിതത്തിലും വലിയ തിരിച്ചടിയായിരിക്കും ഉണ്ടാവുക. പിണറായി മന്ത്രിസഭയുടെ അന്ത്യം നിലമ്പൂരില്‍ നിന്നും ആരംഭിക്കുമെന്ന പി വി അന്‍വറിന്റെ പ്രസ്താവനയ്ക്കേല്‍ക്കുന്ന വന്‍തിരിച്ചടിയായിരിക്കും അത്. അന്‍വര്‍ നിര്‍ദേശിച്ച സ്ഥാനാര്‍ത്ഥിയല്ല കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഷൗക്കത്ത്. ഇതോടെ ഇടഞ്ഞ അന്‍വര്‍ സ്ഥാനാര്‍ത്ഥിയാവുമെന്നും ഷൗകത്തിന്റെ പരാജയത്തിനായി തന്റെ ആവനാഴിയിലെ എല്ലാ ആയുധവും പുറത്തെടുക്കാനും ശ്രമിച്ചാല്‍ നിലമ്പൂരില്‍ എന്തും സംഭവിക്കും.
നിലമ്പൂരില്‍ ഏതുവിധേനയും വിജയിക്കേണ്ടത് സി പി എമ്മിനും അനിവാര്യമാണ്. അന്‍വറുടെ വ്യക്തിബന്ധത്തിന്റെ വിജയമായിരുന്നില്ല 2016 ലും 2021 ലും ഉണ്ടായതെന്ന സി പി എം വാദം ശരിയാണെന്ന് ബോധ്യപ്പെടുത്തുകയാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്.
പി വി അന്‍വര്‍ രാഷ്ട്രീയ വഞ്ചനകാണിച്ചുവെന്നാണ് സി പി എം നിലമ്പൂരില്‍ നടത്താനിരിക്കുന്ന പ്രധാന പ്രചരണായുധം. ഏത് വിധേനയും വിജയിക്കുകയെന്ന ലക്ഷ്യവുമായി നീങ്ങുന്ന സിപിഐഎമ്മിന് സഹായകമാവുകയാണ് അന്‍വറിന്റെ നിലപാട്. അന്‍വര്‍ യുഡിഎഫുമായി അകന്നു നില്‍ക്കുന്നതും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തിയതും എല്‍ ഡി എഫിന് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് സിപിഐഎം നേതൃത്വം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് ഏതാണ്ട് 24 മണിക്കൂര്‍ പിന്നിടുമ്പോഴും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്താന്‍ ഇതുവരെ സിപിഐഎമ്മന് കഴിഞ്ഞിട്ടില്ല. പാര്‍ട്ടി ചിഹ്നത്തില്‍ ഒരു സ്ഥാനാര്‍ത്ഥിവരുമോ, അതോ വീണ്ടും സ്വതന്ത്രനെ രംഗത്തിറക്കുമോ എന്ന് എല്‍ ഡി എഫില്‍ തീരുമാനമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. അന്‍വര്‍ മത്സരരംഗത്തുണ്ടെങ്കില്‍ അതിന് അനുസരിച്ചുള്ള സ്ഥാനാര്‍ത്ഥിയെ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് സി പി എം നേതൃത്വം.
1965 ല്‍ നിലവില്‍ വന്ന നിലമ്പൂര്‍ മണ്ഡലത്തില്‍ നിന്ന് കന്നി ജയം സിപിഎമ്മിന് ഒപ്പമായിരുന്നു. ഏറനാട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് തുടക്കമിടുകയും നിലമ്പൂരില്‍ പാര്‍ട്ടിയെ വളര്‍ത്തുകയും ചെയ്ത സഖാവ് കുഞ്ഞാലി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കെ. കുഞ്ഞാലിയാണ് ആദ്യമായി മണ്ഡലത്തില്‍ വിജയിച്ചത്. ആര്യാടന്‍ മുഹമ്മദിനെയായിരുന്നു കുഞ്ഞാലി കന്നിയങ്കത്തില്‍ പരാജയപ്പെടുത്തിയത്.
1967 ല്‍ നടന്ന രണ്ടാം അങ്കത്തില്‍ കുഞ്ഞാലി സീറ്റ് നിലനിര്‍ത്തി. എന്നാല്‍, 1970 ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആദ്യമായി നിലമ്പൂരില്‍ വിജയിച്ചു, എം പി ഗംഗാധരനായിരുന്നു ജയം. 1977 ലാണ് ആദ്യമായി കോണ്‍ഗ്രസ് ടിക്കറ്റില്‍ ആര്യാടന്‍ മുഹമ്മദ് വിജയിക്കുന്നത്. സിപിഎം സ്ഥാനാര്‍ഥി സെയ്താലിക്കുട്ടിയെ പരാജയപ്പെടുത്തിയായിരുന്നു ആര്യാടന്‍ മണ്ഡലം പിടിച്ചത്. കോണ്‍ഗ്രസ് വിമതനായി എത്തിയ ടി കെ ഹംസ 1982 ല്‍ ഇതേ ആര്യാടനെ പരാജയപ്പെടുത്തി. എന്നാല്‍ 1987 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ആര്യാടന്‍ മുഹമ്മദ് സീറ്റ് തിരിച്ചുപിടിച്ചു.
യു ഡി എഫിലെ രണ്ടാം കക്ഷിയായ മുസ്ലിംലീഗിനെ നിരന്തരമായി വിമര്‍ശിച്ചായിരുന്നു ആര്യാടന്‍ വിജയം ആവര്‍ത്തിച്ചിരുന്നത്. 2016 വരെ ആര്യാടനായിരുന്നു നിലമ്പൂരിന്റെ എം എല്‍ എ. എന്നാല്‍ കോണ്‍ഗ്രസിന്റെ കണക്കുകൂട്ടലുകളെല്ലാം തകര്‍ത്താണ് ആര്യാടന്റെ നിലമ്പൂര്‍ കോട്ട പി വി അന്‍വര്‍ എന്ന ഇടത് സ്വതന്ത്രന്‍ തകര്‍ത്തത്. ആര്യാടന്‍ ഷൗക്കത്തായിരുന്നു എതിരാളി. അന്ന് അപ്രതീക്ഷിതമായി കിട്ടിയ തിരിച്ചടി ഷൗക്കത്തിന് പാഠമായിരുന്നു. നിലമ്പൂര്‍ സീറ്റില്‍ ആര്യാടന്‍ ഉണ്ടാക്കിയ വിജയഫോര്‍മുല തുടരാന്‍ മകന്‍ ഷൗക്കത്തിന് കഴിഞ്ഞില്ല. ഇത് ഷൗക്കത്തിന്റെ രാഷ്ട്രീയ ജീവിതത്തില്‍ വലിയ തിരിച്ചടിയായിരുന്നു.
2021 ല്‍ അന്നത്തെ ഡി സി സി അധ്യക്ഷനായിരുന്ന വി വി പ്രകാശിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ കടുത്ത പ്രതിഷേധമുയര്‍ത്തിയെങ്കിലും ആര്യാടന്‍ ഷൗക്കത്തിനെ നേതൃത്വം മാറ്റി നിര്‍ത്തി. ഇപ്പോഴിതാ വീണ്ടും കോണ്‍ഗ്രസ് നിലമ്പൂര്‍ പിടിച്ചെടുക്കാനുള്ള ദൗത്യം ഷൗക്കത്തിനെ ചുമതലപ്പെടുത്തിയിരിക്കയാണ്.
നിലമ്പൂരില്‍ ഷൗക്കത്തിനെ യുഡിഎഫ് വീണ്ടും സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുമ്പോള്‍ ആകെയുണ്ടായിരുന്ന ധൈര്യം പി വി അന്‍വര്‍ എന്ന എതിരാളിയുണ്ടാവില്ലെന്നായിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥിയാവുമെന്ന വാര്‍ത്തകള്‍ക്കുപിന്നാലെ പി വി അന്‍വര്‍ അഭിപ്രായങ്ങള്‍ മാറ്റി. ഇതോടെ ആര്യാടന്‍ ഷൗക്കത്ത് കടുത്ത പ്രതിരോധത്തിലായി. പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ എതിര്‍പ്പുകള്‍ തുടരുന്നതും അന്‍വര്‍ മത്സിരിച്ചേക്കുമെന്ന ഭീഷണിയും ഷൗക്കത്തിനുമുന്നില്‍ വലിയ ഭീഷണിയായി നിലനില്‍ക്കയാണ്. എന്നാല്‍ എല്ലാ പ്രതിസന്ധികളും അതിജീവിച്ച് വിജയിക്കാന്‍ കഴിയുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥി.
കന്നിയങ്കത്തില്‍ നേരിട്ട തിരിച്ചടിയാണ് ഷൗക്കത്തിന്റെ മുന്നിലുള്ള പാഠം. ഒന്നാം അങ്കത്തില്‍ 11504 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എതിരാളി വിജയിച്ചുകയറിയത്. എന്നാല്‍ കഴിഞ്ഞ തവണ യു ഡി എഫിന്റെ തോല്‍വി വളരെ കുറഞ്ഞ വോട്ടുകള്‍ക്കായിരുന്നു. ഒന്‍പത് വര്‍ഷത്തെ ഇടവേളയിലാണ് ഷൗക്കത്ത് വീണ്ടും വോട്ടുതേടി ജനങ്ങള്‍ക്ക് മുന്‍പില്‍ എത്തുന്നത്. നേരത്തെ നിലമ്പൂര്‍ നഗരസഭയില്‍ വിജയിക്കുകയും ചെയര്‍മാനാവുകയും ചെയ്ത ചരിത്രം ഷൗക്കത്തിനുണ്ടെങ്കിലും നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഒരു അഗ്‌നി പരീക്ഷണമാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി ആര്യാടന്‍ ഷൗക്കത്ത് എത്തുന്നത് ഇത് രണ്ടാം തവണയാണ്. അതിനാല്‍ കുറച്ചുകൂടി ശ്രദ്ധയോടെയാണ് അന്‍വറിന്റെ നീക്കം.
യു ഡി എഫില്‍ പ്രവേശനം ലഭിച്ചില്ലെങ്കില്‍ സ്ഥാനാര്‍ത്ഥിയാവുമെന്ന അന്‍വറിന്റെ പ്രഖ്യാപനത്തില്‍ എന്താവും അന്തിമ തീരുമാനം എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. പി വി അന്‍വറെ മെരുക്കാന്‍ മുസ്സിംലീഗ് നേതാവ് രംഗത്തിറങ്ങിയത് ഷൗക്കത്തിന് ആശ്വാസകരമാണ്. മത്സരിക്കുമോ എന്ന് രണ്ടുദിവസം കൊണ്ട് പറയാമെന്ന അന്‍വറിന്റെ പ്രതികരണം യു ഡി എഫില്‍ കയറിക്കൂടാനുള്ള ഏറ്റവും ഒടുവിലത്തെ ശ്രമത്തിന്റെ ഭാഗമാണ്. ഈ അവസരത്തില്‍ നടന്നില്ലെങ്കില്‍ പിന്നീട് യു ഡി എഫിന്റെ ഭാഗമാവാന്‍ ഒരിക്കലും കഴിയില്ലെന്ന് പി വി അന്‍വറിന് വ്യക്തമാണ്.
Story Highlights : pv anvar nilambur byelection political analysis
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here