അന്‍വര്‍ എല്‍ഡിഎഫില്‍ കോളിളക്കമുണ്ടാക്കിയിട്ടില്ല, അത് അടഞ്ഞ അധ്യായമാണ്, എല്‍ഡിഎഫിന് ഉത്കണ്ഠയില്ല: ടി പി രാമകൃഷ്ണന്‍

പി വി അന്‍വര്‍ നിലമ്പൂരില്‍ ഏത് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചാലും എല്‍ഡിഎഫിന് അതില്‍ ഉത്കണ്ഠയില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. പി വി അന്‍വര്‍ അടഞ്ഞ അധ്യായമാണെന്ന് അദ്ദേഹം പറഞ്ഞു. അന്‍വര്‍ എല്‍ഡിഎഫില്‍ കോളിളക്കം സൃഷ്ടിച്ചിട്ടില്ല. അന്‍വറിന്റെ നിലപാട് യുഡിഎഫിന് അനുകൂലമായിരിക്കും. തങ്ങളെ അത് ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി തലത്തിലും മുന്നണി തലത്തിലും ചര്‍ച്ചകള്‍ നടത്തിയ ശേഷം എത്രയും വേഗം തന്നെ നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ( tp ramakrishnan on udf discussions with pv anvar )
യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ആര്യാടന്‍ ഷൗക്കത്തിനെ തീരുമാനിച്ചത് കൊണ്ട് എന്തെങ്കിലും പ്രത്യേക നില യുഡിഎഫിന് ഉണ്ടാകുമെന്ന് ഞങ്ങള്‍ കണക്കാക്കുന്നില്ലെന്ന് ടി പി രാമകൃഷ്ണന്‍ പറഞ്ഞു. നാടിന്റെ പ്രശ്‌നങ്ങള്‍ മണ്ഡലത്തില്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കും. ഏത് സമയത്തും സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ കഴിയും. പാര്‍ട്ടി സംഘടന തലത്തിലും മുന്നണിയുമായി കൂടിയാലോചിക്കേണ്ട വിഷയങ്ങളുണ്ട്. കേരളത്തില്‍ മാറി വന്ന രാഷ്ട്രീയ സാഹചര്യം എല്‍ഡിഎഫിന് അനുകൂലമാണ്. ഓരോ സന്ദര്‍ഭത്തിലും ഉള്ള രാഷ്ട്രീയ അന്തരീക്ഷത്തിന്റെ പ്രത്യേകത വെച്ചാണ് തെരഞ്ഞെടുപ്പിന്റെ ഫലം രൂപപ്പെടുന്നത്. ഈ തെരഞ്ഞെടുപ്പിലും അത് ബാധകമാണെന്നും അദ്ദേഹം വിശദമാക്കി.
പി വി അന്‍വറിന്റെ രാജി തന്നെ യുഡിഎഫുമായി ആലോചിച്ചുകൊണ്ടായിരുന്നുവെന്നും അന്‍വര്‍ എടുക്കുന്ന തീരുമാനങ്ങളെല്ലാം യുഡിഎഫിന് അനുകൂലമായിരിക്കുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു. അന്‍വര്‍ എന്ന അടഞ്ഞ അധ്യായം വീണ്ടും തുറന്നുനോക്കാന്‍ എല്‍ഡിഎഫിന് താത്പര്യമില്ല. ഇപ്പോള്‍ നടക്കുന്ന ഒന്നിലും എല്‍ഡിഎഫിന് യാതൊരു ഉത്കണ്ഠയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Story Highlights : tp ramakrishnan on udf discussions with pv anvar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here