‘ബീന ജോസഫിനെ സമീപിച്ചത് അഭിഭാഷകയെന്ന നിലയിൽ; രാഷ്ട്രീയ ചർച്ചകൾ നടന്നിട്ടില്ല’; എംടി രമേശ്

മലപ്പുറം ഡിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ബീന ജോസഫിനെ സമീപിച്ചത് അഭിഭാഷകയെന്ന നിലയിലെന്ന് എംടി രമേശ്. സുഹൃത്തിന്റെ കേസുമായി ബന്ധപ്പെട്ട് സംസാരിക്കാനാണ് ബീന ജോസഫിനെ സമീപിച്ചത്. സൗഹൃദ സന്ദർശനമാണ് നടന്നതെന്ന് എംടി രമേശ് ട്വന്റിഫോറിനോട് പറഞ്ഞു. രാഷ്ട്രീയ പ്രസക്തിയുള്ള കൂടിക്കാഴ്ചയല്ല നടന്നതെന്ന് അദേഹം വ്യക്തമാക്കി.
യുഡിഎഫിനകത്തെ ചർച്ചകൾ അറിയില്ല. സ്ഥാനാർത്ഥിയാകാൻ പല ആളുകളുടെ പേരുകൾ വന്നിട്ടുണ്ടാകും. ബീന ജോസഫുമായി നടത്തിയ ചർച്ചയിൽ ഇത് ചർച്ച ചെയ്യപ്പെട്ടിട്ടില്ല. ബീന ജോസഫ് താത്പര്യം പ്രകടിപ്പിച്ചാൽ അത് ബിജെപി ചർച്ച ചെയ്യും. അതിൽ ബിജെപിക്ക് വിമുഖതയില്ലെന്ന് എംടി രമേശ് വ്യക്തമാക്കി.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ആരാകണമെന്നത് സംബന്ധിച്ച് ബിജെപി തീരുമാനം എടുത്തിട്ടില്ലെന്ന് എംടി രമേശ് പറഞ്ഞു. ഈ തിരഞ്ഞെടുപ്പ് അടിച്ചേൽപ്പിക്കപ്പെട്ടിട്ടുള്ള തിരഞ്ഞെടുപ്പാണ്. ഒരു രാഷ്ട്രീയ പ്രസക്തിയും ഇല്ലാത്ത തിരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നതെന്ന് അദേഹം പറഞ്ഞു.
ബിജെപിയാണോ മത്സരിക്കേണ്ടതെന്ന് തീരുമാനിക്കേണ്ടതുണ്ട്. ബിജെപിയാണ് മത്സരിക്കേണ്ടതെങ്കിൽ പാർട്ടി സ്ഥാർഥി വേണോ സ്വതന്ത്ര സ്ഥാനാർത്ഥിയാണോ എന്ന് ആലോചിക്കേണ്ടതുണ്ടെന്ന് എംടി രമേശ് പറഞ്ഞു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തന്നോട് ബിജെപി ചർച്ച നടത്തിയെന്ന ബീന ജോസഫിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് എംടി രമേശ് പ്രതികരിച്ചത്. ബിജെപിയുമായി തുടർചർച്ചകൾ ഉണ്ടാകുമോ എന്ന ചോദ്യത്തിന് താനായി തുടർ ചർച്ചകൾ അങ്ങോട്ട് നടത്തില്ലെന്നും ചർച്ചകൾക്കായി അവർ വന്നാൽ കേൾക്കുമെന്നും ബീന പറഞ്ഞു. നിലമ്പൂരിൽ താൻ ആര്യാടൻ ഷൗക്കത്തിനായി പ്രവർത്തിക്കുമെന്നും കോൺഗ്രസുകാരിയായി തുടരാനാണ് ആഗ്രഹമെന്നും ബീന ജോസഫ് വ്യക്തമാക്കി.
ബീനയെ ബിജെപി സ്വതന്ത്ര സ്ഥാനാർത്ഥിയാക്കി മത്സരിപ്പിച്ചേക്കുമെന്നായിരുന്നു മുൻപ് പുറത്തുവന്ന അഭ്യൂഹം. നിലമ്പൂരിൽ ബിജെപി സ്ഥാനാർത്ഥിയെ നിർത്തില്ലെന്ന് വ്യക്തമായിട്ടുണ്ട്. നിലമ്പൂരിൽ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാൻ ബിജെപി ബിഡിജെഎസിന് മേലും സമ്മർദം ചെലുത്തുന്നതായി റിപ്പോർട്ടുകളുണ്ട്.
Story Highlights : BJP Leader MT Ramesh responds on Beena Joseph Disclosure
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here