‘MLA സ്ഥാനം വലിച്ചെറിഞ്ഞു വന്നവനാണ് ഞാൻ; ഇനി പ്രതീക്ഷ കെ സി വേണുഗോപാലിൽ’; പിവി അൻവർ

യുഡിഎഫ് നേതൃത്വത്തിനെതിരെ പിവി അൻവർ. കാല് പിടിക്കുമ്പോൾ മുഖത്ത് ചവിട്ടുകയാണ് യുഡിഎഫ് ചെയ്യുന്നതെന്നും ഇനി ആരുടെയും കാല് പിടിക്കാനില്ലെന്നും പിവി അൻവർ പറഞ്ഞു. ജനങ്ങൾക്ക് വേണ്ടിയാണ് താൻ സംസാരിച്ചത്. ഇതെല്ലാം അധികപ്രസംഗം ആണെങ്കിൽ അത് പറയേണ്ടിവരുമെന്ന് വാർത്താസമ്മേളനത്തിൽ പിവി അൻവർ പറഞ്ഞു.
തനിക്കൊരു അധികാരവും വേണ്ടെന്നും കത്രിക പൂട്ടാണ് ലക്ഷ്യമെന്നും പിവി അൻവർ പറഞ്ഞു. താൻ ഭൂമിയിൽ ഇരിക്കാനാണ് ആഗ്രഹിക്കുന്നത്. ഉയർന്ന പീഠത്തിലിരിക്കാൻ ആഗ്രഹമില്ലെന്ന് അദേഹം പറഞ്ഞു. ഇനി താൻ എന്ത് ചെയ്യണം എന്ന് കേരളത്തിലെ ജനങ്ങൾ പറയട്ടെ. കെ സി വേണുഗോപാലിലാണ് ഇനി പ്രതീക്ഷ. ഈ വിഷയങ്ങൾ കെസി വേണുഗോപാലിനോട് തനിക്ക് പറയാനുണ്ട്. തന്റെ ദുഃഖം പറയാനുണ്ടെന്ന് പിവി അൻവർ പറഞ്ഞു.
ഗൂഡല്ലൂരിൽ തൃണമൂൽ കോൺഗ്രസും കോൺഗ്രസും ഒരുമിച്ചാണ് നിൽക്കുന്നത്. പിന്നെ ഒരുമിച്ച് പോകാൻ കഴിയില്ല എന്നുള്ളത് എന്തു ന്യായമാണ്. കുന്ദമംഗലത്തെ പ്രവാസി സംഘടന വരെ യുഡിഎഫിന്റെ ഘടകകക്ഷിയാണ്. അത് ആർക്കെങ്കിലും അറിയുമോയെന്ന് അൻവർ ചോദിച്ചു. തിരഞ്ഞെടുപ്പിൽ മത്സരിക്കുകയാണെങ്കിൽ പിന്തുണയെന്ന് തൃണമൂൽ കോൺഗ്രസ് ദേശീയ നേതൃത്വം അറിയിച്ചു.നിലമ്പൂരിൽ തൃണമൂൽ കോൺഗ്രസ് മത്സരിച്ചാൽ പ്രചാരണത്തിന് മമതാ ബാനർജി എത്തും. പത്ത് മന്ത്രിമാരെ വിട്ടു തരാം എന്ന് അറിയിച്ചു. അങ്ങനെയൊക്കെയാണെങ്കിലും ഒരു ലക്ഷ്യത്തിന്റെ പുറകെ ആയതുകൊണ്ടാണ് നിൽക്കുന്നതെന്ന് അൻവർ വ്യക്തമാക്കി.
Read Also: ‘നിലമ്പൂർ സീറ്റ് LDF നിലനിർത്തും; യുഡിഎഫിൽ വലിയ സംഘർഷം’; എംവി ഗോവിന്ദൻ
തന്നെ യുഡിഎഫ് ദയാവധത്തിന് വിട്ടിരിക്കുകയാണെന്ന് അൻവർ പറഞ്ഞു. കെ സുധാകരൻ ഇവിടെ വന്നു കണ്ടു. രമേശ് ചെന്നിത്തല നിരന്തരം സംസാരിക്കുന്നുണ്ട്. താൻ ഇതൊന്നും ഇതുവരെ പറഞ്ഞിട്ടില്ലെന്ന് അദേഹം പറഞ്ഞു. കെസി വേണുഗോപാലിനെ കണ്ട് ഇതിനുള്ള ഒരു പരിഹാരം കാണാൻ ശ്രമിക്കും. പ്രതിപക്ഷനേതാവുമായുള്ള രാഷ്ട്രീയബന്ധം കുറവ്. യുഡിഎഫ് സതീശിനെയാണ് തന്നോട് സംസാരിക്കാൻ ചുമതലപ്പെടുത്തിയത്. സംസാരിക്കുകയും ചെയ്തിട്ടുണ്ടെന്ന് അൻവർ പറഞ്ഞു.
വി ഡി സതീശനെ ഒന്ന് രണ്ട് പേർ കുഴിയിൽ ചാടിക്കുന്നുണ്ട്. അദേഹം പൂർണ്ണമായും തെറ്റുകാരനാണെന്ന് പറയില്ല. കെസി വേണുഗോപാലുമായി സംസാരിച്ചിട്ടും സമവായമില്ലെങ്കിൽ തൃണമൂൽ കോൺഗ്രസിന്റെ സ്ഥാനാർഥി ഉണ്ടാകും. അഡ്ജസ്റ്റ്മെൻറ് രാഷ്ട്രീയത്തിന് താനില്ലെന്നും മത്സരിക്കുന്ന കാര്യത്തിൽ രണ്ടുദിവസത്തിനുശേഷം തീരുമാനം പറയാമെന്ന് അൻവർ അറിയിച്ചു.
Story Highlights : PV Anvar against UDF leadership
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here