Advertisement

പി വി അന്‍വറിന്റെ തൃണമൂല്‍ സ്വപ്നം ഒടുവില്‍ ചാപിള്ളയാകുമോ

May 28, 2025
2 minutes Read
anvar

പിവി അന്‍വര്‍ എന്ന രാഷ്ട്രീയ നേതാവ് കേരളത്തിന് പരിചിതനായിരുന്നില്ല. ദേശീയ പോരാട്ടങ്ങളില്‍ കോണ്‍ഗ്രസിന് കരുത്തുപകര്‍ന്നൊരു കുടുംബത്തില്‍ അംഗമായിരുന്നു അന്‍വറെന്നും അദ്ദേഹം പഠനകാലത്ത് കെഎസ്‌യു സംഘടനാപ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നു എന്നതും ഒഴിച്ചു നിര്‍ത്തിയാല്‍ മലപ്പുറത്തെ കോണ്‍ഗ്രസുകാര്‍ക്കുപോലും പിവി അന്‍വറിനെ അത്രപരിചയമില്ലായിരുന്നു. പഠനകാലം മുതല്‍ കെ കരുണാകരന്റെ അടുത്ത അനുയായി ആയിരുന്നു അന്‍വര്‍. കെ മുരളീധരന്‍ കോഴിക്കോട് എംപിയായിരുന്ന കാലത്ത് അടുപ്പക്കാരനുമായിരുന്നു. പരമ്പരാഗതമായി കോണ്‍ഗ്രസ് കുടുംബം എന്നതിനപ്പുറം അന്‍വറിന് രാഷ്ട്രീയത്തെക്കാള്‍ താത്പര്യം വ്യവസായത്തോടായിരുന്നു. റിയല്‍ എസ്റ്റേറ്റ് രംഗത്തും മറ്റും സജീവമായിരുന്നു അന്‍വര്‍. ഇതിനിടയിലാണ് കെ കരുണാകരനും മുരളീധരനും ചേര്‍ന്ന് ഡിഐസി രൂപീകരിക്കുന്നത്. ഇതോടെ അന്‍വര്‍ ഡിഐസിയില്‍ അംഗമായി. രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്കുള്ള ചുവടുവെപ്പ് അങ്ങനെയായിരുന്നു. 2011ല്‍ നടന്ന അസംബ്ലി തിരഞ്ഞെടുപ്പില്‍ പിവി അന്‍വര്‍ ഏറനാട് മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി. ഇത് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള അന്‍വറിന്റെ ആദ്യ കാല്‍വെപ്പായിരുന്നു. മുഖ്യഎതിരാളിയായ മുസ്ലിം ലീഗിലെ പി കെ ബഷീറിനെതിരെ കടുത്ത പ്രതിരോധം തീര്‍ത്ത അന്‍വര്‍ രണ്ടാം സ്ഥാനത്തെത്തി. അന്ന് സിപിഐഎം സ്ഥാനാര്‍ഥിയായിരുന്ന അഷ്‌റഫ് കാളിയത്ത് നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

2016ല്‍ അന്‍വര്‍ തന്റെ തട്ടകം മാറ്റി. നിലമ്പൂരില്‍ സിറ്റിംഗ് എംഎല്‍എയായിരുന്ന ആര്യാടന്‍ മുഹമ്മദ് മാറി പകരം ആര്യാടന്‍ ഷൗക്കത്ത് മത്സരിക്കാനെത്തിയതോടെ അന്‍വന്‍ എതിരാളിയായി. നിലമ്പൂരില്‍ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതിന് പകരം ഇടതുപക്ഷം അന്‍വറിനെ പിന്തുണയ്ക്കാന്‍ തീരുമാനിക്കുന്നു. സിനിമാ നിര്‍മാതാവായിരുന്ന ഷൗക്കത്ത് നേരത്തെ നിലമ്പൂര്‍ നഗരസഭാ ചെയര്‍മാനായിരുന്നു. ഇക്കാലത്ത് ഷൗക്കത്തിനെതിരെ ചില ആരോപണങ്ങള്‍ എതിരാളികള്‍ ഉയര്‍ത്തിയിരുന്നു. കെപിസിസി കലാവിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന ഷൗക്കത്ത് കേവലം ആര്യാടന്റെ ഒഴിവില്‍ മകന്‍ എന്ന നിലയില്‍ മത്സരിക്കാന്‍ എത്തിയതായിരുന്നില്ല. മണ്ഡലത്തില്‍ സജീവമായിരുന്ന നേതാവായിരുന്നിട്ടും അന്‍വര്‍ ആര്യാടന്‍മാരുടെ കുടുംബാധിപത്യത്തിനെതിരെ നടത്തിയ പ്രചാരണം ഫലം കണ്ടു. ആദിവാസി പിന്നോക്ക മേഖലകള്‍ ഏറെയുള്ള മണ്ഡലംകൂടിയായിരുന്നു നിലമ്പൂര്‍. ഈ മേഖലകളില്‍ ഉണ്ടായിരുന്ന യുഡിഎഫ് വോട്ടുകളായിരുന്നു അന്‍വര്‍ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. അന്‍വര്‍ വളരെ വ്യക്തതയോടെ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തി. അമിതമായ വിജയപ്രതീക്ഷകള്‍ വച്ചുപുലര്‍ത്തിയ കോണ്‍ഗ്രസ് നേതൃത്വത്തിനേറ്റ വന്‍ തിരിച്ചടിയായിരുന്നു നിലമ്പൂരിലെ തോല്‍വി. അന്‍വറിന്റെ വിജയത്തോടെ നിലമ്പൂരിലെ കോണ്‍ഗ്രസ് കുത്തക അവസാനിച്ചുവെന്നായിരുന്നു എതിരാളികള്‍ പ്രചരിപ്പിച്ചത്. അതുശരിവെക്കുന്നതായിരുന്നു 2021ലെ തിരഞ്ഞെടുപ്പുഫലം. ഡിസിസി അധ്യക്ഷനായിരുന്ന വിവി പ്രകാശിനെയായിരുന്നു അന്‍വറിനെ പിടിച്ചുകെട്ടാനായി കോണ്‍ഗ്രസ് രംഗത്തിറക്കിയത്. എല്ലാവിഭാഗം ജനങ്ങളുമായും അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്ന നേതാവായിരുന്നു വിവി പ്രകാശ്. കടുത്ത മത്സരം അരങ്ങേറിയെങ്കിലും 2700 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ അന്‍വര്‍ വിജയിച്ചുകയറി.

Read Also: അന്‍വറുമായി തത്കാലം ചര്‍ച്ചയില്ല; കൂടിക്കാഴ്ച നടത്താതെ കെ സി വേണുഗോപാല്‍ മടങ്ങി

കക്കാടംപൊയില്‍ അമ്യൂസ്മെന്റ് പാര്‍ക്കുമായി ബന്ധപ്പെട്ട വിവാദം അന്‍വറിനെ വിവാദനായകനാക്കി. നിരവധി ആരോപണങ്ങള്‍ പിന്നീട് അന്‍വറിനെതിരെ ഉയര്‍ന്നു. അപ്പോഴെല്ലാം സിപിഐഎം, വിശിഷ്യാ മുഖ്യമന്ത്രി പിണറായി വിജയന്‍ അന്‍വറിന്റെ രക്ഷകനായെത്തി.

മലപ്പുറം ജില്ലാ പൊലീസ് സുപ്രണ്ടിന്റെ ക്യാമ്പ് ഓഫീസ് പരിസരത്തുനിന്നും മരങ്ങള്‍ വെട്ടിമാറ്റിയ സംഭവത്തില്‍ സമരം പ്രഖ്യാപിച്ചതോടെ സിപിഐഎം നേതൃത്വം അന്‍വറുമായി അകന്നു. വന്‍വിവാദങ്ങള്‍ക്കുള്ള തയ്യാറെടുപ്പായിരുന്നു മലപ്പുറം എസ്പി ഓഫീസിനു മുന്നില്‍ അന്‍വര്‍ നടത്തിയ ഒറ്റയാള്‍ സമരം.

ഇടത് സഹയാത്രികനായ പിവി അന്‍വര്‍ പാര്‍ട്ടിയേയും മുഖ്യമന്ത്രിയേയും വെല്ലുവിളിച്ച് പാളയത്തില്‍ നിന്നും ഇറങ്ങിപ്പോയത് സിപിഐഎമ്മിന് രാഷ്ട്രീയമായി വന്‍തിരിച്ചടി ഏറ്റുവാങ്ങേണ്ടിവന്ന സംഭവമായിരുന്നു. പലപ്പോഴും അവ്യക്തതയാണ് പിവി അന്‍വറിന്റെ നിലപാടുകളില്‍ തെളിഞ്ഞത്. കോണ്‍ഗ്രസുമായി സഹകരിച്ചുപോകാന്‍ നീക്കങ്ങള്‍ നടത്തി, യുഡിഎഫില്‍ ഘടകകക്ഷിയാവാനുള്ള വഴികള്‍ അന്വേഷിച്ചു. ഒടുവില്‍ കോണ്‍ഗ്രസുമായി ദേശീയതലത്തില്‍ അത്ര സുഖത്തിലല്ലാത്ത ഒരു തൃണമൂല്‍ കോണ്‍ഗ്രസില്‍ അഭയം പ്രാപിച്ചു. ഇതോടെ യുഡിഎഫിലെത്തുക എളുപ്പമല്ലാതായി. മമതാ ബാനര്‍ജിയുമായി പോരാടുന്ന കോണ്‍ഗ്രസിന് അന്‍വറിനെ തള്ളാനും കൊള്ളാനും പറ്റാതായി.

മുന്നണി പ്രവേശനത്തിനായി അന്‍വര്‍ കണ്ടെത്തിയ മാര്‍ഗമെല്ലാം അപ്രായോഗികമായി, നിലവില്‍ ഉണ്ടായിരുന്ന സ്വീകാര്യതയ്ക്കുപോലും മങ്ങലേല്‍ക്കുന്ന നിലയിലേക്കാണ് അന്‍വറിന്റെ രാഷ്ട്രീയം മുന്നോട്ടുപോകുന്നത്. നിലമ്പൂരില്‍ നിരുപാധിക പിന്തുണ നല്‍കി, പിന്നീട് മുന്നണിയില്‍ കയറിക്കൂടാനുള്ള സാധ്യത ആരായുന്നതിന് പകരം ബ്ലാക്‌മെയില്‍ രാഷ്ട്രീയമായിരുന്നു അന്‍വര്‍ സ്വീകരിച്ചത്. സിപിഐഎമ്മിനെ തകര്‍ക്കുകയാണ് തന്റെ ലക്ഷ്യമെന്നും പ്രഖ്യാപിച്ച് പോരാട്ടത്തിനിറങ്ങിയ അന്‍വറിപ്പോള്‍ യുഡിഎഫില്‍ കയറിക്കൂടുകയാണ് ലക്ഷ്യമെന്ന് പ്രഖ്യാപിക്കുന്നു. ഇല്ലെങ്കില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തുമെന്ന് വ്യക്തമാക്കുന്നു. അത് ഭീഷണിയുടെ സ്വരമാണ്. യുഡിഎഫ് സ്ഥാനാര്‍ഥി തന്റെ പഴയ എതിരാളിയാണ് എന്നതാണ് അന്‍വറിന്റെ പ്രധാന ന്യായവാദം. രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുവും മിത്രവുമില്ലെന്ന ആപ്തവാക്യം അന്‍വറിന് ഒരുപക്ഷേ, അജ്ഞാതമാകാം. എന്നാല്‍ രാഷ്ട്രീയ വിജയത്തിന് അന്‍വര്‍ തിരഞ്ഞെടുത്ത വഴി തെറ്റിയിരിക്കുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തോറ്റാല്‍ അത് അന്‍വറിന്റെ രാഷ്ട്രീയത്തിന് ഏല്‍ക്കുന്ന തിരിച്ചടിയാകും. ഇനി നിലമ്പൂരില്‍ അന്‍വര്‍ മത്സരിച്ച് പരാജയപ്പെട്ടാലും സ്ഥിതി അതുതവന്നെ.

അന്‍വര്‍ അമിതാവേശം കാണിച്ച് സ്വയം എരിഞ്ഞടങ്ങുമോ എന്നാണ് ഇനി കാണേണ്ടത്. കോണ്‍ഗ്രസിന്റെ ദേശീയ നേതാവായ കെസി വേണുഗോപാലിലാണ് ഇനിയുള്ള പ്രതീക്ഷ. കെ സുധാകരന്‍ അന്‍വറിനെ ന്യായീകരിച്ച് രംഗത്തെത്തിയതോടെ ചെറിയ പ്രതീക്ഷയിലാണ് അന്‍വര്‍. മുന്നണി പ്രവേശനമല്ലാതെ മറ്റൊരു അജണ്ടയിലും നിലമ്പൂരിന്റെ മുന്‍ എംഎല്‍എ കൊത്തില്ലെന്ന് വ്യക്തം. അന്‍വര്‍ തന്നെ ഉണ്ടാക്കിയ ഒരു ഉപതിരഞ്ഞെടുപ്പില്‍ അന്‍വര്‍ നായകനും പ്രതിനായകനുമായി മാറിയിരിക്കുകയാണ്.

Story Highlights : What is the political future of PV Anvar?

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top