ആപ്പിളിന് താത്പര്യം മെയ്ഡ് ഇൻ ഇന്ത്യയോട്; രാജ്യത്ത് ഐഫോണുകളുടെ ഉത്പാദനം വർധിപ്പിച്ച് കമ്പനി

ഐഫോൺ നിർമാണത്തിൽ ഇന്ത്യയിൽ വൻവർധനവ്. ഏപ്രിലിൽ കമ്പനി രാജ്യത്ത് നിന്ന് കൊണ്ടുപോയത് 29 ലക്ഷം ഐഫോണുകളാണ്. കഴിഞ്ഞ മാസം കയറ്റുമതി ചെയ്ത ഫോണുകളെ അപേക്ഷിച്ച് 76 ശതമാനം വർധനവ് ആണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. അതേസമയം ചൈനയിൽ നിന്ന് 9 ലക്ഷം ഫോണുകൾ മാത്രമാണ് കമ്പനി നിർമ്മിച്ചത്. ഉത്പാദനം കുറയ്ക്കുകയും ,കയറ്റുമതി ചെയ്യുന്ന ഫോണുകളുടെ എണ്ണത്തിൽ ഇടിവ് സംഭവിക്കുകയും ചെയ്തത് ചൈനയ്ക്ക് വൻ തിരിച്ചടിയായി മാറിയിരിക്കുകയാണ്.
Read Also: ഓപ്പറേഷൻ സിന്ദൂറിനുശേഷം, ഇന്ത്യ രണ്ടായിരത്തിലധികം അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ മടക്കി അയച്ചു
2017ലാണ് ഇന്ത്യയിൽ ആദ്യമായി ആപ്പിൾ പ്രവർത്തനം ആരംഭിക്കുന്നത്. തുടക്കത്തിൽ വളരെ കുറച്ച് വേരിയന്റുകളുമായി ഉത്പാദനം ആരംഭിച്ച കമ്പനി ഇപ്പോൾ മികച്ച മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അമേരിക്കയിലേക്ക് കയറ്റുമതി ചെയുന്ന ഐഫോണുകളുടെ മുഴുവൻ നിർമാണവും ഇന്ത്യയിൽ തന്നെ ചെയ്യാനാകുമെന്നാണ് ബാങ്ക് ഓഫ് അമേരിക്കയുടെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. അടുത്തവർഷം മുതൽ ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന ഐ ഫോണുകളുടെ എണ്ണം 25 ദശലക്ഷമായി ഉയർന്നേക്കുമെന്നും ചൈനയെ കൂടാതെ നിർമാണത്തിനായുള്ള സകല സജ്ജീകരണങ്ങളുമുള്ള രാജ്യം ഇന്ത്യ ആണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
അമേരിക്കയിൽ ഉപയോഗിക്കുന്ന ഐഫോണുകൾ അമേരിക്കയിൽ തന്നെ നിർമ്മിച്ചതായിരിക്കണമെന്നും, ഇന്ത്യയിൽ നിന്ന് ഐ ഫോൺ ഇറക്കുമതി ചെയ്യുന്നതിൽ തനിക്ക് ചില പ്രശ്നങ്ങൾ ഉണ്ടെന്നുമുള്ള ട്രംപിന്റെ നിലപാടുകൾ ഏറെ ചർച്ച വിഷയമായതാണ്.ഇന്ത്യയിൽ കൂടുതൽ ഫാക്ടറികൾ ഉണ്ടാക്കി ഉത്പാദനം കൂട്ടാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ അമേരിക്കയിലേക്കെത്തുന്ന ഫോണുകൾക്ക് 25 ശതമാനം അധിക ചുങ്കം ചുമത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.ഇന്ത്യയിൽ ഐഫോണുകൾ നിർമിക്കുന്നതുമായി ബന്ധപ്പെട്ട് ഇത്തരത്തിൽ പല വിവാദങ്ങളും നിലനിൽക്കെ , ഇന്ത്യയിൽ പ്രവർത്തനം അവസാനിപ്പിക്കുന്നതായുള്ള തീരുമാനങ്ങളൊന്നും കമ്പനിയുടെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നത്.
Story Highlights : Huge increase in iPhone manufacturing in India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here