‘അമിത് ഷാ ശകുനി; തിരഞ്ഞെടുപ്പ് അടുത്തതോടെ തമിഴ്‌നാട്ടില്‍ കറങ്ങി നടക്കുന്നു’ ; എം എ ബേബി

അമിത് ഷാ ശകുനി എന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. തിരഞ്ഞെടുപ്പ് അടുത്തതോടെ തമിഴ്‌നാട്ടില്‍ കറങ്ങി നടക്കുന്നുവന്നും അദ്ദേഹം പറഞ്ഞു. സിപിഐഎം തമിഴ്‌നാട്ടിലാകെ നടത്തിയ ജനസമ്പര്‍ക്ക പരിപാടിയുടെ സമാപനത്തോടനുബന്ധിച്ച് ചെന്നൈയിലെ അമ്പട്ടൂരില്‍ നടന്ന വമ്പിച്ച പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശകുനിയെ പോലെ ഒരാള്‍ തമിഴ്‌നാട്ടില്‍ കറങ്ങി നടക്കുന്നുണ്ട്. മോദി ക്യാബിനറ്റില്‍ രണ്ടാമനാണ് അദ്ദേഹം. തമിഴ്‌നാട് വേണമെന്നാണ് അദ്ദേഹം പറയുന്നത്. മിസ്റ്റര്‍ അമിത് ഷാ നിങ്ങളുടെ തന്ത്രങ്ങള്‍ ഇവിടെ വിജയിക്കാന്‍ പോകുന്നില്ലെന്നും ഒരുമിച്ച് നിന്ന് പോരാടി തമിഴ്‌നാട്ടിലെ ജനങ്ങള്‍ പരാജയപ്പെടുത്തുമെന്നും പറയണം – അദ്ദേഹം പറഞ്ഞു.
തമിഴ്‌നാട് വേണമെന്നാണ് അമിത് ഷാ പറയുന്നത്. മറ്റ് ചിലരൊക്കെ അമിത് ഷായുടെ കൂടെ ചേര്‍ന്നിട്ടുണ്ട്. അമിത് ഷായുടെ തന്ത്രം തമിഴ്‌നാട്ടില്‍ വിജയിക്കില്ല. ഡിഎംകെ സഖ്യം ശക്തമായി തുടരണം – അദ്ദേഹം പറഞ്ഞു.
അമേരിക്ക തെമ്മാടിരാഷ്ട്രം എന്നും എം.എ.ബേബി വിമര്‍ശിച്ചു. ഇറാന്റെ ആണവപദ്ധതി സമാധാനാവശ്യങ്ങള്‍ക്കുള്ളതാണെന്നും ഇറാഖ് യുദ്ധത്തിലെന്ന പോലെ അമേരിക്ക കള്ളം പ്രചരിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മോദിയും കമ്പനിയും ട്രംപിന് മുന്നില്‍ കീഴടങ്ങാന്‍ ഒരുങ്ങുന്നു എന്നും സിപിഎം ജനറല്‍ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.
ജനസമ്പര്‍ക്ക പരിപാടിയുടെ പ്രചാരണ വേളയില്‍, ഉയര്‍ന്ന തൊഴിലില്ലായ്മ, വിലക്കയറ്റം, വര്‍ഗീയ സംഘര്‍ഷം, ന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവര്‍ക്കെതിരായ ആക്രമണങ്ങള്‍ എന്നിവയിലേക്ക് നയിച്ച ബിജെപി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ സിപിഐഎം പ്രവര്‍ത്തകര്‍ പ്രചാരണം നടത്തിയെന്ന് എംഎ ബേബി ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. പൊളിറ്റ്ബ്യൂറോ അംഗം യു. വാസുകി, സംസ്ഥാന സെക്രട്ടറി പി. ഷണ്‍മുഖം, സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍, വടക്കന്‍ ചെന്നൈ, മധ്യ ചെന്നൈ, തെക്കന്‍ ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, റാണിപേട്ട്, ചെങ്കല്‍പേട്ട് ജില്ലാ കമ്മിറ്റികളുടെ സെക്രട്ടറിമാര്‍ എന്നിവര്‍ സമാപന സമ്മേളനത്തില്‍ പങ്കെടുത്തു.
Story Highlights : M A Baby about Amit Shah
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here