Advertisement

ടെന്‍സിയ സിബി ഐറീഷ് സര്‍ക്കാരിലെ പുതിയ പീസ് കമ്മീഷണര്‍; അയര്‍ലണ്ട് മലയാളി സമൂഹത്തിന് വീണ്ടും ഐറീഷ് സര്‍ക്കാരിന്റെ അംഗീകാരം

10 hours ago
3 minutes Read
irland

ടെന്‍സിയ സിബി അയര്‍ലന്‍ഡിലെ പീസ് കമ്മീഷണര്‍. അയര്‍ലണ്ടില്‍ ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും മലയാളി സമൂഹത്തിനും അംഗീകാരം നല്‍കി, വീണ്ടും പീസ് കമ്മീഷണര്‍ സ്ഥാനം അനുവദിച്ച് ഐറിഷ് സര്‍ക്കാര്‍. ഡബ്ലിനില്‍ നിന്നുള്ള കണ്ണൂര്‍ ചെമ്പേരി സ്വദേശി അഡ്വ .സിബി സെബാസ്റ്റ്യന്‍ പേഴുംകാട്ടിലിന്റെ ഭാര്യയും ആലക്കോട് മേരിഗിരി പഴയിടത്ത് ടോമി -ത്രേസ്യാമ്മ ദമ്പതികളുടെ മകളുമായ ടെന്‍സിയ സിബിക്കാണ് ഡിപ്പാര്‍ട്ടമെന്റ് ഓഫ് ജസ്റ്റിസ്, പീസ് കമ്മീഷണര്‍ സ്ഥാനം നല്‍കിയത്. ഇത് സംബന്ധിച്ച ഉത്തരവ് ജസ്റ്റീസ് മിനിസ്റ്റര്‍ ജിം ഒ’ കല്ലഗന്‍ TD, ടെന്‍സിയ സിബിക്ക് കൈമാറി.

കൗണ്ടി ഡബ്ലിനും അനുബന്ധ കൗണ്ടികളായ വിക്‌ളോ, മീത്ത് തുടങ്ങി അനുബന്ധ കൗണ്ടികളിലും പ്രവര്‍ത്തനാധികാരമുള്ള ചുമതലയാണ് ടെന്‍സിയ സിബിക്ക് നല്‍കിയിരിക്കുന്നത്. പീസ് കമ്മീഷണര്‍ എന്നത് ഒരു ഹോണററി നിയമനം ആണ്. അയര്‍ലണ്ടിലെ വിവിധ സേവനങ്ങള്‍ക്കു ആവശ്യമായ രേഖകള്‍ സാക്ഷ്യപെടുത്തുക, സര്‍ട്ടിഫിക്കറ്റുകല്‍ സാക്ഷ്യപെടുത്തുക, ഓര്‍ഡറുകള്‍ ഒപ്പിടുക എന്നിവയാണ് പീസ് കമ്മീഷണറുടെ പ്രധാന ചുമതലകള്‍. അത്യാവശ്യമായ സാഹചര്യങ്ങളില്‍ സമന്‍സും വാറന്റുകളും പുറപ്പെടുവിക്കാനുള്ള അധികാരവും പീസ് കമ്മീഷണര്‍മാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

ഭക്ഷ്യ ശുചിത്വ ചട്ടങ്ങള്‍ പ്രകാരം മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത ഭക്ഷണം നശിപ്പിക്കുന്നതിനോ നീക്കം ചെയ്യുന്നതിനോ ഉള്ള സര്‍ട്ടിഫിക്കറ്റുകളിലും ഉത്തരവുകളിലും ഒപ്പിടാന്‍ അയര്‍ലണ്ടിലെ പീസ് കമ്മീഷണര്‍മാര്‍ക്ക് അധികാരമുണ്ട്. മനുഷ്യോപയോഗത്തിന് ഹാനികരമായ തരത്തില്‍ രോഗബാധിതമായതോ, മലിനമായതോ, അല്ലെങ്കില്‍ മറ്റ് വിധത്തില്‍ ആരോഗ്യകരമല്ലാത്തതോ ആയ ഭക്ഷണ വസ്തുക്കള്‍ ഉള്‍പ്പെടുന്നു. ഭക്ഷണം ഉപഭോഗത്തിന് അനുയോജ്യമല്ലെന്ന് ജില്ലാ കോടതിയിലെ ഒരു ജഡ്ജിയോ പീസ് കമ്മീഷണറോ ബോധ്യപ്പെടുമ്പോഴാണ് ഈ അധികാരം പ്രയോഗിക്കുന്നത്.

Read Also: കോട്ടയം മെഡിക്കല്‍ കോളജ് അപകടം: പുതിയ കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം ഉടന്‍ മാറ്റണമെന്ന മന്ത്രിതല യോഗ തീരുമാനം നടപ്പായില്ല

1950-ലെ ഭക്ഷ്യ ശുചിത്വ നിയന്ത്രണങ്ങള്‍, 1924 ലെ നീതിന്യായ കോടതി നിയമം തുടങ്ങിയ നിയമനിര്‍മ്മാണങ്ങളില്‍ നിന്നാണ് ഈ അധികാരം പീസ് കമ്മീഷണര്‍മാര്‍ക്ക് ലഭിക്കുന്നത്. ഔപചാരികമായി നശിപ്പിക്കുന്നതിനുള്ള ഉത്തരവില്‍ പീസ് കമ്മീഷണര്‍മാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും, അനര്‍ഹമായ ഭക്ഷണത്തിന്റെ പ്രാഥമിക തിരിച്ചറിയലും നിര്‍വ്വഹണ നടപടികളും സാധാരണയായി ആരോഗ്യ ബോര്‍ഡുകളുടെ അംഗീകൃത ഉദ്യോഗസ്ഥരോ അയര്‍ലന്‍ഡിലെ ഭക്ഷ്യ സുരക്ഷാ അതോറിറ്റിയോ ആണ് നടത്തുന്നത്.

പയ്യന്നൂര്‍ കോളജിലെ പഠനത്തിന് ശേഷം അജ്മീരിലെ സെയിന്റ് ഫ്രാന്‍സിസ് കോളജ് ഓഫ് നഴ്‌സിങ്ങില്‍ നിന്നും നഴ്‌സിംങ് പഠനം പൂര്‍ത്തിയാക്കിയ ടെന്‍സിയ ഡല്‍ഹിയില്‍ എസ്‌കോര്‍ട്ട് ഹാര്‍ട്ട് ഹോസ്പിറ്റലില്‍ ജോലി ചെയ്തതിനുശേഷം 2005ലാണ് അയര്‍ലണ്ടില്‍ എത്തിയത്. ഡബ്ലിന്‍ ബ്ലാക്ക്റോക്ക് ഹോസ്പിറ്റലില്‍ സ്റ്റാഫ് നേഴ്സായി ഹെല്‍ത്ത് സര്‍വീസ് ജോലിയില്‍ പ്രവേശിച്ചു. 2022 ല്‍ Royal College of Surgeons in Ireland ല്‍ നിന്നും ഹയര്‍ ഡിഗ്രി കരസ്ഥമാക്കി. 2019 ല്‍ സീനിയര്‍ നഴ്സായി ബ്ലാക്ക്റോക്ക് ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്നു.

ബിപി ഫൗണ്ടേഷനിലൂടെ ചാരിറ്റി പ്രവര്‍ത്തനം നടത്തുന്ന ടെന്‍സിയ സിബി അയര്‍ലണ്ട് സീറോ മലബാര്‍ സഭ ഡബ്ലിന്‍ – ബ്ലാക്ക്റോക്ക് ഇടവകയിലെ മാതൃവേദി സെക്രട്ടറിയും കാറ്റിക്കിസം ടീച്ചറുമാണ്.

ഐറീഷ് ലോ ഫേമില്‍ ജോലി ചെയ്യുന്ന ‘SS Law & Asosciates ‘ – ന്റെ ഡയറക്റ്ററുമായ അഡ്വ സിബി സെബാസ്റ്റ്യനാണ് ഭര്‍ത്താവ്. ഡബ്ലിന്‍ യൂണിവേഴ്‌സിറ്റി കോളജില്‍ ഡിഗ്രിക്ക് പഠിക്കുന്ന എഡ്വിന്‍, എറിക്ക്, ഇവാനിയായ മരിയ എന്നിവര്‍ മക്കളാണ്.

Story Highlights : New Peace Commissioner in the Irish government

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top