Advertisement

‘ആ നാല് പേരെയും അറസ്റ്റ് ചെയ്ത് കാണണം എനിക്ക്, എന്നോട് അവർ ഒരു ദയയും കാണിച്ചിട്ടില്ല’; വ്യാജ മോഷണക്കേസിൽ കസ്റ്റഡിയിലെടുത്ത ബിന്ദു

1 day ago
2 minutes Read
bindu (2)

തനിക്കെതിരെ വ്യാജ മോഷണക്കുറ്റം ഏൽപ്പിച്ച വീടുടമയെയും കുടുംബത്തെയും പൊലീസുകാരെയും അറസ്റ്റ് ചെയ്‌ത്‌ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ബിന്ദു . മുഖ്യമന്ത്രിക്കും എസ്എസ്ടി കമ്മീഷനിലും ഡിജിപിക്കും നൽകിയ പരാതി തനിക്കനുകൂലമായിട്ടാണ് വന്നിട്ടുള്ളത്. നിലവിൽ കേസിലെ അന്വേഷണം പൂർത്തിയായെന്നും സർക്കാരിനെ വിശ്വാസമെന്നും നീതിലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ബിന്ദു ട്വന്റി ഫോറിനോട് പറഞ്ഞു.

ഏപ്രിൽ 23 നായിരുന്നു വ്യാജ മാല മോഷണക്കുറ്റം ആരോപിച്ച് ബിന്ദുവിന് 20 മണിക്കൂർ പേരൂർക്കട പൊലീസ് സ്റ്റേഷനിൽ മാനസിക പീഡനം നേരിടേണ്ടി വന്നത്. വീട്ട് ജോലിക്ക് നിന്ന ബിന്ദുവിനെതിരെ ഉടമ ഓമന ഡാനിയേൽ മോഷണക്കുറ്റം ആരോപിച്ചാണ് പേരൂർക്കട പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. വീട്ടിലുണ്ടായിരുന്ന തന്റെ രണ്ടരപ്പവൻ സ്വർണം ബിന്ദു കവർന്നെടുത്തു എന്നായിരുന്നു പരാതിയിൽ. തുടർന്നാണ് പേരൂർക്കട പൊലീസ് ബിന്ദുവിനെ സ്റ്റേഷനിൽ എത്തിച്ച് മാനസികമായി പീഡിപ്പിച്ചത്. ബിന്ദു അനുഭവിച്ച യാതന വാർത്തയായി പുറത്തുവന്നതിന് പിന്നാലെ എസ്ഐയെയും ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനെയും സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു.

അതേസമയം, കേസിൽ പൊലീസുകാരെ പ്രതിയാക്കി എഫ്‌ഐആർ ഇട്ടു. പൊലീസുകാർക്കെതിരെ ഗുരുതര പരാമർശങ്ങളാണ് എഫ്‌ഐആറിൽ ഉള്ളത്. എസ് ഐ പ്രസാദ് കേസ് രജിസ്റ്റർ ചെയ്തത് അന്വേഷണം നടത്താതെയെന്ന് എഫ്‌ഐആറിൽ പറയുന്നു. എസ്.ഐ പ്രസാദും എ.എസ്.ഐ പ്രസന്നകുമാറും ബിന്ദുവിനെ അസഭ്യം പറഞ്ഞു. പൊലീസ് സ്റ്റേഷനിൽ അന്യായമായി തടങ്കലിൽ വെച്ചു. ഓമനയും മകൾ നിഷയും വ്യാജ മൊഴി നൽകിയെന്നും എഫ്ഐആറിൽ പറയുന്നു. എഫ്ഐആറിന്റെ പകർപ്പ് ട്വന്റി ഫോറിന് ലഭിച്ചു.

ബിന്ദുവിനെതിരെ വ്യാജ പരാതി നൽകിയ ഓമന ഡാനിയൽ,മകൾ നിഷ, പേരൂർക്കട പൊലീസ് സ്റ്റേഷനിലെ SI പ്രസാദ്,ASI പ്രസന്നൻ എന്നിവരാണ് കേസിലെ പ്രതികൾ. ബിന്ദുവിൻ്റെ പരാതിയിലാണ് ഇവർക്കെതിരെ കേസ് എടുത്തത്. കേസ് എടുക്കാൻ എസ്‌സി എസ്ടി കമ്മീഷൻ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.

Story Highlights : Bindu taken into custody in fake theft case in peroorkkada police station

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top