‘കാട്ടാളന്‍റെ വേട്ടയ്ക്ക് ഇനി ഹനാനും ; അഭിനയ രംഗത്തേക്ക് ചുവട് വയ്ക്കാൻ സോഷ്യൽ മീഡിയ താരം

‘മാർക്കോ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ആന്‍റണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമ്മിച്ച് നവാഗതനായ പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘കാട്ടാളനി’ൽ ഗായകൻ ഹനാൻ ഷായും. ‘ചിറാപുഞ്ചി’, ‘കസവിനാൽ’ തുടങ്ങിയ ഗാനങ്ങളിലൂടെ സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കിയ മലപ്പുറം സ്വദേശി ഹനാൻ ഷാ പുതിയൊരു റോളിലാണ് ചിത്രത്തിൽ എത്തുന്നത്. ഹനാനെ ഇതാദ്യമായി സിനിമയിൽ അഭിനയിപ്പിക്കാൻ ഒരുങ്ങുകയാണ് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്. ‘കാട്ടാളന്‍റെ വേട്ടയ്ക്ക് ഇനി ഹനാനും’ എന്ന ടാഗ് ലൈനുമായി പുതിയ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.
Read Also: ‘ഡയലോഗുകളുടെ ആൽക്കെമിസ്റ്റ്’ ; കാട്ടാളന് സംഭാഷണമൊരുക്കാൻ ഉണ്ണി ആർ
2022 ൽ പുറത്തിറങ്ങിയ ‘പറയാതെ അറിയാതെ’ എന്ന കവർ ഗാനത്തിലൂടെയാണ് ഹനാൻ ശ്രദ്ധ നേടിയത്. നിരവധി കവർ സോങ്ങുകളും സിംഗിളുകളും മ്യൂസിക് വീഡിയോകളും ഹനാൻഷാ എന്ന തന്‍റെ യൂട്യൂബ് ചാനലിലും ഇൻസ്റ്റഗ്രാമിലും അടക്കം താരം പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റഗ്രാമിൽ 2.2 മില്ല്യണിലേറെ ഫോളോവേഴ്സാണ് ഹനാനുള്ളത്. ചിറാപുഞ്ചി, കസവിനാൽ, ഇൻസാനിലെ, ഹാനിയ, ഓ കിനാക്കാലം, അജപ്പാമട, ആലപ്പുഴ മുല്ലക്കല് തുടങ്ങിയവയാണ് ഹനാന്‍റെ ഗാനങ്ങൾ.
ആന്‍റണി വർഗീസ് പെപ്പെ നായകനായെത്തുന്ന ചിത്രത്തിൽ നായികയായെത്തുന്നത് രജിഷ വിജയനാണ്. മലയാളത്തിൽ നിന്നുള്ളവരും പാൻ ഇന്ത്യൻ താരങ്ങളും അടക്കം വലിയൊരു താരനിരയാണ് ചിത്രത്തിൽ ഒരുമിക്കുന്നത്. പാൻ ഇന്ത്യൻ താരങ്ങളായ സുനിൽ, കബീർ ദുഹാൻ സിങ് എന്നിവരേയും ജഗദീഷ്, സിദ്ധിഖ് തുടങ്ങിയ മലയാളത്തിലെ ശ്രദ്ധേയ താരങ്ങളേയും റാപ്പർ ബേബി ജീനിനേയും ചിത്രത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് അടുത്തിടെ പോസ്റ്ററുകള്‍ എത്തിയിരുന്നത് വലിയ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിൽ പെപ്പെ തന്‍റെ യഥാർത്ഥ പേരായ “ആന്‍റണി വർഗ്ഗീസ്” എന്ന പേരിൽ തന്നെയാണ് എത്തുന്നത്. ഓങ്-ബാക്ക് 2, ബാഹുബലി-2: കൺക്ലൂഷൻ, ജവാൻ, ബാഗി 2, പൊന്നിയൻ സെൽവൻ പാർട്ട് 1 തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ആക്ഷൻ ഒരുക്കിയ ലോക പ്രശസ്തനായ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെ ആണ് ചിത്രത്തിൽ ആക്ഷനൊരുക്കാനായി എത്തുന്നത്.
പാൻ ഇന്ത്യൻ ലെവൽ ആക്ഷൻ ത്രില്ലർ മാസ്സ് ചിത്രത്തിൽ കന്നഡയിലെ ശ്രദ്ധേയ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥാണ് സംഗീതമൊരുക്കുന്നത്. ‘കാന്താര ചാപ്റ്റർ 2’വിന് ശേഷം അജനീഷ് സംഗീതമൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും കാട്ടാളനുണ്ട്. സിനിമയിലെ സംഭാഷണം ഒരുക്കുന്നത് ഉണ്ണി ആറാണ്. എഡിറ്റിംഗ് നിർവ്വഹിക്കുന്നത് മലയാളത്തിലെ ശ്രദ്ധേയനായ എഡിറ്റർ ഷമീർ മുഹമ്മദ് ആണ്. ഛായാഗ്രാഹകൻ രെണദേവാണ് ഡിഒപി.
Story Highlights : Social media star Hanan Shah steps into acting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here