ഹേമചന്ദ്രൻ കൊലപാതകം; മുഖ്യപ്രതി നൗഷാദ് കൊച്ചിയിൽ വിമാനം ഇറങ്ങില്ല

ഹേമചന്ദ്രൻ കൊലപാതക കേസിലെ മുഖ്യ പ്രതി നൗഷാദ് കൊച്ചിയിൽ വിമാനം ഇറങ്ങില്ല. സൗദിയിൽ നിന്നും മസ്കറ്റിൽ ഇറങ്ങി വിമാനം മാറി കയറിയതായി വിവരം. 24 BIG BREAK. ഐ ബി ഉദ്യോഗസ്ഥർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കേരള പൊലീസ് ബെംഗളൂരിലേക്ക് പുറപ്പെടും. നൗഷാദ് കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തുമെന്നായിരുന്നു ആദ്യം വിവരം ലഭിച്ചിരുന്നത്. അതിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് സിറ്റി പൊലീസ് കൊച്ചിയിലേക്ക് യാത്ര തിരിച്ചിരുന്നു. നൗഷാദ് വിമാനത്താവളത്തിൽ എത്തിയാൽ ഉടൻ തന്നെ കസ്റ്റഡിയിൽ എടുക്കാനായിരുന്നു പൊലീസിൻ്റെ തീരുമാനം.
എന്നാൽ നിലവിലെ വിമാന മാറ്റത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. നൗഷാദ് മസ്‌ക്കറ്റിൽ നിന്ന് ബെംഗളൂരിലേക്ക് പുറപ്പെടുന്ന വിമാനത്തിന് മറ്റെവിടെയെങ്കിലും സ്റ്റോപ്പ് ഉണ്ടോ എന്ന കാര്യങ്ങളടക്കം പൊലീസ് നിരീക്ഷിക്കുകയാണ്.
കേസിൽ നേരത്തെ അറസ്റ്റിലായ ജ്യോതിഷ് കുമാർ, ബി.എസ്. അജേഷ് ,വൈശാഖ് എന്നിവർ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത് നൗഷാദിൻ്റെ നിർദേശ പ്രകാരമാണ് ഹേമചന്ദ്രന്റെ മൃതദേഹം കുഴിച്ചിട്ടതെന്നാണ്. എന്നാൽ ഹേമചന്ദ്രൻ എങ്ങനെ കൊല്ലപ്പെട്ടു എന്ന കാര്യം ഇവർക്ക് അറിയില്ല. അത് അറിയണമെങ്കിൽ നൗഷാദിനെ പൊലീസ് ചോദ്യം ചെയ്യണം.
ഹേമചന്ദ്രൻ തൂങ്ങിമരിച്ചതാണെന്നാണ് നൗഷാദ് കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്.എന്നാൽ പോസ്റ്റുമോർട്ടം പ്രാഥമിക റിപ്പോർട്ടിൽ മർദ്ദനമേറ്റ് ശ്വാസം മുട്ടിയാണ് മരണം എന്നാണ് കണ്ടെത്തൽ. നൗഷാദിനെ ചോദ്യം ചെയ്തശേഷമാകും നിലവിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുക. കേസിൽ രണ്ട് സ്ത്രീകൾ കൂടി ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം കേസിൽ ഇവരുടെ പങ്ക് എന്താണെന്നുള്ളതും നൗഷാദിൽ നിന്ന് ചോദിച്ച് മനസ്സിലാക്കേണ്ടതുണ്ട്. ഹേമചന്ദ്രൻ്റെ ഡിഎൻഎ പരിശോധനാഫലം ഉടൻ ലഭ്യമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. പരിശോധനാ ഫലം ലഭിച്ചശേഷം മാത്രമെ കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകൂ.
Story Highlights : Hemachandran murder case: Main accused Noushad’s flight will not land in Kochi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here