Advertisement

സ്‌കൂള്‍ സമയമാറ്റം: സമസ്ത- സര്‍ക്കാര്‍ ബന്ധം വഷളാകുന്നു

2 days ago
2 minutes Read
pinarayi

സ്‌കൂള്‍ സമയമാറ്റം പിന്‍വലിക്കണമെന്ന സമസ്തയുടെ ആവശ്യം പരിഗണിക്കേണ്ടെന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധം കനക്കുന്നു. ഹൈസ്‌കൂളുകളുടെ സമയമാറ്റം സംബന്ധിച്ചുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് നിലപാട് കടുപ്പിച്ചതോടെ സമസ്ത നേതാക്കള്‍ സമരമാര്‍ഗത്തിലേക്ക് നീങ്ങുകയായിരുന്നു. സംസ്ഥാനത്തെ ഹൈസ്‌കൂളുകള്‍ക്കാണ് സമയമാറ്റം ബാധകമാവുക. എന്നാല്‍ അത് മദ്രസയില്‍ പഠിക്കുന്ന എല്ലാ കുട്ടികളേയും ബാധിക്കുമെന്നാണ് സമസ്തയുടെ ആരോപണം. ഹൈസ്‌കൂളുകളുടെ ഭാഗമായുള്ള യുപി, എല്‍പി ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കും മദ്രസ പഠനം പറ്റാത്തൊരു സാഹചര്യം ഉണ്ടാകുമെന്നും, അതിനാല്‍ തീരുമാനം പിന്‍വലിക്കണമെന്നുമാണ് സമസ്ത ആവശ്യപ്പെടുന്നത്.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് കാലത്താണ് ഹൈസ്‌കൂളിന്റെ പ്രവര്‍ത്തന സമയം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ അന്നുതന്നെ മുസ്ലിം സംഘടനകള്‍ രംഗത്തുവന്നിരുന്നു. സ്‌കൂള്‍ സമയമാറ്റം കേരളത്തിലെ മുസ്ലിം വിഭാഗങ്ങളുടെ മതപഠനകേന്ദ്രമായ മദ്രസകള്‍ക്ക് തിരിച്ചടിയാകുമെന്നും അതിനാല്‍ തീരുമാനം  പുനഃപരിശോധിക്കണമെന്നും സമസ്ത ആവശ്യമുന്നയിച്ചു. ഇതോടെ, സര്‍ക്കാര്‍ ഏകപക്ഷീയമായി തീരുമാനം നടപ്പാക്കില്ലെന്നായിരുന്നു വിലയിരുത്തപ്പെട്ടത്. സമസ്തയിലെ ഒരു വിഭാഗം നേതാക്കള്‍ സിപിഐഎമ്മുമായി അടുപ്പം പുലര്‍ത്തുന്നവരാണ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ സമസ്തയുടെ നിര്‍ദേശ പ്രകാരം മുന്‍ മുസ്ലിംലീഗ് നേതാവായിരുന്ന കെ എസ് ഹംസയെ പാര്‍ട്ടി സ്ഥാനാര്‍ഥിയാക്കിയിരുന്നു. പതിവിന് വിപരീദമായി ഹംസയെ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിപ്പിക്കാനും സിപിഐഎം തയ്യാറായി. സമസ്തയില്‍ അഭിപ്രാഭയഭിന്നത രൂപം കൊണ്ട കാലത്ത് സിപിഐഎമ്മിന്റെ പിന്തുണയും ഈ വിഭാഗത്തിനായിരുന്നു. രാവിലെ സ്‌കൂള്‍ സമയം വര്‍ധിപ്പിക്കരുതെന്നായിരുന്നു സമസ്തയുടെ അഭ്യര്‍ത്ഥന. എന്നാല്‍ ആവശ്യം പരിഗണിക്കില്ലെന്നും മദ്രസയുടെ സമയം മാറ്റുന്നതാണ് നല്ലതെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്.

Read Also:പുതുക്കിയ കീം ഫലം പ്രസിദ്ധീകരിച്ചു; സംസ്ഥാന സിലബസ് പഠിച്ച വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടി

സ്‌കൂള്‍ സമയമാറ്റം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സമസ്ത നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഈ അപേക്ഷ സര്‍ക്കാര്‍ പരിഗണിച്ചില്ലെന്നാണ് സമസ്തയുടെ ആരോപണം.സമസ്തയുടെ പോഷകസംഘടനയായ സമസ്ത കേരളാ മദ്രസാ മാനേജ്മെന്റ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമര പ്രഖ്യാപനം നടന്നത്.

പ്ലസ് ടു സ്‌കൂളുകളില്‍ ആണ്‍-പെണ്‍ പരിഗണനകളില്ലാതെ എല്ലാവര്‍ക്കും ഒരേ യൂണിഫോം നടപ്പാക്കാനുള്ള നീക്കത്തില്‍ കടുത്ത എതിര്‍പ്പുമായി ഒരു വിഭാഗം സംഘടനകള്‍ രംഗത്തെത്തിയിരുന്നു. മുസ്ലിം സംഘടനകളുടെ ശക്തമായ എതിര്‍പ്പുകള്‍ നേരിട്ടതോടെ തീരുമാനം സ്‌കൂളുകള്‍ക്ക് വിടുകയായിരുന്നു.

സ്‌കൂളുകളില്‍ വിദ്യാര്‍ഥികളുടെ ശാരീരിക-മാനസിക ഉല്ലാസത്തിനായി ആംഭിച്ച സുംബ ഡാന്‍സിനെതിരെ ഒരു വിഭാഗം സംഘടനകള്‍ രംഗത്തുവന്നത് കടുത്ത പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു.

ജൂണ്‍ 15 ന് പുറപ്പെടുവിച്ച ഉത്തരവു പ്രകാരം എട്ടു മുതല്‍ പത്ത് വരെയുള്ള ക്ലാസുകളില്‍ 9.45 മുതല്‍ 4.15 വരെയാണ് പഠന സമയം. എട്ട് പീരിയഡുകള്‍ നിലനിര്‍ത്തിയായിരുന്നു സമയമാറ്റം. എട്ട് മുതല്‍ 10 വരെയുള്ള ക്ലാസുകളിലെ അധ്യയന സമയം 1100 മണിക്കൂര്‍ ആക്കി ഉയര്‍ത്തുകയെന്ന വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാന പ്രകാരമാണ് രാവിലെ 15 മിനിറ്റും, ഉച്ചയ്ക്ക് ശേഷം 15 മിനിറ്റും സമയം വര്‍ധിപ്പിച്ചത്. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ ഇതുപ്രകാരമാണ് സമയം. കോടതി നിര്‍ദേശപ്രകാരമാണ് സമയമാറ്റമെന്നും, അതിനാല്‍ തീരുമാനത്തില്‍ മാറ്റം വരുത്താന്‍ സാധ്യമല്ലെന്നുമാണ് വിദ്യാഭ്യാസവകുപ്പിന്റെ വിലയിരുത്തല്‍.

Story Highlights : School timing change: Samastha-government relations are deteriorating

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top