പൂജ ഹെഗ്‌ഡെയെ സൈഡാക്കി സൗബിൻ ഷാഹിർ ; കൂലിയിലെ ഗാനം പുറത്ത്

ലോകേഷ് കനഗരാജ് രജനികാന്തിനെ നായകനാക്കി സംവിധാനം ചെയ്യുന്ന കൂലിയിലെ ആദ്യ ഗാനം റിലീസ് ചെയ്തു. പൂജ ഹെഗ്‌ഡെ നൃത്തം വെക്കുന്ന ഗാനത്തിൽ ഒപ്പം സൗബിൻ ഷഹിറുമുണ്ട്. സൺ പിക്‌ചേഴ്‌സിന്റെ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്ത് 2 മണിക്കൂറിൽ 10 കാഴ്ചക്കാരെ സ്വന്തമാക്കിയ ഗാനത്തിന്റെ കമന്റ് ബോക്സ് നിറയെ സൗബിൻ ഷാഹിറിനുള്ള അഭിനന്ദന പ്രവാഹമാണ്.
അനിരുദ്ധ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഗാനം അദ്ദേഹത്തിനൊപ്പം സുബ്‌ലാശിനിയും അസൽ കോളറുമാണ് പാടിയിരിക്കുന്നത്. വമ്പൻ കപ്പലിൽ നിർമ്മിച്ചിരിക്കുന്ന സെറ്റിലാണ് ഗാനരംഗം ചിത്രീകരിച്ചിരിക്കുന്നത്. ഗാനത്തിലെവിടെയും രജനികാന്തിന്റെ സാന്നിധ്യമില്ല എന്നതും ശ്രദ്ധേയമാണ്.
തകർപ്പൻ ഡാൻസിലൂടെ പൂജ ഹെഗ്‌ഡെയെ സൗബിൻ പിന്നിലാക്കി, ഗാനം സൗബിൻ തൂക്കി എന്നൊക്കെയാണ് ആളുകൾ കമന്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിൽ ഈയൊരു ഗാനത്തിൽ മാത്രമാവും പൂജ ഹെഗ്‌ഡെയുടെ സ്പെഷ്യൽ അപ്പിയറൻസ്. സൗബിൻ ഷാഹിർ കൂലിയിൽ മുഴുനീള സാന്നിധ്യമാണ്.
രജനിക്കും സൗബിനുമൊപ്പം ആമിർ ഖാൻ, നാഗാർജുന, സത്യരാജ്, ഉപേന്ദ്ര, ശ്രുതി ഹാസൻ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്ന കൂലി സ്വര്ണക്കടത്തുമായി ബന്ധപ്പെട്ട കഥയാണ് പ്രതിപാദ്യമാക്കിയിരിക്കുന്നത്. തുടർ പരാജയങ്ങളൊടെ ക്ഷീണത്തിലുള്ള തമിഴ് ബോക്സോഫീസിന് കൂലി ആശ്വാസമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
Story Highlights :Soubin Shahir takes Pooja Hegde aside; Coolie song is out
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here