Advertisement

നിലമ്പൂർ ആർ ടി ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന; ജനൽ വഴി വലിച്ചെറിഞ്ഞ 49,500 രൂപ കണ്ടെടുത്തു

1 day ago
2 minutes Read
nilambur

മലപ്പുറം നിലമ്പൂർ ആർ ടി ഓഫീസിൽ വിജിലൻസ് റെയ്ഡ്. പരിശോധനക്കിടെ ജനൽ വഴി പുറത്തേക്ക് വലിച്ചെറിഞ്ഞ 49,500 രൂപ വിജിലൻസ് കണ്ടെടുത്തു. ഒരു ഏജൻ്റിൽ നിന്ന് 5000 രൂപയും വിജിലൻസ് റെയ്‌ഡിൽ നിന്ന് കണ്ടെടുത്തു.

ഓഫീസ് സമയം അവസാനിക്കുന്നതിന് തൊട്ടു മുൻപാണ് നിലമ്പൂർ ആർടി ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന നടന്നത്. കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ഓഫീസിലേക്ക് വിജിലൻസ് എത്തി. അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരെയും ഏജൻറ്മാരെയും വിശദമായ ദേഹ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടു. കെട്ടിടത്തിന് താഴെ നിന്നിരുന്ന വിജിലൻസ് സി.ഐ ജ്യോതീന്ദ്രകുമാറിനും അഗ്രികൾച്ചറൽ ഓഫീസർ നിതിനും മുൻപിലാണ് ഒന്നാം നിലയിൽ നിന്ന് പണക്കെട്ട് പറന്നുവന്നു വീണത്.

49,500 രൂപയുടെ കെട്ടാണ് ജനൽ വഴി താഴത്തേക്കിട്ടത്. ഇതാരാണ് ചെയ്തതെന്ന് വ്യക്തമായിട്ടില്ല. ഡ്രൈവിംഗ് സ്കൂളിൻറെ ഉടമയായ ഏജന്റിൽ നിന്ന് 5000 രൂപയും കണ്ടെടുത്തു. പുതിയ വാഹനം രജിസ്റ്റർ ചെയ്യുന്നതിന്, മറ്റു സംസ്ഥാനങ്ങളിൽ നിന്നു വരുന്ന വാഹനങ്ങൾ റീ രജിസ്റ്റർ ചെയ്യുന്നതിന്, ഡ്രൈവിംഗ് ലൈസൻസ് നൽകുന്നതിന് ഉൾപ്പെടെ കൈക്കൂലി വാങ്ങുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. ഏജന്റിന്റെ മൊബൈൽ ഫോണിൽ നിന്ന് പണം ഉദ്യോഗസ്ഥർ നിർദ്ദേശിക്കുന്ന ആളുകൾക്ക് എത്തിക്കണമെന്ന് ആവശ്യപ്പെടുന്ന സന്ദേശങ്ങൾ വിജിലൻസ് കണ്ടെത്തി. ഉദ്യോഗസ്ഥർക്ക് പണം വാങ്ങുന്നതിന് ഇടനിലക്കാരായി നിൽക്കുന്നത് ഏജൻറ്മാർ ആണെന്നും വ്യക്തമായി. പ്രാഥമിക പരിശോധനകൾക്ക് ശേഷം കേസ് രജിസ്റ്റർ ചെയ്യും.

Story Highlights : Vigilance raid at Nilambur RT office; Rs 49,500 thrown through window recovered

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top