വിഎസിന്റെ വിയോഗം; സംസ്ഥാനത്ത് ഇന്ന് പൊതു അവധി; പരീക്ഷകളും അഭിമുഖങ്ങളും മാറ്റി

മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് ഇന്ന് പൊതു അവധി. മഹാത്മാഗാന്ധി സർവകലാശാല, കേരള സർവകലാശാല പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവെച്ചു. സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴയിൽ നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
വി എസ് അച്യുതാനന്ദൻ്റെ നിര്യാണത്തെ തുടർന്ന് ഇന്ന് നടത്താനിരുന്ന കാലിക്കറ്റ് സർവകലാശാല വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പും മാറ്റിയിട്ടുണ്ട്. ഈ മാസം 26 ലേക്കാണ് തിരഞ്ഞെടുപ്പ് മാറ്റിയത്. ഇന്ന് നടത്താനിരുന്ന ഇന്റർവ്യൂകളും മാറ്റി വെച്ചെന്ന് പിഎസ്‍സിയുടെ അറിയിപ്പുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും പി എസ് സി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
Read Also: വിപ്ലവനായകന് അന്ത്യാഭ്യവാദ്യം; ആലപ്പുഴയിലേക്ക് ഇന്ന് വിലാപയാത്ര; സംസ്കാരം നാളെ
സംസ്ഥാനത്ത് 3 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ ഉച്ചതിരിഞ്ഞ് 3.20ന് ആയിരുന്നു വി എസ് അച്യുതാനന്ദന്റെ അന്ത്യം. കഴിഞ്ഞ ഒരു മാസമായി തിരുവനന്തപുരം പട്ടം S.U.T ആശുപത്രിയിൽ ചികിത്സയിലായിരുന്നു വി എസ്. ഒരു മാസക്കാലമായി തിരുവനന്തപുരം പട്ടം SUT ആശുപത്രിയിലായിരുന്ന വി എസിന്റെ ആരോഗ്യനില അതീവ ഗുരുതരമാകുകയായിരുന്നു. ഒരു നൂറ്റാണ്ടിന്റെ വിപ്ലവജീവിതത്തിനാണ് തിരശീല വീണത്.
രാവിലെ ഒമ്പത് മണിയോടെ തിരുവനന്തപുരം ദർബാർ ഹാളിൽ പൊതുദർശനം ആരംഭിക്കും. ഉച്ചയ്ക്ക് ശേഷം വിലാപയാത്രയായി ആലപ്പുഴയിലേക്ക് കൊണ്ടുപോകും. ആയിരങ്ങളാണ് രാത്രി ഏറെ വൈകിയും വിഎസിനെ അവസാനമായി കാണാനായി എകെജി സെന്ററിലെത്തിയത്. നാളെ ഉച്ചകഴിഞ്ഞ് ആലപ്പുഴ വലിയചുടുകാടിലാണ് സംസ്കാരം.
Story Highlights : V S Achuthananthan death Public holiday in Kerala today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here