Advertisement

‘മുദ്രാവാക്യം വിളിക്കുമ്പോള്‍ വി എസ് സൂക്ഷ്മതയോടെ ശ്രദ്ധിക്കും വേണ്ടത്ര മൂര്‍ച്ഛയിലെങ്കിൽ സ്വന്തം കൈപ്പടയില്‍ എഴുതി തരും, ഇങ്ങനെ വിളിച്ചാല്‍ പോരാ, ഇന്ന രീതിയില്‍ വിളിക്കണമെന്ന് പറയും’; വി എസ് സുനിൽകുമാർ

6 hours ago
3 minutes Read

വിഎസ് അച്യുതാനന്ദന്റെ വിയോഗത്തിൽ അനുശോചിച്ച് മുൻ മന്ത്രിയും സിപിഐ നേതാവുമായ വി എസ് സുനിൽ കുമാർ. വി എസ് എന്ന രണ്ടക്ഷരത്തില്‍ സംഭവബഹുലവും സ്ഫോടനാത്മകവും വിപ്ലവകരവുമായ ഒരു മഹാകാലം ആര്‍ത്തലയ്ക്കുന്നു. വി എസ് അച്യുതാനന്ദന്‍ എപ്പോഴും കേരളത്തിന്റെ മനസ്സാക്ഷിയായി നിലകൊണ്ടു. ആ പേര് നല്‍കുന്ന ഊര്‍ജ്ജം വളരെ വലുതാണെന്നും വി എസ് സുനിൽകുമാർ പറഞ്ഞു.

പാര്‍ശ്വവ്തകരിക്കപ്പെടുന്ന വ്യക്തികളോടും അരികുവത്കരിക്കപ്പെടുന്ന സത്യത്തോടും ഒപ്പമാണ് നമ്മള്‍ എപ്പോഴും വി എസിനെ കണ്ടത്. എപ്പോഴും അദ്ദേഹം അങ്ങനെയായിരുന്നു. ഓരോ മലയാളിയ്ക്കും വി എസ് വ്യത്യസ്തമായ ഒരു അനുഭവമാണ് എന്ന് പറയുന്നതാവും കൂടുതല്‍ ശരി.അഴിമതിയ്ക്കെതിരെ മുഖംനോക്കാതെ പോരാടിയ വി എസ്, പരിസ്ഥതിയ്ക്കുവേണ്ടി, ദലിതര്‍ക്കുവേണ്ടി, സ്ത്രീകള്‍ക്കുവേണ്ടി, നിരാലംബര്‍ക്കും കുടിയിറക്കപ്പെടുന്നവര്‍ക്കുംവേണ്ടി നിലകൊണ്ടുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

മതികെട്ടാന്‍ മലയിലെ വിഷയങ്ങളായാലും നിരവധിയായ ഭൂമി കയ്യേറ്റത്തിന്റെ വിഷയങ്ങളിലായാലും വി എസ് ഏറ്റെടുത്ത സമരങ്ങള്‍ കേരളത്തിന്റെ പൊതുമനസ്സില്‍ അദ്ദേഹത്തിന് ചിരപ്രതിഷ്ഠ നേടിക്കൊടുത്തു. 2011-2016 കാലത്ത് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത് വി എസ് പ്രതിപക്ഷ നേതാവായിരുന്നു. സഖാവ് കോടിയേരി ബാലകൃഷ്ണനായിരുന്നു ഉപനേതാവ്. സമരഭരിതമായ ആ നാളുകളില്‍ വി എസില്‍ നിറഞ്ഞുതുളുമ്പിയിരുന്ന വിപ്ലവവീര്യം ഞങ്ങള്‍ക്കാകെ വലിയ ആവേശവും ഊര്‍ജ്ജവും പകര്‍ന്നുതന്നു.

അക്കാലത്താണ് സംസ്ഥാന സര്‍ക്കാരിനെതിരെ വലിയ പ്രക്ഷോഭങ്ങളും സമരപരമ്പരകളും കേരളത്തില്‍ അരങ്ങേറിയത്. അന്ന് വി എസിനോടൊപ്പം പ്രതിപക്ഷത്ത് അദ്ദേഹത്തോട് ചേര്‍ന്നുനിന്നുകൊണ്ട് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു എന്നത് വ്യക്തിപരമായി എനിക്ക് വലിയ അഭിമാനം തോന്നിയ സന്ദര്‍ഭമാണ്. നിയമസഭയില്‍ ഫ്ളോര്‍ മാനേജ്മെന്റ് എങ്ങനെയായിരിക്കണം എന്ന് അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചിരുന്നു.

മുദ്രാവാക്യം വിളിക്കുന്നതില്‍പോലും അദ്ദേഹം ശ്രദ്ധിക്കാറുണ്ട്. നിയമസഭയില്‍ പ്രതിപക്ഷത്തിരുന്ന് മുദ്രാവാക്യം വിളിച്ചുകൊടുക്കുന്നവരില്‍ ഒരാളായിരുന്നു ഞാന്‍. സഖാക്കള്‍ എ പ്രദീപ്കുമാര്‍, സാജുപോള്‍ തുടങ്ങിയവരായിരുന്നു മറ്റുള്ളവര്‍. മുദ്രാവാക്യം വിളിക്കുമ്പോള്‍ വി എസ് സൂക്ഷ്മതയോടെ അത് ശ്രദ്ധിക്കുകയും വേണ്ടത്ര മൂച്ചും മൂര്‍ച്ഛയുമില്ലെങ്കില്‍ സ്വന്തം കൈപ്പടയില്‍ മുദ്രാവാക്യമെഴുതിതന്ന അനുഭവവും ഉണ്ടായിട്ടുണ്ട്.

എം എല്‍ എമാര്‍ക്ക് നല്‍കുന്ന പാഡില്‍ ഇങ്ങനെ വിളിച്ചാല്‍ പോരാ, ഇന്ന രീതിയില്‍ വിളിക്കണം എന്ന് അദ്ദേഹം സ്വതഃസിദ്ധമായ ശൈലിയില്‍ എഴുതി തരുമായിരുന്നുവെന്നും വി എസ് സുനിൽകുമാർ കുറിച്ചു. വി എസ് എന്നാല്‍ വിപ്ലവവീര്യം ചോര്‍ന്നുപോകാത്ത ഉശിരന്‍ സഖാവ് എന്നാണ് അര്‍ത്ഥം. നൂറ്റിയൊന്നാമത്തെ വയസ്സില്‍ നമ്മെ വിട്ടുപോകുമ്പോഴും അദ്ദേഹം ഒരിക്കലും അണയാത്ത വിപ്ലവവീര്യം ബാക്കിവെച്ചിട്ടാണ് പോകുന്നത്. ആ സ്‌നേഹസൂര്യന്‍ ഒരിക്കലും അസ്തമിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വി എസ് സുനിൽകുമാർ ഫേസ്ബുക്കിൽ കുറിച്ചത്

വിപ്ലവസൂര്യന്‍ പ്രഭമങ്ങാതെ ജ്വലിച്ചുകൊണ്ടേയിരിക്കും♥️
ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കാരണവന്മാരിലെ അവസാനകണ്ണികളില്‍ ഒരാള്‍ ഇതാ നമ്മെ വിട്ടുപിരിഞ്ഞിരിക്കുന്നു. വി എസ് എന്ന രണ്ടക്ഷരത്തില്‍ സംഭവബഹുലവും സ്ഫോടനാത്മകവും വിപ്ലവകരവുമായ ഒരു മഹാകാലം ആര്‍ത്തലയ്ക്കുന്നു. സ.വി എസ് അച്യുതാനന്ദന്‍ എപ്പോഴും കേരളത്തിന്റെ മനസ്സാക്ഷിയായി നിലകൊണ്ടു. ആ പേര് നല്‍കുന്ന ഊര്‍ജ്ജം വളരെ വലുതാണ്. പാര്‍ശ്വവ്തകരിക്കപ്പെടുന്ന വ്യക്തികളോടും അരികുവത്കരിക്കപ്പെടുന്ന സത്യത്തോടും ഒപ്പമാണ് നമ്മള്‍ എപ്പോഴും വി എസിനെ കണ്ടത്. എപ്പോഴും അദ്ദേഹം അങ്ങനെയായിരുന്നു. ഓരോ മലയാളിയ്ക്കും വി എസ് വ്യത്യസ്തമായ ഒരു അനുഭവമാണ് എന്ന് പറയുന്നതാവും കൂടുതല്‍ ശരി.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി 1964-ല്‍ പിളര്‍ന്ന് സിപിഐ(എം) രൂപീകരിക്കുന്നതിന് പ്രധാന പങ്കുവഹിച്ച നേതാക്കളിൽ ഒരാൾ സഖാവ് വി എസ് അച്യുതാനന്ദനായിരുന്നു. രാഷ്ട്രീയജീവിതത്തിലുടനീളം പുലര്‍ത്തിപ്പോന്ന പ്രവര്‍ത്തനശൈലിയും നിലപാടുകളും മറ്റു രാഷ്ട്രീയനേതാക്കളില്‍ നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കി. വി എസ് തന്റേതായ വേറിട്ട വഴിയിലൂടെ സഞ്ചരിച്ച വിപ്ലവകാരിയാണ്. സിപിഐ(എം) രൂപീകരിക്കപ്പെട്ടശേഷം, കേരളത്തില്‍ സിപിഐ(എം)ന്റെ ഏറ്റവും ജനകീയനായ, താഴെത്തട്ടില്‍ നിന്ന് വളര്‍ന്നുവന്ന നേതാവാണ് അദ്ദേഹം. ജനകീയ സമരങ്ങളുടെ ചരിത്രപാരമ്പര്യമുള്ള ഒരു നേതാവ് എന്നിനേക്കാള്‍ ഉപരിയായി, ഇന്നത്തെ കാലഘട്ടത്തില്‍ പ്രത്യേകിച്ച് കഴിഞ്ഞ രണ്ടോ മൂന്നോ പതിറ്റാണ്ടുകള്‍ക്കിടയില്‍ ഇന്ത്യയില്‍ തന്നെ ഏറ്റവും സ്വീകാര്യനായ ഒരു കമ്മ്യൂണിസ്റ്റ് നേതാവായി വി എസ് വളര്‍ന്നുവന്നതിന്റെ ചരിത്രം പരിശോധിച്ചാല്‍ അദ്ദേഹം ഏറ്റെടുത്ത സമരങ്ങളും എടുത്ത നിലപാടുകളും അതില്‍ പ്രധാനപങ്കുവഹിച്ചതായി കാണാന്‍ കഴിയും.
കേരളത്തില്‍ കക്ഷിരാഷ്ട്രീയത്തിനതീതമായി അദ്ദേഹം ജനകീയനായത് ഒരു സമരപോരാളി എന്ന നിലയിലാണ്. ഒരു ഇടതുപക്ഷം എന്ന നിലയില്‍ നാം അഭിമുഖീകരിക്കുകയും എതിരിടുകയും ചെയ്യേണ്ട ഒട്ടേറെ വിഷയങ്ങളില്‍ ഇടപെടുകയും ആ സമരങ്ങള്‍ ഏറ്റെടുത്ത് മുന്നില്‍ നിന്ന് നയിക്കുകയും അവ വലിയ വിജയമാക്കുകയും ചെയ്തു എന്നതാണ്. അഴിമതിയ്ക്കെതിരെ മുഖംനോക്കാതെ പോരാടിയ വി എസ്, പരിസ്ഥതിയ്ക്കുവേണ്ടി, ദലിതര്‍ക്കുവേണ്ടി, സ്ത്രീകള്‍ക്കുവേണ്ടി, നിരാലംബര്‍ക്കും കുടിയിറക്കപ്പെടുന്നവര്‍ക്കുംവേണ്ടി നിലകൊണ്ടു. അത് മതികെട്ടാന്‍ മലയിലെ വിഷയങ്ങളായാലും നിരവധിയായ ഭൂമി കയ്യേറ്റത്തിന്റെ വിഷയങ്ങളിലായാലും വി എസ് ഏറ്റെടുത്ത സമരങ്ങള്‍ കേരളത്തിന്റെ പൊതുമനസ്സില്‍ അദ്ദേഹത്തിന് ചിരപ്രതിഷ്ഠ നേടിക്കൊടുത്തു.
വി എസിന്റെ സ്വന്തം ജില്ലയായ ആലപ്പുഴയില്‍, അദ്ദേഹം ഒരിക്കലും പരാജയപ്പെടില്ല എന്ന് ഉറപ്പുള്ള മണ്ഡലത്തില്‍ പരാജയപ്പെട്ടെങ്കിലും പിന്നീട് മലമ്പുഴയില്‍ നിന്ന് ജയിച്ച് കേരള നിയമസഭയുടെ പ്രതിപക്ഷ നേതാവായി ഉയര്‍ന്ന സമയത്താണ് വി എസിന്റെ സമരപോരാട്ടങ്ങളുടെ ചരിത്രത്തിലെ അവിസ്മരണീയമായ നിരവധി സംഭവങ്ങള്‍ അരങ്ങേറുന്നത്. ആ സംഭവങ്ങളെല്ലാം അദ്ദേഹത്തിന്റെ ജനപ്രീതി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിച്ച ഘടകങ്ങളാണ്. കേരളീയപൊതുമനസ്സിനെ തിരിച്ചറിയാനും കീഴടക്കാനും കഴിയുന്ന ഒരുപാട് കാര്യങ്ങള്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ നടന്നു എന്നത് നാം ഇപ്പോള്‍ ഓര്‍ക്കുകയാണ്.
ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ വി എസ് എനിക്കെന്നും ആവേശം പകര്‍ന്ന ജനനേതാവാണ്. വിദ്യാര്‍ത്ഥീ-യുവജന പ്രസ്ഥാനങ്ങളുടെ ചുമതല വഹിക്കുന്ന കാലം മുതല്‍ അദ്ദേഹത്തോട് വലിയ സ്നേഹവും ആദരവും പുലര്‍ത്തിയിരുന്നു. എ ഐ എസ് എഫ് സംസ്ഥാന സെക്രട്ടറിയായിരുന്ന സമയത്ത്, 1996-ല്‍ നവോദയ സമരത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റ് പടിക്കല്‍ പതിനൊന്ന് ദിവസത്തെ നിരാഹാരസമരം നടത്തുകയുണ്ടായി. ഞാനുള്‍പ്പെടെ എ ഐ എസ് എഫിന്റെയും എസ് എഫ് ഐയുടെയും നേതാക്കള്‍ അന്ന് നിരാഹാരസമരം അനുഷ്ഠിച്ചു. ആ സമരം അവസാനിപ്പിക്കുന്ന അന്ന് ഞങ്ങള്‍ക്ക് നാരാങ്ങാനീര് എടുത്തുനല്‍കിയത് അന്നത്തെ സിപിഐ(എം) സംസ്ഥാന സെക്രട്ടറിയായിരുന്ന വി എസ് ആയിരുന്നു. വിദ്യാര്‍ത്ഥികളുടെയാകട്ടെ, സ്ത്രീകളുടെയാകട്ടെ, കുട്ടികളുടെയാകട്ടെ, ദുര്‍ബലജനവിഭാഗങ്ങളുടേതാകട്ടെ ന്യായമായ എന്തുപ്രശ്നത്തിലും വി എസ് ഇടപെട്ടു പരിഹാരമുണ്ടാക്കി.
2001-2006 കാലഘട്ടത്തില്‍ എ കെ ആന്റണിയും ഉമ്മന്‍ചാണ്ടിയും രണ്ടു ടേമായി മുഖ്യമന്ത്രിമാരായിരുന്ന യു ഡി എഫ് സര്‍ക്കാരിന്റെ വികലമായ നയങ്ങള്‍ക്കെതിരെ ഒട്ടനവധി സമരങ്ങള്‍ അക്കാലത്ത് നടക്കുകയുണ്ടായി. ഇടതുപക്ഷ യുവജന-വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ ദിവസേനയെന്നോണം പ്രക്ഷോഭങ്ങള്‍ അരങ്ങുതകര്‍ത്ത് നടന്നിരുന്നു. ഇടതുപക്ഷ വിദ്യാര്‍ത്ഥി-യുവജന സംഘടനകളുടെ നേതൃത്വത്തില്‍ സംയുക്ത സമരസമിതിയുടെ തുടര്‍ച്ചയായ പ്രക്ഷോഭങ്ങള്‍ ആ കാലഘട്ടത്തില്‍ സാധാരണ സംഭവമായിരുന്നു. യുവജന സംഘടനകളുടെ സ്ഥിരം സമരവേദി എന്നത് ആ കാലഘട്ടത്തിലാണ് വളര്‍ന്നുവന്നത്. ആ സമരവേദിയുടെ ചെയര്‍മാനായി പ്രവര്‍ത്തിക്കാന്‍ എനിക്ക് അവസരമുണ്ടായി. നിരവധി സമരങ്ങള്‍ ആ കാലഘട്ടത്തില്‍ കേരളത്തിലുണ്ടായി. കരിമണല്‍ ഖനനം, ഭൂമികയ്യേറ്റം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സമരങ്ങള്‍ നടക്കുമ്പോള്‍ വളരെ അനുഭാവത്തോടുകൂടി ആ സമരങ്ങളെ വി എസ് പ്രോത്സാഹിപ്പിക്കുകയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുമായി ബന്ധപ്പെട്ട യുവജന സംഘടനാ പ്രവര്‍ത്തകനായിരുന്നില്ല എങ്കിലും പല സന്ദര്‍ഭങ്ങളിലും നേരിട്ട് വിളിച്ചും നേരില്‍കണ്ടും പിന്തുണയും പ്രോത്സാഹനവും നല്‍കിയത് ഓര്‍ക്കുകയാണ്.
അന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാരിലെ പല മന്ത്രിമാര്‍ക്കെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴും വലിയ സമരങ്ങള്‍ക്ക് കേരളം സാക്ഷിയായി. വലിയ സമരഐക്യനിര കേരളത്തില്‍ രൂപംകൊണ്ടു. യുവജന സംഘടനകള്‍ മാത്രമല്ല, മഹിളാസംഘടനകള്‍ ഉള്‍പ്പെടെ സമരരംഗത്ത് വളരെ സജീവമായി നിലകൊണ്ട സമയമായിരുന്നു. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ വന്ന സമയത്ത് വി എസ് ആവശ്യപ്പെട്ടതനുസരിച്ച് അദ്ദേഹത്തെ പോയി കണ്ടത് ഓര്‍ക്കുകയാണ്. കേരളത്തില്‍ അറിയപ്പെടുന്ന പോരാളി സഖാവ് കെ അജിതയും എനിക്കൊപ്പമുണ്ടായിരുന്നു. അന്ന്, ഞങ്ങള്‍ ദീര്‍ഘനേരം വി എസുമായി സംസാരിച്ചു. ഒരു സമരവുമായി ബന്ധപ്പെട്ട് നടന്ന വലിയ കൂടിക്കാഴ്ചയായിരുന്നു അത്. അദ്ദേഹം വളരെ കുറച്ചുമാത്രമേ സംസാരിച്ചുള്ളൂ. എന്നാല്‍, അദ്ദേഹത്തിന്റെ നിലപാടുകളും എന്താണ് ചെയ്യേണ്ടത് എന്ന വ്യക്തമായ കാഴ്ചപ്പാടുകളും ആ വാക്കുകളില്‍ നിറഞ്ഞുനിന്നു. സമരങ്ങള്‍ ചെയ്യുന്നവരോട് അദ്ദേഹത്തിന് വലിയ പ്രതിപത്തയായിരുന്നു. പഴയ കമ്മ്യൂണിസ്റ്റ് നേതാക്കന്മാരിലെല്ലാം കണ്ടിട്ടുള്ള ഒരു വലിയ സ്വഭാവസവിശേഷതയാണത്. ഇതുപോലെ കണ്ടിട്ടുള്ള മറ്റൊരു നേതാവ് സ. വെളിയം ഭാര്‍ഗ്ഗവനാണ്. സമരങ്ങള്‍ ചെയ്യുന്നവരോടുള്ള വീറുറ്റ ഐക്യദാര്‍ഢ്യം.
2006-2011 കാലഘട്ടത്തില്‍ ചേര്‍പ്പ് നിയോജകമണ്ഡലത്തെയും 2011-2016 കാലത്ത് കയ്പമംഗലം നിയോജകമണ്ഡലത്തെയും കേരള നിയമസഭയില്‍ പ്രതിനിധീകരിക്കുമ്പോഴാണ് വി എസിന്റെ രാഷ്ട്രീയപ്രാഭവം (Political Charishma)കൂടുതല്‍ അടുത്തറിയുവാന്‍ കഴിഞ്ഞത്. 2006-2011 കാലത്ത് അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. അക്കാലത്ത് നിയമസഭയില്‍ കന്നിക്കാരനായ എനിക്ക് വി എസ് നല്‍കിയ ഉപദേശനിര്‍ദ്ദേശങ്ങളും വാത്സല്യവും സ്നേഹവും എക്കാലത്തും വിലമതിക്കാനാവാത്ത അനുഭവമാണ്. അധികമഴ പെയ്ത് തൃശൂര്‍ കോള്‍മേഖലയിലെ കൊയ്ത്തിന് പാകമായ നെല്‍കൃഷി മുഴുവന്‍ വെള്ളത്തില്‍ മുങ്ങി നെല്ലെല്ലാം മുളച്ചുതുടങ്ങിയ സംഭവമുണ്ടായി. അന്ന് ഒരു ദിവസം പൂര്‍ണ്ണമായി മുഖ്യമന്ത്രി വി എസിനൊപ്പം തൃശൂര്‍ കോള്‍മേഖലയില്‍ സഞ്ചരിക്കുകയും നെല്‍കൃഷിയില്‍ കനത്ത നാശം നേരിട്ട കര്‍ഷകരെ നേരില്‍കണ്ട് ആശ്വസിപ്പിക്കുകയും ചെയ്തത് മറക്കാനാവാത്ത കാര്യമാണ്. എത്രയോ നേരനുഭവങ്ങള്‍. അവയെല്ലാം വിശദീകരിക്കാന്‍ തുനിയുന്നില്ല.
ചേര്‍പ്പ് എം എല്‍ എയായി വിജയിച്ച ഞാന്‍, അഖിലേന്ത്യാ യുവജന ഫെഡറേഷന്റെ സംസ്ഥാന ഭാരവാഹിയായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കാലമായിരുന്നു. ഭരണപക്ഷത്താണെങ്കിലും സര്‍ക്കാരിന്റെ പല നയങ്ങള്‍ക്കുമെതിരെ സമരം നടത്താന്‍ അന്ന് ഞങ്ങള്‍ക്ക് ഇടവന്നിട്ടുണ്ട്. പ്രത്യേകിച്ച് പെന്‍ഷന്‍ പ്രായവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സമരരംഗത്ത് ഇറങ്ങേണ്ടിവന്ന സന്ദര്‍ഭത്തിലും വി എസ് യാതൊരു പ്രയാസവും പ്രകടിപ്പിച്ചില്ല. മുഖ്യമന്ത്രിയാണെങ്കിലും അദ്ദേഹത്തിന്റെ സമരസ്വഭാവത്തിന് മാറ്റമൊന്നും ഉണ്ടായിട്ടില്ല. അക്കാലത്ത് കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയ്ക്കെതിരെ മുഖ്യമന്ത്രിയായിരുന്ന വി എസ് എം എല്‍ എ മാരെ കൂട്ടി ഡല്‍ഹിയില്‍ പോയി ജന്തര്‍മന്ദിറില്‍ വലിയ സമരം നടത്തുകയും അത് ദേശീയതലത്തില്‍ തന്നെ വാര്‍ത്തയാവുകയും ചെയ്തു. റേഷന്‍ വിഹിതം വെട്ടിക്കുറച്ചതുള്‍പ്പെടെ അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കാണിച്ച അവഗണനയ്ക്ക് എതിരെയായിരുന്നു വി എസിന്റെ നേതൃത്വത്തിലുള്ള സമരം. സമരോത്സുകമായ ഭരണനേതൃത്വമായിരുന്നു അദ്ദേഹത്തിന്റേത്. വി എസ് വീണ്ടും അധികാരത്തില്‍ വരുമെന്ന തോന്നല്‍ അക്കാലത്ത് ശക്തമായിരുന്നു. എന്നാല്‍, പിന്നീട്, 2011-ല്‍ നേരിയ ഭൂരിപക്ഷത്തിലാണ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ യു ഡി എഫ് അധികാരമേറ്റത്. തുടര്‍ഭരണം ലഭ്യമാകാവുന്ന നിലയിലുള്ള മികച്ച ഭരണമായിരുന്നു വി എസ് സര്‍ക്കാരിന്റേത്. ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യതയുണ്ടാക്കാന്‍ കഴിഞ്ഞു.
2011-2016 കാലത്ത് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത് വി എസ് പ്രതിപക്ഷ നേതാവായിരുന്നു. സഖാവ് കോടിയേരി ബാലകൃഷ്ണനായിരുന്നു ഉപനേതാവ്. സമരഭരിതമായ ആ നാളുകളില്‍ വി എസില്‍ നിറഞ്ഞുതുളുമ്പിയിരുന്ന വിപ്ലവവീര്യം ഞങ്ങള്‍ക്കാകെ വലിയ ആവേശവും ഊര്‍ജ്ജവും പകര്‍ന്നുതന്നു. അക്കാലത്താണ് സംസ്ഥാന സര്‍ക്കാരിനെതിരെ വലിയ പ്രക്ഷോഭങ്ങളും സമരപരമ്പരകളും കേരളത്തില്‍ അരങ്ങേറിയത്. അന്ന് വി എസിനോടൊപ്പം പ്രതിപക്ഷത്ത് അദ്ദേഹത്തോട് ചേര്‍ന്നുനിന്നുകൊണ്ട് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു എന്നത് വ്യക്തിപരമായി എനിക്ക് വലിയ അഭിമാനം തോന്നിയ സന്ദര്‍ഭമാണ്. സിപിഐ(എം), സിപിഐ എന്ന തരത്തിലുള്ള വേര്‍തിരിവൊന്നും ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നില്ല. ഒരു മനസ്സോടെയാണ് ഞങ്ങള്‍ പ്രവര്‍ത്തിച്ചത്. വലിയ വാത്സല്യവും അതിരറ്റ സ്നേഹവും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു.
നിയമസഭയില്‍ ഫ്ളോര്‍ മാനേജ്മെന്റ് എങ്ങനെയായിരിക്കണം എന്ന് അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചിരുന്നു. മുദ്രാവാക്യം വിളിക്കുന്നതില്‍പോലും അദ്ദേഹം ശ്രദ്ധിക്കാറുണ്ട്. നിയമസഭയില്‍ പ്രതിപക്ഷത്തിരുന്ന് മുദ്രാവാക്യം വിളിച്ചുകൊടുക്കുന്നവരില്‍ ഒരാളായിരുന്നു ഞാന്‍. സഖാക്കള്‍ എ പ്രദീപ്കുമാര്‍, സാജുപോള്‍ തുടങ്ങിയവരായിരുന്നു മറ്റുള്ളവര്‍. മുദ്രാവാക്യം വിളിക്കുമ്പോള്‍ വി എസ് സൂക്ഷ്മതയോടെ അത് ശ്രദ്ധിക്കുകയും വേണ്ടത്ര മൂച്ചും മൂര്‍ച്ഛയുമില്ലെങ്കില്‍ സ്വന്തം കൈപ്പടയില്‍ മുദ്രാവാക്യമെഴുതിതന്ന അനുഭവവും ഉണ്ടായിട്ടുണ്ട്. എം എല്‍ എമാര്‍ക്ക് നല്‍കുന്ന പാഡില്‍ ഇങ്ങനെ വിളിച്ചാല്‍ പോരാ, ഇന്ന രീതിയില്‍ വിളിക്കണം എന്ന് അദ്ദേഹം സ്വതഃസിദ്ധമായ ശൈലിയില്‍ എഴുതി തരുമായിരുന്നു. അദ്ദേഹത്തിന് സ്വന്തം പാര്‍ട്ടിയുമായി അക്കാലത്ത് ചില അസ്വാരസ്യങ്ങള്‍ ഉള്ളത് സംബന്ധിച്ച് പത്രവാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും നിയമസഭയ്ക്ക് അതൊന്നും പ്രതിഫലിക്കാത്ത തരത്തില്‍ സ.വി എസും സ.കോടിയേരിയും സി പി ഐ കക്ഷി നേതാവ് സ.സി ദിവാകരനും വളരെ മികച്ച നിലയില്‍ പ്രതിപക്ഷത്തെ സഭയില്‍ കൊണ്ടുപോകുമായിരുന്നു. നിയമസഭയില്‍ വി എസ് പറയുന്ന വാക്കുകള്‍ അസ്ത്രംപോലെ ഭരണപക്ഷത്തേയ്ക്ക് തുളച്ചുകയറുന്നത് കണ്ടിട്ടുണ്ട്. അതൊക്കെ നിയമസഭയില്‍ ഒരു വിദ്യാര്‍ത്ഥിയെ പോലെ ഞാന്‍ കണ്ട് മനസ്സിലാക്കിയിട്ടുണ്ട്.
കേരളത്തിലെ സമരമുഖങ്ങളില്‍ ഓടിയെത്തുകയും സമരം ചെയ്യുന്നവരോട് കാണിക്കുന്ന ഐകദാര്‍ഢ്യവും സമരക്കാരുടെ വീറും വീര്യവും വര്‍ദ്ധിപ്പിക്കന്നതിന് ഉതകുന്ന പ്രോത്സാഹനവുമൊക്കെയാണ് വി എസിനെ എക്കാലത്തെയും പ്രിയപ്പെട്ട രാഷ്ട്രീയനേതാവാക്കുന്നത്. വി എസിന്റെ ഇത്തരം ഇടപെടലുകള്‍ തന്നെയാണ് പിന്നീട് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് കളമൊരുക്കിയത് എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
വി എസ് എന്നാല്‍ വിപ്ലവവീര്യം ചോര്‍ന്നുപോകാത്ത ഉശിരന്‍ സഖാവ് എന്നാണ് അര്‍ത്ഥം. നൂറ്റിയൊന്നാമത്തെ വയസ്സില്‍ നമ്മെ വിട്ടുപോകുമ്പോഴും അദ്ദേഹം ഒരിക്കലും അണയാത്ത വിപ്ലവവീര്യം ബാക്കിവെച്ചിട്ടാണ് പോകുന്നത്. ആ സ്‌നേഹസൂര്യന്‍ ഒരിക്കലും അസ്തമിക്കുന്നില്ല.
ഹൃദയത്തില്‍ ഒരിക്കലും മരിക്കാത്ത
എൻ്റെ വി എസിന്, നമ്മുടെ വി എസിന്, കേരളത്തിൻ്റെ മനഃസാക്ഷിയ്ക്ക്
സ്‌നേഹപ്രണാമം♥️

Story Highlights : v s sunilkumar remembers v s achuthanandan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
വിപ്ലവ സൂര്യൻ ഇനി ഓർമ
ദർബാർ ഹാളിൽ പൊതുദർശനം
വിലാപയാത്രയായി ആലപ്പുഴയിലേക്ക്
സംസ്കാരം ബുധനാഴ്ച
Top