‘ആലപ്പുഴ ഉറങ്ങാതെ കാത്തിരിക്കുകയാണ്, വി എസിനെ കാണാതെ ആർക്കും പോകേണ്ടി വരില്ല’; പി പി ചിത്തരഞ്ജൻ എംഎൽഎ

വി എസ് അച്യുതാനന്ദന്റെ അവസാന യാത്രയ്ക്കായി എല്ലാ ആദരവോടുകൂടിയുള്ള ക്രമീകരണങ്ങൾ ഒരുക്കുകയാണ് ജന്മനാട്. ആലപ്പുഴ ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിൽ ഒരേ സമയം രണ്ടായിരത്തോളം ആളുകൾക്ക് കയറി ഇറങ്ങാൻ സാധിക്കുന്ന വലിയ പന്തലാണ് ഒരുങ്ങുന്നത്. ഇവിടെ ഒരുക്കിയ പ്രത്യേക പന്തലിലാണ് വി എസിന്റെ പൊതുദർശനം നടക്കുക.
വിചാരിച്ചതിനേക്കാൾ വലിയ ജനക്കൂട്ടമാണ് വി എസിന്റെ വിലാപയാത്രയെ അനുഗമിച്ചു കൊണ്ടിരിക്കുന്നതെന്ന് പി പി ചിത്തരഞ്ജൻ എംഎൽഎ പറഞ്ഞു. അദ്ദേഹത്തിന്റെ മരണവാർത്ത അറിഞ്ഞപ്പോൾ തന്നെ ആരംഭിച്ച ക്രമീകരണങ്ങളാണ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ അർദ്ധരാത്രിയിൽ പെയ്ത മഴ ക്രമീകരണങ്ങൾ സജീകരിക്കുന്നതിൽ ചില പ്രതിസന്ധികൾ സൃഷ്ടിച്ചെങ്കിലും അതിനെയെല്ലാം തരണം ചെയ്തുകൊണ്ടാണ് വി എസിന്റെ അന്ത്യയാത്ര എല്ലാ ആദരവോടുകൂടിയും നൽകാൻ തയ്യാറെടുത്തുകൊണ്ടിരിക്കുന്നത്. രണ്ട് ദിവസം മുൻപ് ഗ്രൗണ്ട് മുഴുവൻ വെള്ളമായിരുന്നു. അതെല്ലാം വറ്റിച്ച് മണ്ണിട്ടാണ് ഇപ്പോൾ സജ്ജീകരിച്ചിരിക്കുന്നത്. വരുന്ന എല്ലാ വാഹനങ്ങളും പാർക്ക് ചെയ്യാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. പരമാവധി ഗതാഗത കുരുക്ക് ഒഴിവാക്കും. വരുന്ന എല്ലാവർക്കും വി എസിനെ കാണാൻ അവസരമുണ്ടാകും. വരിയിൽ നിൽക്കുന്ന അവസാനത്തെ ആൾവരെ അദ്ദേഹത്തെകണ്ട് അന്ത്യാഭിവാദ്യം അർപ്പിക്കണമെന്നാണ് ആഗ്രഹമെന്നും പി പി ചിത്തരഞ്ജൻ എംഎൽഎ ട്വന്റി ഫോറിനോട് പറഞ്ഞു.
വിഎസിന്‍റെ മൃതദേഹം ആദ്യം പുന്നപ്ര പറവൂരിലെ വീട്ടിലേക്കാണ് എത്തിക്കുക. പിന്നീട് തിരുവമ്പാടിയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനം. 10 മുതൽ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലും, 11 മുതൽ കടപ്പുറം റിക്രിയേഷൻ ഗ്രൗണ്ടിലുമാണ് പൊതുദർശനം നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ നിശ്ചയിച്ച സമയത്തെ മാറ്റി മാറിച്ച് ജനമനസിന്‍റെ സ്നേഹം താണ്ടിയാണ് വിഎസിന്‍റെ വിലാപയാത്ര കടന്ന് പോകുന്നത്. ആലപ്പുഴയിൽ പുന്നപ്ര വയലാർ രക്തസാക്ഷികൾ ഉറങ്ങുന്ന വലിയ ചുടുകാട്ടിൽ ഇന്ന് വൈകീട്ടാണ് സംസ്കാരം.
Story Highlights : All arrangements are ready for VS’s public appearance, says MLA PP Chittaranjan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here