Advertisement

സംസ്ഥാനത്ത് അതിശക്തമായ മഴയും കാറ്റും തുടരും: മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

17 hours ago
2 minutes Read
rain

സംസ്ഥാനത്ത് അതിശക്തമായ മഴയും കാറ്റും തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇന്ന് 14 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളില്‍ അതിതീവ്ര മഴയ്ക്കുള്ള സാധ്യത മുന്നറിയിപ്പായ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

മഴക്കൊപ്പം മണിക്കൂറില്‍ പരമാവധി 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി. വടക്കന്‍ കേരളത്തില്‍ പ്രത്യേക ജാഗ്രത തുടരണം. നാളെ മുതല്‍ അടുത്ത മൂന്ന് ദിവസവും മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ശക്തമായ മഴ തുടരാനും സാധ്യതയുണ്ട്. കടലില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള, കര്‍ണാടക, ലക്ഷദ്വീപ്, തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

Read Also: ‘വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേട്; തിരഞ്ഞെടുപ്പ് കമ്മീഷന്‍ സിപിഐഎം നേതൃത്വത്തിന്റെ ഇച്ഛാശക്തിക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നു’; വിഡി സതീശന്‍

അതേസമയം, സംസ്ഥാനത്ത് മഴക്കെടുതിയില്‍ മൂന്ന് മരണം. കണ്ണൂര്‍ കണ്ണവത്ത് വീടിന് മുകളില്‍ മരം വീണ് ഗൃഹനാഥന്‍ മരിച്ചു. പെരുവ സ്വദേശി ചന്ദ്രനാണ് മരിച്ചത്. കണ്ണൂര്‍ ചൂട്ടാട് അഴിമുഖത്ത് കനത്ത കാറ്റില്‍ ഫൈബര്‍ ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. തമിഴ്‌നാട് പുത്തുന്തറ സ്വദേശി ആന്റണിയാണ് മരിച്ചത്. ശക്തമായ കാറ്റില്‍ ഫൈബര്‍ ബോട്ട് മണല്‍ത്തിട്ടയില്‍ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റാണ് ആന്റണി മരിച്ചത്. പരുക്കേറ്റ സെല്‍വ ആന്റണി, ലേല അടിമൈ എന്നിവര്‍ ചികിത്സയില്‍. ഉടുമ്പന്‍ചോലയില്‍ മരം ഒടിഞ്ഞു വീണ് തോട്ടം തൊഴിലാളി മരിച്ചു. തമിഴ്‌നാട് തേനി ഉത്തമ പാളയം സ്വദേശി ലീലാവതി ആണ് മരിച്ചത്. തൃശ്ശൂര്‍ പീച്ചി ഡാമിന്റെ ഷട്ടറുകള്‍ നാളെ കൂടുതല്‍ ഉയര്‍ത്തും. കനത്ത മഴയെ തുടര്‍ന്ന് കൊല്ലം ജില്ലയിലെ തെന്മല ഡാം തുറന്നു.

എറണാകുളം ജില്ലയുടെ മലയോര മേഖലയില്‍ ജാഗ്രത നിര്‍ദേശം. മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യത. പുഴകളില്‍ ജലനിരപ്പ് ഉയര്‍ന്നേക്കും. രാത്രിയാത്രകള്‍ നിരോധിച്ചു. മലയോര മേഖലയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം.

Story Highlights : Heavy rain and winds will continue in the state

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top