‘രാത്രി പരിശോധന നടന്നിട്ടില്ല, ഇലക്ട്രിക് ഫെൻസിംഗ് പ്രവർത്തിക്കുന്നില്ല’; ജയിൽ സൂപ്രണ്ടിനെതിരെ നടപടിക്ക് ശിപാർശ

ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിൽ സൂപ്രണ്ടിന് എതിരെ നടപടിക്ക് ശിപാർശ.കണ്ണൂർ സെൻട്രൽ ജയിലിൽ ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായതായി ജയിൽ ഡിഐജിയുടെ പ്രാഥമിക റിപ്പോർട്ട്. വ്യാഴാഴ്ച രാത്രി 12 മണിക്ക് ശേഷം പരിശോധന നടന്നിട്ടില്ലെന്ന് കണ്ടെത്തൽ. സെല്ലിലെ ലൈറ്റുകൾ രാത്രിയിൽ പ്രവർത്തിച്ചിരുന്നില്ല. ആറുമാസമായി ഇലക്ട്രിക് ഫെൻസിംഗ് പ്രവർത്തിക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കമ്പി മുറിച്ച ആയുധം കണ്ടെത്താതിരുന്നത് സെല്ലിലെ പരിശോധനയിലെ വീഴ്ചയാണെന്ന് വിലയിരുത്തുന്നു. സെല്ലിൽ നിന്ന് പുറത്തിറങ്ങുന്നത് സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഗോവിന്ദച്ചാമിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന കാര്യത്തിൽ അന്വേഷണം വേണം.
ജയിലിലെ ഗുരുതര സുരക്ഷാവീഴ്ച ചര്‍ച്ചയാക്കിയാണ് ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം. 9 മാസമായി ഗോവിന്ദച്ചാമി ജയില്‍ ചാട്ടത്തിനായി തയ്യാറെടുക്കുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. സെല്ലിന്റെ മൂന്ന് അഴികള്‍ തകര്‍ത്തുവെന്നും എഫ്‌ഐആറില്‍ പറയുന്നുണ്ട്.
പത്താം ബ്ലോക്കിലെ 19-ാം സെല്ലിലാണ് ഗോവിന്ദച്ചാമിയെ പാര്‍പ്പിച്ചിരുന്നത്. താന്‍ ജയില്‍ ചാടുമെന്ന് ഗോവിന്ദച്ചാമി സഹതടവുകാരോട് പറഞ്ഞിരുന്നു. ജയിലിലെ അഴിയുടെ അടിഭാഗത്തായി കഴിഞ്ഞ 9 മാസങ്ങളായി ഗോവിന്ദച്ചാമി രാകിക്കൊണ്ടിരിക്കുകയായിരുന്നുവെന്ന് ഇയാളുടെ കുറ്റസമ്മത മൊഴിയിലുണ്ട്. തന്നെ സര്‍ക്കാര്‍ പുറത്തുവിടുമെന്ന് കരുതാത്തതിനാലാണ് ജയില്‍ചാട്ടത്തിനായി തയ്യാറെടുത്തതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. ജയിലില്‍ മരപ്പണിക്ക് വന്നവരില്‍ നിന്നാണ് ഇയാള്‍ ചില ആയുധങ്ങള്‍ കൈവശപ്പെടുത്തിയത്. മൂന്ന് അഴികള്‍ ഇയാള്‍ ഇത്തരത്തില്‍ രാകിക്കൊണ്ടിരുന്നു.
എല്ലാ ദിവസവും രാത്രി ഇയാള്‍ അഴികള്‍ രാകാറുണ്ടായിരുന്നുവെന്നും ഇന്നലെ രാത്രി 1.30ഓടെയാണ് പണികള്‍ പൂര്‍ത്തിയായതെന്നും കുറ്റസമ്മത മൊഴിയിലുണ്ട്. മൂന്ന് സ്ഥലത്ത് അഴികള്‍ അറുത്തുമാറ്റി ആദ്യം തന്റെ തലയും പിന്നീട് ശരീരവും പുറത്തിട്ടാണ് ഇയാള്‍ രക്ഷപ്പെട്ടത്. തന്റെ തല അഴികളിലൂടെ കടക്കുമോ എന്ന് മുന്‍പ് തന്നെ ഇയാള്‍ പരീക്ഷിച്ച് മനസിലാക്കിയതായും ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. ജയിലില്‍ നിന്ന് പുറത്തുവന്നശേഷം വാട്ടര്‍ടാങ്കിന് മുകളില്‍ കയറിനിന്ന് തോര്‍ത്തുകള്‍ കെട്ടിയിട്ടാണ് ഇയാള്‍ പുറത്തിറങ്ങിയത്. ഇതിനായി രണ്ടുമണിക്കൂറോളം സമയമെടുത്തു. എന്നിട്ടും ജയില്‍ അധികൃതരാരും ഗോവിന്ദച്ചാമിയെ കണ്ടില്ല. പിന്നീട് മുളങ്കമ്പില്‍ തുണി കെട്ടിയാണ് ഇയാള്‍ പുറത്തേക്ക് ചാടുന്നത്.
Story Highlights : Superintendent faces action following Govindachami’s prison escape
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here