ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തില്‍ വീണ്ടും നടപടി: കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അസിസ്റ്റന്റ് സൂപ്രണ്ടിനെ സസ്‌പെന്റ് ചെയ്തു

ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തില്‍ വീണ്ടും നടപടി. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അസിസ്റ്റന്റ് സൂപ്രണ്ടിനെ സസ്‌പെന്റ് ചെയ്തു. അസിസ്റ്റന്റ് സൂപ്രണ്ട് റിജോ ജോണിനെതിരെ ആണ് നടപടി. ജയില്‍ മേധാവി എഡിജിപി ബല്‍റാം കുമാര്‍ ഉപദ്ധ്യായയാണ് സസ്‌പെന്‍ഡ് ചെയ്തത്.
അന്വേഷണ വിധേയമായി മൂന്ന് ഉദ്യോഗസ്ഥരെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഡിപിഒ രജീഷ്, എപിഒമാരായ അഖില്‍, സഞ്ജയ് എന്നിവരെ സസ്‌പെന്റ് ചെയ്തതായി ഡിഐജി വി ജയകുമാര്‍ ഉത്തരവിട്ടു. ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായെന്ന് ജയില്‍ മേധാവി വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവത്തില്‍ ജയില്‍ ഡിഐജിയുടെ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ജയില്‍ മേധാവിക്ക് സമര്‍പ്പിക്കും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടികള്‍. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഗുരുതര സുരക്ഷാ വീഴ്ച്ചയുണ്ടായി എന്നായിരുന്നു ഡിഐജിയുടെ പ്രാഥമിക റിപ്പോര്‍ട്ട്. ജയിലിലെ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകാനാണ് സാധ്യത. ഗോവിന്ദച്ചാമിയുമായി ബന്ധപ്പെട്ടിരുന്ന സഹതടവുകാരുടെയും, സസ്പെന്‍ഷനിലായ ജയില്‍ ഉദ്യോഗസ്ഥരുടെയും മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തിയേക്കും.
അതിനിടെ, ഗോവിന്ദച്ചാമിക്കെതിരെ പൊലീസ് കൂടുതല്‍ വകുപ്പ് ചുമത്തി. പൊതുമുതല്‍ നശിപ്പിച്ച കുറ്റമാണ് ചുമത്തിയിരിക്കുന്നത്. PDPP 3(1) R/W 21 എന്ന ഗുരുതര വകുപ്പാണ് ചുമത്തിയത്. സെന്റര്‍ ജയിലിലെ അതീവ സുരക്ഷാ സംവിധാനം ആസൂത്രിതമായി തകര്‍ത്തുവെന്നതാണ് കുറ്റം. BNS 225(B) വകുപ്പ് മാത്രമാണ് നേരത്തെ ചുമത്തിയിരുന്നത്. ആറു മാസം തടവ് മാത്രം ശിക്ഷയുള്ള കുറ്റമാണ് ജയില്‍ ചാട്ടമെന്നാണ് ഗോവിന്ദച്ചാമി സഹതടവുകാരോട് പറഞ്ഞിരുന്നത്.
Story Highlights : Govindachamy jailbreak: another officer in Kannur prison suspended
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here