ആരാണ് ഇന്ത്യൻ മുഖ്യ പരിശീലക സ്ഥാനത്തേക്ക് നിയമിക്കപ്പെട്ട ഖാലിദ് ജമീൽ?

മനോലോ മർക്കസിന്റെ സ്ഥാനം ഒഴിയലിനുശേഷം ഇന്ത്യൻ ഫുട്ബോൾ മുഖ്യ പരിശീലക സ്ഥാനത്തേക്ക് ഖാലിദ് ജമീലിനെ നിയമച്ചിരിക്കുകയാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ. ഒരു കളിക്കാരനായും, പരിശീലകനായും പരിചയസമ്പത്തുള്ള അദ്ദേഹം ഇന്ത്യൻ ഫുട്ബോളിനോട് അടുത്ത് നിൽക്കുന്ന വ്യക്തിയാണ്.ഇന്ത്യക്കായി അന്താരാഷ്ട്ര മത്സരങ്ങളിൽ മികച്ച പ്രകടനവും, ഇന്ത്യയിലെ വിവിധ ക്ലബ്ബുകളെ പരിശീലിപ്പിച്ചിട്ടുള്ള അനുഭവസമ്പത്തും അദ്ദേഹത്തിന് അനുകൂലഘടകങ്ങളാണ്.
ഇന്ത്യൻ പരിശീലകൻ എന്നാണ് ഖാലിദ് ജമീൽ അറിയുന്നതെങ്കിലും 1977-ൽ കുവൈറ്റിലാണ് ജനനം. കുവൈറ്റിൽ ആയിരിക്കെ അവിടെ നടന്ന അണ്ടർ-14 ക്യാമ്പിൽ വച്ച് ഫ്രാൻസ് ദേശീയ ഫുട്ബോൾ ടീമിന്റെ പരിശീലകനായിരുന്ന മൈക്കൽ പ്ലാറ്റിനിയെ കണ്ടുമുട്ടി. അതിനുശേഷമാണ് ജമീലിന് ഫുട്ബോളിനോടുള്ള ഇഷ്ട്ടം വർദ്ധിക്കുന്നത്. പ്ലാറ്റിനി ആയിരുന്നു ജമീലിന്റെ പ്രിയപ്പെട്ട കളിക്കാരൻ.പിന്നീട് ഇന്ത്യയിലേക്ക് എത്തിയ അദ്ദേഹത്തിന് ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ എന്നീ ക്ലബുകളിൽ നിന്ന് ഓഫറുകൾ വന്നിരുന്നെങ്കിലും മദ്യ കമ്പനികൾ സ്പോൺസർമാർ ആയിരുന്നതിനാൽ അദ്ദേഹം അവ നിരസിച്ചു.
ഒരു കളിക്കാരനായി തന്നെയാണ് അദ്ദേഹം തന്റെ പ്രൊഫഷണൽ കരിയർ ആരംഭിച്ചത്. 1997-ൽ നാഷണൽ ഫുട്ബോൾ ലീഗിലെ മഹീന്ദ്ര യുണൈറ്റഡിലൂടെ തുടങ്ങിയ ജമീൽ പിന്നീട് എയർ ഇന്ത്യ ഫുട്ബോൾ ക്ലബ്ബിൽ ചേർന്നു. മഹീന്ദ്ര യൂണൈറ്റഡിലാണ് അദ്ദേഹം ആദ്യം ഒപ്പ് വച്ചിരുന്നതെങ്കിലും,അരങ്ങേറ്റമത്സരം എയർ ഇന്ത്യ ഫുട്ബോൾ ക്ലബിന് വേണ്ടിയായിരുന്നു.
2002-ൽ മഹീന്ദ്ര യൂണൈറ്റഡിലേക്ക് മടങ്ങിയെങ്കിലും, പരുക്ക് അദ്ദേഹത്തിന് വെല്ലുവിളിയായി.2007-ൽ മുംബൈ എഫ്സിയിൽ ചേർന്നെങ്കിലും അവിടെയും അദ്ദേഹത്തിന് പരുക്ക് വില്ലനായി മാറി. ഇതിനിടയിൽ 1998-ൽ ഉസ്ബെക്കിസ്ഥാനെതിരായ സൗഹൃദ മത്സരത്തിലൂടെ ജമീൽ ഇന്ത്യക്കായി ബൂട്ടണിഞ്ഞു. 2002-ലെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലും അദ്ദേഹം ഇന്ത്യൻ ടീമിനെ പ്രതിനിധീകരിച്ചിരുന്നു.1998 മുതൽ 2002 വരെയുള്ള കാലയളവിൽ ഇന്ത്യക്കായി അദ്ദേഹം 40 മത്സരങ്ങൾ കളിച്ചു. പരുക്കുകൾ വല്ലാതെ അലട്ടിയ അദ്ദേഹം 2009ൽ തന്റെ വിരമിക്കൽ പ്രഖ്യാപിച്ചു.
പരുക്കുകൾ കാരണം ബൂട്ടഴിച്ച അദ്ദേഹം പിന്നീട് മാനേജർ പോസ്റ്റിലൂടെ തിരിച്ച് കളിക്കളത്തിലേക്ക് വന്നു. തന്റെ അവസാന പ്ലേയിംഗ് ക്ലബ്ബായ മുംബൈ എഫ്സിയുടെ മാനേജറായി തുടങ്ങിയ അദ്ദേഹം ഐസ്വാൾ എഫ് സി, ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സി, ബെംഗളൂരു യുണൈറ്റഡ്, ചിത്വാൻ, ജംഷഡ്പൂർ എഫ് സി, എന്നീ ക്ലബുകളേയും നയിച്ചു.
Read Also: ഇന്ത്യൻ ഫുട്ബോളിന് പുതിയ ദിശ; ഖാലിദ് ജമീൽ ഇനി ടീമിനെ നയിക്കും
ബൂട്ടണിഞ്ഞ കാലയളവിലും പരിശീലക കാലയളവിലും നിരവധി ബഹുമതികളും അദ്ദേഹം നേടി. മഹീന്ദ്ര യുണൈറ്റഡിന് വേണ്ടി 2005–06 സീസണിൽ നാഷണൽ ഫുട്ബോൾ ലീഗ് കിരീടം, 2003, 2005 വർഷങ്ങളിൽ ഫെഡറേഷൻ കപ്പ്, 2001-ൽ ഡ്യൂറണ്ട് കപ്പ്, 2006-ൽ ഐഎഫ്എ ഷീൽഡ് എന്നിവ നേടിയ അദ്ദേഹം 1999–2000 ൽ സന്തോഷ് ട്രോഫി നേടിയ മഹാരാഷ്ട്ര ടീമിലും, 1997-ൽ സാഫ് ചാമ്പ്യൻഷിപ്പ് നേടിയ ഇന്ത്യൻ ടീമിലും അംഗമായിരുന്നു. മാനേജർ കാലയളവിൽ ഐസ്വാൾ എഫ് സിയെ 2016–17 സീസണിൽ ഐ-ലീഗ് ചാമ്പ്യന്മാരാക്കി.കൂടാതെ, ജംഷഡ്പൂർ എഫ്സിയെ (2025) സൂപ്പർ കപ്പ് റണ്ണറപ്പുകളാക്കി. വ്യക്തിഗത വിഭാഗത്തിൽ മികച്ച പുരുഷ പരിശീലകനുള്ള എ.ഐ.എഫ്.എഫിന്റെ അവാർഡും (2023–24, 2024–25), ഐ-ലീഗ് സയ്യിദ് അബ്ദുൾ റഹീം മികച്ച പരിശീലക അവാർഡും (2016–17), എഫ്‌പിഎഐയുടെ കോച്ച് ഓഫ് ദ ഇയർ (2020–21) പുരസ്കാരവും നേടി.
Story Highlights : Khalid Jamil appointed head coach of India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here