Advertisement

മിമിക്രിയിലൂടെ കലാരംഗത്തേക്ക്; സിനിമകളിൽ സജീവം; നവാസിന്റെ അപ്രതീക്ഷിത മടക്കം

12 hours ago
1 minute Read

കലാഭവൻ നവാസിന്റെ അപ്രതീക്ഷിത വിയോ​ഗത്തിൽ ഞെട്ടിയിരിക്കുകയാണ് കലാകേരളം. മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ നടനും മിമിക്രി കലാകാരനുമായ കലാഭവൻ നവാസിനെ ചോറ്റാനിക്കരയിലെ ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. നാടക, ടെലിവിഷൻ, സിനിമ രം​ഗത്ത് സജീവമായിരുന്നു നവാസ്. ഹൃദയാഘാതമെന്നാണ് വിവരം. കലാഭവന്റെ സ്റ്റേജ് പരിപാടികളിലൂടെ ശ്രദ്ധേയനായ നവാസ് 1995ൽ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

മിമിക്രിയിലൂടെ കലാരംഗത്തെത്തി കലാഭവനിൽ ചേർന്നതോടെയാണ് നവാസ് പ്രശസ്തിയിലേക്കെത്തിയത്. കലാഭവനിൽ നിന്ന് വെള്ളിത്തിരയിലേക്കും നവാസ് എത്തി. മിമിക്‌സ് ആക്ഷൻ 500, ഏഴരക്കൂട്ടം, ജൂനിയർ മാൻഡ്രേക്ക്, ഹിറ്റ്‌ലർ ബ്രദേഴ്‌സ്, ബസ് കണ്ടക്ടർ, കിടിലോൽ കിടിലം, മായാജാലം, മീനാക്ഷി കല്യാണം, മാട്ടുപ്പെട്ടിമച്ചാൻ, മിസ്റ്റർ ആൻഡ് മിസ്സിസ്, അമ്മ അമ്മായിയമ്മ, മൈ ഡിയർ കരടി, ചന്ദാമാമ, വൺമാൻ ഷോ, തില്ലാന തില്ലാന, വെട്ടം, ചക്കരമുത്ത്, ചട്ടമ്പിനാട്, തത്സമയം ഒരു പെൺകുട്ടി, മൈലാഞ്ചി മൊഞ്ചുള്ള വീട്, മേരാനാം ഷാജി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ആണ് അവസാനമായി തിയേറ്ററിലെത്തിയ ചിത്രം.

നവാസിന്റെ സഹോദരൻ നിയാസ് ബക്കറും അറിയപ്പെടുന്ന ‌‌ടെലിവിഷൻ, ചലച്ചിത്ര താരമാണ്. നിയാസ് ബക്കറിനൊപ്പവും അദ്ദേഹം നിരവധി ഷോകളുടെ ഭാ​ഗമായിട്ടുണ്ട്. ഇന്ന് രാത്രിയാണ് നവാസിന്റെ അപ്രതീക്ഷിത വിയോ​ഗവാർത്ത എത്തുന്നത്. ചോറ്റാനിക്കരയിലെ വൃന്ദാവൻ ഹോട്ടൽ മുറിയിൽ‌ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മുറിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഹോട്ടൽ മുറിയിൽ ചെക്ക്ഔട്ട് വൈകിയതിനെത്തുടർന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചോറ്റാനിക്കര ടാറ്റ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

പ്രകമ്പനം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് എത്തിയതായിരുന്നു നവാസ്. ജൂലായ്‌ 25 മുതൽ നവാസ്‌ ഇവിടെ താമസിച്ചു വരികയായിരുന്നു. ചിത്രത്തിൻറെ ഷൂട്ടിങ് ഇന്ന് പൂർത്തിയായിരുന്നു. സിനിമയുടെ അണിയറപ്രവർത്തകർ ഇന്ന് ഒഴിയുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഏറെ നേരം കഴിഞ്ഞിട്ടും നവാസിന്റെ മുറിയുടെ താക്കോൽ കിട്ടാതെ വന്നതോടെ ഹോട്ടൽ ജീവനക്കാരൻ റൂമിലെത്തി നോക്കിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

Story Highlights : Unexpected demise of Kalabhavan Navas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top