ഛത്തീസ്ഗഢിൽ കന്യാസ്ത്രീകൾക്ക് എതിരായ മനുഷ്യക്കടത്ത് കേസ്; അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി ഹൈബി ഈഡൻ എംപി

ഛത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവം ദേശീയ ശ്രദ്ധയിൽ കൊണ്ടുവരാൻ വീണ്ടും ശ്രമങ്ങൾ. വിഷയത്തിൽ ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി ഹൈബി ഈഡൻ എംപി. ഈ വിഷയത്തിൽ നേരത്തെയും നോട്ടീസ് നൽകിയിരുന്നെങ്കിലും അവ തള്ളി പോയിരുന്നു. അഞ്ച് ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ഹൈബി ഈഡൻ പുതിയ അടിയന്തര പ്രമേയ നോട്ടീസ് നൽകിയിരിക്കുന്നത്.
[Hibi Eden MP]
കന്യാസ്ത്രീകൾക്കെതിരെയുള്ള കേസ് പിൻവലിക്കുക, ബജ്‌റംഗ് ദൾ പ്രവർത്തകർക്കെതിരെയുള്ള പരാതിയിൽ കാര്യക്ഷമമായ അന്വേഷണം നടത്തുക, മതപരിവർത്തന ആരോപണം നേരിടുന്നവരെ ദേശീയ അന്വേഷണ ഏജൻസിയുടെ (NIA) പരിധിയിൽ കൊണ്ടുവരുന്നത് അവസാനിപ്പിക്കുക, ബജ്‌റംഗ് ദളിന്റെ നേതൃത്വത്തിൽ ആദിവാസികൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളിൽ നടപടി സ്വീകരിക്കുക, സാമുദായിക ഐക്യം നിലനിർത്തുക എന്നിവയാണ് ഈ അഞ്ച് പ്രധാന ആവശ്യങ്ങൾ.
ഈ വിഷയം അതീവ ഗൗരവമുള്ളതാണെന്നും സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു. കന്യാസ്ത്രീകൾക്കെതിരെ കേസെടുത്ത നടപടി ഏകപക്ഷീയമാണെന്നും ഇതിനു പിന്നിൽ വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമങ്ങളുണ്ടെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് ഈ വിഷയത്തിൽ വേണ്ടത്ര ഇടപെടലുകൾ ഉണ്ടായില്ലെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
Story Highlights : Human trafficking case against nuns in Chhattisgarh; Hibi Eden MP gives notice for urgent resolution
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here