വീണ്ടും അധിക തീരുവ; ‘ട്രംപിന്റേത് സാമ്പത്തിക ഭീഷണി’, രാഹുൽ ഗാന്ധി

ഇന്ത്യയ്ക്ക് മേൽ അമേരിക്ക അധിക തീരുവ 50 % ആക്കിയതിൽ പ്രതികരിച്ച് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. ഡൊണൾഡ് ട്രംപിന്റേത് സാമ്പത്തിക ഭീഷണിയാണ്. ഇന്ത്യയെ അന്യായമായ വ്യാപാര കരാറിലേക്ക് തള്ളി വിടാനുള്ള ശ്രമമാണിതെന്നും പ്രധാനമന്ത്രിയുടെ ബലഹീനത ഇന്ത്യൻ ജനതയുടെ താല്പര്യങ്ങളെ മറികടക്കാൻ കാരണമാകരുതെന്നും രാഹുൽഗാന്ധി എക്‌സിലൂടെ പ്രതികരിച്ചു. നേരത്തെ ഡൊണാൾഡ് ട്രംപിന്റെ താരിഫ് ഭീഷണികളിൽ മൗനം പാലിച്ചതിന് പ്രധാനമന്ത്രിയെ രാഹുൽഗാന്ധി വിമർശിച്ചിരുന്നു.
Trump’s 50% tariff is economic blackmail – an attempt to bully India into an unfair trade deal.
— Rahul Gandhi (@RahulGandhi) August 6, 2025
PM Modi better not let his weakness override the interests of the Indian people.
റഷ്യയിൽ നിന്നുള്ള അസംസ്കൃത എണ്ണയുടെ തുടർച്ചയായ വാങ്ങലിന് ഇന്ത്യയ്ക്ക് മേൽ 25 ശതമാനം അധിക തീരുവ നിരക്ക് ചുമത്തുന്ന എക്സിക്യൂട്ടീവ് ഉത്തരവിലാണ് ട്രംപ് ഒപ്പുവെച്ചത്. മൂന്ന് ആഴ്ചയ്ക്കുള്ളിൽ തീരുവ പ്രാബല്യത്തിൽ വരും. ഈ വ്യാഴാഴ്ച പ്രാബല്യത്തിൽ വരുന്ന 25 ശതമാനം പ്രത്യേക തീരുവയ്ക്ക് പുറമേയാണിത്.
അതേസമയം, യുഎസ് നടപടി അന്യായവും നീതീകരിക്കപ്പെടാത്തതുമാണെന്ന് ഇന്ത്യ പ്രതികരിച്ചു. അധിക തീരുവയായി 25 % കൂടി ചുമത്താനുള്ള യുഎസ് തീരുമാനം അങ്ങേയറ്റം നിർഭാഗ്യകരമാണെന്നാണ് ഇന്ത്യ വിശേഷിപ്പിച്ചത്. ദേശീയ താൽപര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഇന്ത്യ ആവർത്തിച്ചു.
യുക്രൈൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യക്ക് മേൽ അമേരിക്കയും സഖ്യകക്ഷികളും ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇതിനിടെ റഷ്യയിൽ നിന്ന് വൻതോതിൽ ഇന്ത്യ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തതാണ് അമേരിക്കയെ ചൊടിപ്പിച്ചത്. ഇത് വഴി റഷ്യയെ ഇന്ത്യ സഹായിക്കുന്നുവെന്നാണ് ട്രംപിന്റെ ആരോപണം.
റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ യുഎസും യൂറോപ്യൻ യൂണിയനും ഇന്ത്യയെ ഉന്നംവയ്ക്കുന്നത് അനീതിയാണെന്നു ഇന്ത്യ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഇന്ത്യയെ കുറ്റപ്പെടുത്തുന്നതിനിടയിലും അമേരിക്ക റഷ്യയിൽനിന്ന് യുറേനിയം ഹെക്സാഫ്ലൂറൈഡും യൂറോപ്യൻ രാജ്യങ്ങൾ വിവിധ രാസവസ്തുക്കളും വാങ്ങുന്നതും ചൂണ്ടിക്കാട്ടിയിരുന്നു.
Story Highlights : ‘Attempt to blackmail India’: Rahul Gandhi on Trump’s extra 25% tariff
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here