കാരണം കാണിക്കല്‍ നോട്ടീസില്‍ മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണം: ഡോ. ഹാരിസ് ഹസന്‍

കാരണം കാണിക്കല്‍ നോട്ടീസില്‍ മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ ഹാരിസ് ഹസന്‍.
ഈ മാസം നാല് മുതല്‍ ഡോ. ഹാരിസ് അവധിയിലാണ്. 29ന് നല്‍കിയ നോട്ടീസിന് മറുപടി നല്‍കാനുള്ള സമയപരിധി അവസാനിച്ചതോടെയാണ് സമയം നീട്ടി ചോദിച്ചത്.
അതേസമയം, വിദഗ്ധസമിതി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കിട്ടിയശേഷം വിശദീകരണം നല്‍കാമെന്നാണ് ഹാരിസിന്റെ നിലപാട്. ഇതിനായി മറ്റൊരാള്‍ മുഖേന വിവരാവകാശ അപേക്ഷയും നല്‍കി. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം അറിഞ്ഞാല്‍ മാത്രമേ വിശദമായ മറുപടി നല്‍കാന്‍ കഴിയൂ എന്നാണ് ഹാരിസ് പറയുന്നത്. അതിനിടെ മെഡിക്കല്‍ കോളജില്‍ നിന്ന് ഉപകരണങ്ങള്‍ കാണാതായ സംഭവത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഇന്നും നാളെയും പരിശോധന നടത്തും. യൂറോളജി വിഭാഗത്തില്‍ നേരിട്ട് എത്തിയായിരിക്കും പരിശോധന. ഡോക്ടര്‍ ഹാരിസില്‍ നിന്നും വിശദമായ മൊഴി രേഖപ്പെടുത്തും.
യൂറോളജി വിഭാഗത്തിലെ പരാധീനതകള്‍ തുറന്നുപറഞ്ഞ ഡോ. ഹാരിസ് ഹസനോട് വിശദീകരണം തേടിയത് സ്വാഭാവിക നടപടിയെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ ദിവസം വിശദീകരിച്ചത്. സര്‍വീസ് ചട്ടലംഘനം നടത്തിയതിനുള്ള വിശദീകരണം മാത്രമാണ് ഡോ ഹാരിസ് ഹസനോട് തേടിയത് എന്ന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. വിശദീകരണം രേഖാമൂലമോ നേരിട്ടോ നല്‍കാം. ചട്ടലംഘനം ഉള്‍ക്കൊള്ളുന്നതാണ് വിശദീകരണമെങ്കില്‍ അച്ചടക്ക നടപടി ഉണ്ടാവില്ല.
മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയ പ്രതിസന്ധി മാധ്യമങ്ങളിലൂടെ പുറത്തു പറഞ്ഞത് സദുദ്ദേശത്തോടെ എന്നും, എന്നാല്‍ നടപടി സര്‍വീസ് ചട്ടലംഘനം എന്നും അന്വേഷണ സമിതി കണ്ടെത്തിയിരുന്നു. അതിനാലാണ് വിശദീകരണം തേടിയത്.യൂറോളജി വിഭാഗത്തിലെ ഉപകരണം കാണാതായതും അച്ചടക്ക ലംഘനവും കൂട്ടിക്കുഴക്കേണ്ടതില്ല എന്ന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നു.
Story Highlights : Need more time to respond to show cause notice: Dr. Haris Hasan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here