Advertisement

‘അമ്മ’ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിൽ ശ്വേതയ്ക്കെതിരെ ആസൂത്രിത നീക്കം നടക്കുന്നു, ശ്വേതയ്ക്കൊപ്പം’: നടൻ റഹ്മാൻ

21 hours ago
1 minute Read

ശ്വേത മേനോന് പിന്തുണയുമായി നടൻ റഹ്മാൻ.‘അമ്മ’ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതുകൊണ്ടാണ് ശ്വേതയ്ക്കെതിരെ ആസൂത്രിത നീക്കം നടക്കുന്നതെന്നും റഹ്മാൻ പറഞ്ഞു. സിനിമ മേഖലയിൽ ഇത്തരം വൃത്തികെട്ട കളികളുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ശ്വേതയോട് കാണിക്കുന്ന അനീതിയിൽ എനിക്ക് ദേഷ്യം തോന്നുന്നുണ്ട്. ഏകദേശം മൂന്ന് പതിറ്റാണ്ടായി എനിക്ക് അവരെ അറിയാം. ഇക്കാലമത്രയും ഒരു യഥാർഥ സുഹൃത്തായിരുന്നു. സിനിമ മേഖലയിൽ ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ദയയുള്ള, ആത്മാർഥതയുള്ള ആളുകളിൽ ഒരാളാണ് ശ്വേത.

ഞങ്ങൾ ഒരുമിച്ച് ഒരു സിനിമയിൽ മാത്രമേ പ്രവർത്തിച്ചിട്ടുള്ളൂവെങ്കിലും ചെയ്ത ഷോകളും ഒരുമിച്ച് ചെലവഴിച്ച സമയവും മതി അവരുടെ സ്വഭാവം മനസ്സിലാക്കാൻ. സഹ അഭിനേതാക്കളോട്, പ്രത്യേകിച്ച് പുതുമുഖങ്ങളോട്, ക്രൂവിനോട്, സംഘാടകരോട്, ആരാധകരോട്,അവർ കാണിച്ച കരുതലും സ്നേഹവും ഞാൻ കണ്ടതാണെന്നും റഹ്മാൻ കുറിച്ചു.

ഈ ദുഷ്പ്രവൃത്തിക്ക് പിന്നിലെ ആളുകളെക്കുറിച്ചറിഞ്ഞ് ഞാനും ഭാര്യയും ഞെട്ടിപ്പോയി. വെറുപ്പുളവാക്കുന്ന പ്രവ‍ൃത്തിയാണ് അവർ ചെയ്തത്. നിങ്ങളുടെ പേര് കളങ്കപ്പെടുത്താനും മലയാളം ആർട്ടിസ്റ്റ്സ് അസോസിയേഷന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത് തടയാനുമുള്ള മനഃപൂർവമായ ശ്രമമാണിതെന്ന് വ്യക്തമാണ്.

രാഷ്ട്രീയത്തിൽ ഇത്തരം വൃത്തികെട്ട കളികൾ സാധാരണമാണ്, പക്ഷേ നമ്മുടെ സിനിമാ മേഖലയിലും അവ കാണുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും റഹ്മാൻ വ്യക്തമാക്കി. നേരത്തെ ബന്ധപ്പെടാൻ കഴിയാത്തതിൽ ഞാൻ ക്ഷമ ചോദിക്കുന്നു. ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്നു. എന്റെ പ്രിയ സുഹൃത്ത് ഷാനവാസിന്റെ വിയോഗവും തളർത്തിയെന്നും റഹ്മാൻ പറഞ്ഞു.

ഞാൻ ആരുടെ കൂടെയാണെന്നത് പൊതുജനങ്ങൾ അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾ ഇന്ന് എത്തി നിൽക്കുന്ന നിലയിലെത്താൻ എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ടെന്ന് എനിക്കറിയാം. നിങ്ങളെ ഉപദ്രവിക്കാൻ ശ്രമിച്ചവർ ഇതിന്റെ അനന്തരഫലങ്ങൾ നേരിടേണ്ടിവരുകതന്നെ ചെയ്യും. മലയാളം ആർട്ടിസ്റ്റ്സ് അസോസിയേഷന്റെ ഒരു മികച്ച പ്രസിഡന്റാകുമെന്നതിൽ എനിക്ക് സംശയമില്ല. എന്റെ പൂർണ പിന്തുണ ശ്വേതയ്ക്കാണെന്നും റഹ്മാൻ കുറിച്ചു.

Story Highlights : rahman supports shweta menon

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top