‘നോട്ടീസ് കാണിച്ച് ഭയപ്പെടുത്താമെന്ന് ഇലക്ഷൻ കമ്മിഷൻ വിചാരിക്കേണ്ട; പ്രതിഷേധവുമായി മുന്നോട്ടു പോകും’; കെ സി വേണുഗോപാൽ

വോട്ടർപട്ടിക ക്രമക്കേടിൽ നോട്ടീസ് കാണിച്ച് ഭയപ്പെടുത്താമെന്ന് ഇലക്ഷൻ കമ്മീഷൻ വിചാരിക്കേണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. രാഹുൽ ഗാന്ധി നടത്തിയ വാർത്താസമ്മേളനം രാജ്യം മുഴുവൻ കണ്ടതാണ്. ശകുൻ റാണിയുടെ പേരിൽ രണ്ടു വോട്ട് ചെയ്തു. ഇതിന് തെളിവുണ്ടെന്ന് കെ സി വേണുഗോപാൽ പറഞ്ഞു.
ഇന്ത്യാ സഖ്യത്തിലെ എംപിമാർ തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് മാർച്ച് നടത്തും. മറുപടി കിട്ടുന്നതുവരെ പ്രതിഷേധവുമായി കോൺഗ്രസ് മുന്നോട്ടു പോകുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. ഇരട്ട വോട്ട് ചെയ്തു എന്നതിന് തെളിവുണ്ട്. വ്യക്തമായ രേഖകൾ തങ്ങളുടെ കൈയിലുണ്ട്. ചോദ്യം ചോദിച്ച ഞങ്ങൾക്കെതിരെയാണ് നടപടിയെങ്കിൽ എടുക്കട്ടെ. സത്യം പുറത്തുകൊണ്ടുവരിക തന്നെ ചെയ്യും. തെളിവുകൾ എല്ലാം കർണാടക തിരഞ്ഞെടുപ്പ് കമ്മീഷന് കൊടുത്തുവെന്ന് കെ സി വേണുഗോപാൽ പറഞ്ഞു.
അതേസമയം ശകുൻ റാണി എന്ന സ്ത്രീ ഇരട്ട വോട്ട് ചെയ്തുവെന്ന ആരോപണത്തിൽ തെളിവുകൾ ഹാജരാക്കാൻ കർണാടക ചീഫ് ഇലക്ടറൽ ഓഫീസർ രാഹുലിന് നോട്ടീസ് നൽകിയിരുന്നു. പേരിലും ഫോട്ടോയിലും കൃത്രിമം നടത്തി ശകുൻ റാണി എന്ന വയോധിക ഇരട്ട വോട്ട് ചെയ്തുവെന്നായിരുന്നു ആരോപണം. അതിനിടെ ഡിജിറ്റൽ വോട്ടർ റോൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിടുന്നില്ലെന്ന് ആരോപണത്തിൽ മറുപടിയുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്തെത്തി.
എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും കമ്മീഷൻ വെബ്സൈറ്റിൽ നിന്ന് വോട്ടർ റോൾ ഡൗൺലോഡ് ചെയ്യാമെന്നും, ആരോപണം തെറ്റിദ്ധരിപ്പിക്കുന്നതെന്നും കമ്മീഷൻ വ്യക്തമാക്കി. അതിനിടെ രാഹുലിന്റെ ആരോപണത്തിന്റെ ചുവടുപിടിച്ച് കർണാടക സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു.തെറ്റായ വോട്ടർ പട്ടിക പുറത്തുവിട്ട് രാഹുൽ ജനങ്ങളെ പറ്റിക്കുന്നുവെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ പ്രതികരിച്ചു.
Story Highlights : KC Venugpoal against election commission
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here