‘മഹാരാഷ്ട്രയില്‍ 160 സീറ്റുകള്‍ തരാമെന്ന് രണ്ടുപേര്‍ വന്ന് പറഞ്ഞു, ഞാനും രാഹുലും നിരസിച്ചു’;വെളിപ്പെടുത്തലുമായി ശരദ് പവാര്‍

തിരഞ്ഞെടുപ്പ് അട്ടിമറിയുമായി ബന്ധപ്പെട്ട് പുതിയ ആരോപണവുമായി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. മഹാരാഷ്ട്രയില്‍ 160 സീറ്റുകള്‍ വാഗ്ദാനം ചെയ്ത് രണ്ടുപേര്‍ തന്നെ സമീപിച്ചുവെന്നാണ് ശരദ് പവാറിന്റെ വെളിപ്പെടുത്തല്‍. വാഗ്ദാനം താനും രാഹുല്‍ ഗാന്ധിയും നിരസിച്ചെന്നും വെളിപ്പെടുത്തലിലുണ്ട്. (Sharad Pawar claims 160-seat offer in Maharashtra Assembly polls)
288 സീറ്റുകളുള്ള മഹാരാഷ്ട്രയില്‍ 160 സീറ്റുകള്‍ പ്രതിപക്ഷത്തിന് നല്‍കാമെന്നും അതിനുള്ള വഴികള്‍ തങ്ങളുടെ കൈയിലുണ്ടെന്നും പറഞ്ഞ് രണ്ടുപേര്‍ സമീപിച്ചുവെന്നാണ് ശരദ് പവാര്‍ പറയുന്നത്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള എല്ലാ സംവിധാനങ്ങളും കൈയിലുണ്ടെന്ന് ഈ രണ്ടുപേര്‍ തന്നെ സൂചന നല്‍കിയെന്ന ഗുരുതരമായ കാര്യമാണ് ശരദ് പവാറിന്റെ വെളിപ്പെടുത്തലിലുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്‍പേ ഇവര്‍ തന്നെ സമീപിക്കുകയായിരുന്നുവെന്നും വാഗ്ദാനം കേട്ട് താന്‍ അത്ഭുതപ്പെട്ടുപോയെന്നും ശരദ് പവാര്‍ പറയുന്നു. എന്നിട്ടും ആ സമയത്തുപോലും താന്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ സംശയിച്ചിരുന്നില്ലെന്നും അവരെ അവഗണിക്കാനാണ് താനും രാഹുല്‍ ഗാന്ധിയും തീരുമാനിച്ചതെന്നും ശരദ് പവാര്‍ വെളിപ്പെടുത്തി.
ഇതുപോലുള്ള വഴഞ്ഞ വഴിയല്ല തങ്ങളുടേതെന്നും ജനപിന്തുണ ആര്‍ജിക്കാനും തിരഞ്ഞെടുപ്പിനെ സത്യസന്ധമായി നേരിടാനുമാണ് താനും രാഹുലും നിശ്ചയിച്ചതെന്നും ശരദ് പവാര്‍ പറഞ്ഞു. തന്നെ സമീപിച്ചവര്‍ പറഞ്ഞതൊന്നും കാര്യമായി എടുക്കാന്‍ തോന്നാത്തതിനാല്‍ അവരുടെ കോണ്‍ടാക്ട് വിവരങ്ങള്‍ താന്‍ സൂക്ഷിച്ചിട്ടില്ലെന്നും ശരദ് പവാര്‍ പറഞ്ഞു. ഏത് തിരഞ്ഞെടുപ്പെന്ന് പവാര്‍ വ്യക്തമാക്കിയിട്ടില്ലെങ്കിലും 2024ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പാണ് അദ്ദേഹം ഉദ്ദേശിച്ചതെന്ന് ഏതാണ്ട് ഉറപ്പാകുകയാണ്. എന്നാല്‍ എന്തുകൊണ്ട് ശരദ് പവാര്‍ ഇതിനുമുന്‍പ് ഇത്തരമൊരു സംഭവത്തെക്കുറിച്ച് പറഞ്ഞില്ല എന്ന ചോദ്യമുന്നയിച്ചിരിക്കുകയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്.
Story Highlights : Sharad Pawar claims 160-seat offer in Maharashtra Assembly polls
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here