Advertisement

‘എംപിയായി വിലസാൻ തന്നെയാണ് തീരുമാനം; തടയാൻ എം വി ജയരാജൻ മതിയാകില്ല’; സി സദാനന്ദൻ

23 hours ago
2 minutes Read

കമ്മ്യുണിസ്റ്റുകാരെ ജയിലിലാക്കി എം പിയായി വിലസാമെന്ന് ആരും കരുതേണ്ടെതെന്ന എം വി ജയരാജന്റെ പരാമർശത്തിന് മറുപടിയുമായി സി സദാനന്ദൻ എംപി. എംപിയായി വിലസാൻ തന്നെയാണ് തീരുമാനമെന്നും, തടയാൻ എം വി ജയരാജൻ മതിയാകില്ലെന്നും സി സദാനന്ദൻ. കാലുവെട്ടിയ കേസിൽ കമ്മ്യൂണിസ്റ്റുകാരെ ജയിലാക്കിയത് പരമോന്നത നീതിപീഠമാണ്. താൻ രാജ്യസഭാംഗമായത് സാമൂഹ്യ സേവനത്തിനുള്ള അംഗീകാരമായാണെന്നും സി സദാനന്ദൻ എംപിയുടെ ഫേസ്ബുക്ക് കുറിപ്പ്.

നിങ്ങൾ ബോംബും വാളും കൊണ്ട് കൊടും ക്രൂരത കാട്ടിയതിന്റെ ശിക്ഷയാണതെന്ന് തന്നെ തടയാൻ സഖാവിൻറെ സൈന്യം പോരാതെ വരുമെന്നും സി സദാനന്ദൻ ഫേസ്ബുക്കിൽ കുറിച്ചു. അസഹിഷ്ണുത പൂണ്ട് കലിതുള്ളി തൊണ്ടപൊട്ടിക്കേണ്ടെന്നും കുറിപ്പിൽ സദാനന്ദൻ പറഞ്ഞു. നാട്ടിൽ നന്മ പുലർന്നു കാണാനാഗ്രഹിക്കുന്ന ലക്ഷങ്ങളുടെ പിന്തുണ തനിക്കുണ്ട് അതുകൊണ്ട് ആ വാറോല മടക്കിക്കെട്ടി അങ്ങ് അലമാരയിൽ വെച്ചാൽ മതിയെന്നും സി സദാനന്ദൻ പറഞ്ഞു.

Read Also: ‘മെത്രാന്മാർക്ക് പ്രതികരിക്കാൻ എകെജി സെന്ററിൽ നിന്ന് തിട്ടൂരം വാങ്ങണോ?’; എം.വി ഗോവിന്ദനെതിരെ തലശേരി അതിരൂപത

സി സദാനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്

എം.പി.യായി വിലസാൻ തന്നെയാണ് തീരുമാനം….!!
തിരക്കിലായിരുന്നതുകൊണ്ട് സഖാവിന്റെ തീട്ടൂരം അറിയാൻ വൈകി. എം.പിയായി വിലസുന്നതു തടയാൻ താങ്കൾ മതിയാവില്ലല്ലോ സഖാവേ….!! സഖാവിന്റെ സൈന്യവും പോരാതെ വരും. കമ്മ്യൂണിസ്റ്റുകാരെ (?) ജയിലിലാക്കിയത് പരമോന്നത നീതിപീഠമാണ്. നിങ്ങൾ നേതാക്കൾ ബോംബും വാളും മഴുവും നൽകി പറഞ്ഞയച്ചതനുസരിച്ച് കൊടുംക്രൂരത കാണിച്ചതിനുള്ള ശിക്ഷയാണ്. ഇപ്പോൾ വിലപിച്ചിട്ട് കാര്യമില്ല.

ഞാൻ രാജ്യസഭാംഗമായത് ആരാധ്യയായ രാഷ്ട്രപതിയുടെ ഉത്തരവിലൂടെയാണ്. ലോക നേതാവായ പ്രധാനമന്ത്രിയുടെ നിർദ്ദേശത്താലാണ്. പ്രസ്ഥാനത്തിനായി ജീവൻ വെടിഞ്ഞവർ (അല്ല നിങ്ങൾ കൊത്തിക്കീറി സംഹരിച്ചവർ) നെഞ്ചേറ്റിയ ആദർശത്തിന്റെ സാക്ഷാത്ക്കാരമായാണ്. പ്രസ്ഥാനം പഠിപ്പിച്ചതനുസരിച്ച് ദശാബ്ദങ്ങളായി നടത്തുന്ന സാമൂഹ്യ സേവനത്തിനുള്ള അംഗീകാരമായാണ്.

അതിൽ അസഹിഷ്ണുത പൂണ്ട്, വെറികൊണ്ട് കലിതുള്ളി തൊണ്ട പൊട്ടിക്കേണ്ട…. ഫലമില്ല. നിങ്ങളുടെ അടിമത്തം പേറാൻ മനസ്സില്ലന്ന് ചങ്കൂറ്റത്തോടെ പ്രഖ്യാപിച്ചതിന്റെ പേരിൽ ദുരിതം പേറേണ്ടിവന്ന അനേകായിരം അമ്മമാരുടെ, കുടുംബങ്ങളുടെ ആശിർവാദം എന്നോടൊപ്പമുണ്ട്. നാട്ടിൽ നന്മ പുലർന്നു കാണാനാഗ്രഹിക്കുന്ന ലക്ഷങ്ങളുടെ പിന്തുണയെനിക്കുണ്ട്. അതുകൊണ്ട് ആ വാറോല മടക്കിക്കെട്ടി അങ്ങ് അലമാരയിൽ വെച്ചാൽ മതി.

ഇങ്ങനെയൊക്കെ പറയണമെന്ന് ചിന്തിച്ചതേയല്ല. പറയരുതെന്നു തന്നെയാണ് നിശ്ചയിച്ചിരുന്നതും. പറയിപ്പിച്ചേ അടങ്ങൂ എന്നാണെങ്കിൽ എന്തു ചെയ്യും…! നാടിന് ഗുണമുണ്ടാകുന്ന പണി ധാരാളം വേറെയുണ്ട്.

Story Highlights : C Sadanandan MP responds to MV Jayarajan’s remarks

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top