Advertisement

ഹോക്കിയിലെ സൗമ്യനായ ഡോക്ടർ ഇനി ഇല്ല

5 hours ago
2 minutes Read
cover

ടെന്നിസ് കളിക്കിടെ ഒരു പിഴവുപറ്റിയാൽ ലിയാൻഡർ പെയ്സ് സ്വയം പ്രഖ്യാപിക്കും.”ഐ ക്യാൻ ഡൂ ഇറ്റ്, ഐ ക്യാൻ ഡൂ ഇറ്റ് തൗസൻ്റ് ടൈംസ് “. അതൊരു ആത്മവിശ്വാസമാർജിക്കലാണ്. പലപ്പോഴും ഇത് കണ്ടിട്ടുണ്ട്. പക്ഷേ, ആരാണ് ലിയാൻഡറിന് കളിക്കളത്തിൽ ആത്മവിശ്വാസം പകരുന്നത് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുണ്ടായിരുന്നുള്ളൂ. പിതാവ് ഡോക്ടർ വേസ് പെയ്സ്. ലിയാൻഡറിൻ്റെ മാതാവ് ജെന്നിഫർ ഇന്ത്യൻ ബാസ്ക്കറ്റ്ബോൾ താരമായിരുന്നു. പക്ഷേ, ലിയാൻഡറിന് എന്നും റോൾ മോഡൽ പിതാവു തന്നെയായിരുന്നു. 1996 ൽ അറ്റ്ലാൻ്റയിൽ നടന്ന ഒളിംപിക്സിൽ ടെന്നിസ് സിംഗിൾസിൽ ലിയാൻഡർ പെയ്സ് വെങ്കലം നേടിയപ്പോഴാണ് പുതിയ തലമുറയ്ക്ക് ഡോ. വേസ് പെയ്സിനെ ഓർമവന്നത്. അദ്ദേഹവും ഒളിംപിക് മെഡൽ ജേതാവാണ്. പിതാവിന് പിന്നാലെ പുത്രനും ഒളിംപിക് മെഡൽ നേടിയ സംഭവം ഇന്ത്യൻ കായിക ചരിത്രത്തിൽ വേറിട്ടതായി.

സെമിയിൽ സാക്ഷാൽ ആന്ദ്രേ ആഗസിയോട് പൊരുതിത്തോറ്റ ലിയാൻഡർ വെങ്കല മെഡൽ പോരാട്ടത്തിൽ ബ്രസീലിൻ്റെ ബർണാണ്ടോ ബലിജെനിക്കെതിരെ ആദ്യ സെറ്റ് നഷ്ടപ്പെടുത്തി രണ്ടാം സെറ്റിൽ 30-40 ന് പിന്നിട്ടു നിന്നശേഷമാണ് തിരിച്ചുവന്നത് അതും കൈക്കുഴയ്ക്കു സംഭവിച്ച പരുക്ക് പൂർണമായും ഭേദ മാകാതെ, വേദന സഹിച്ച്.

തീർച്ചയായും സ്പോർട്സ് മെഡിസിൻ വിദഗ്ദ്ധനായ പിതാവിൻ്റെ ഉപദേശം പെയ്സിന് കിട്ടിയിരിക്കും. ലിയാൻഡർ സജീവ ടെന്നിസിൽ നിന്നു വിരമിച്ചു. പക്ഷേ, ജീവിതവഴിയിലും ലിയാൻഡറിനെ നയിക്കാൻ ഇനി പിതാവ് ഇല്ല. ഇന്നു രാവിലെ അദ്ദേഹം അന്തരിച്ചു. എൺപത് വയസ് ആയിരുന്നു.

1994 ൽ ഹിരോഷിമയിൽ ഏഷ്യൻ ഗെയിംസ് വേളയിലാണെന്നാണ് ഓർമ.ടെന്നിസ് കോർട്ടിൽ ഗാലറിയിൽ നിരുപമ വൈദ്യനാഥൻ്റെ കഴുത്ത് ബാം ഇട്ട് തിരുമ്മുന്ന ഒരു സാധാരണക്കാരൻ. നന്ദി പറഞ്ഞ് എഴുന്നേറ്റപ്പോൾ നിരുപമ കാട്ടിയ ആദരവ് ഞാൻ ശ്രദ്ധിച്ചു. പിന്നെ, ദി ഹിന്ദുവിൻ്റെ എസ്.ത്യാഗരാജനോട് ചോദിച്ച് ഉറപ്പിച്ചു. ഡോ.വേസ് പെയ്സ്. ലിയാൻഡർ പെയ്സിൻ്റെ പിതാവ്. 1972 ലെ മ്യൂണിക്ക് ഒളിംപിക്സിൽ വെങ്കലം നേടിയ ഇന്ത്യൻ ഹോക്കി ടീമിൻ്റെ മിഡ് ഫീൽഡർ. ഏറെ നേരം അടുത്തിരുന്ന് സംസാരിച്ചു. കേരളത്തിൽ നിന്നെന്നു പറഞ്ഞപ്പോൾ ബ്രിട്ടാനിയ രാജൻ പിള്ളയുടെ നാടിനെക്കുറിച്ചൊക്കെ ചോദിച്ചത് ഓർക്കുന്നു.

1996 ൽ അറ്റ്ലാൻ്റ ഒളിംപിക്സിൽ ലിയാൻഡർ ടെന്നിസിൽ വെങ്കലം നേടിയപ്പോൾ ഡോ. വേസ് പെയ്സിനെ കോർട്ടിൽ തിരഞ്ഞെങ്കിലും കാണാൻ സാധിച്ചില്ല. കോച്ച് ജയദീപ് മുഖർജിയോട് തിരക്കിയപ്പോൾ വ്യക്തമായ മറുപടിയും കിട്ടിയില്ല. ഇന്നു രാവിലെ പ്രമുഖ സ്പോർട്സ് ലേഖിക എലോറ സെന്നിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ നിന്നാണ് ഡോക്ടർ അന്തരിച്ചുവെന്ന വാർത്തയറിഞ്ഞത്. എലോറയ്ക്കും വഴികാട്ടിയായിരുന്നു ഡോക്ടർ വേസ് പെയ്സ്.

മ്യൂണിക്ക് ഒളിംപിക്സിൽ ഡോ. വേസ് കളിക്കുമ്പോൾ ഇന്ത്യൻ ടീമിൻ്റെ ഡോക്ടർ, മലയാളിയായ,ടെന്നിസ് താരം കൂടിയായ ഡോക്ടർ ഗോപിനാഥ് കോട്ടൂർ ആയിരുന്നു. ഒടുവിൽ 2004ൽ ആഥൻസ് ഒളിംപിക്സിൽ ഇന്ത്യൻ സംഘത്തിൽ ഡോക്ടറായി വേസ് പെയ്സും മലയാളിയായ പി.എസ്.എം.ചന്ദ്രനും വൈറൻ റസ്ക്വിനോയും ഉണ്ടായിരുന്നു. സഹൃദയനായിരുന്നു ഡോ. പെയ്സ് എന്ന് ഡോ. ചന്ദ്രൻ ഓർക്കുന്നു. ബി.സി.സി.ഐയിലും ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിലും ഡോപ്പിങ് വിരുദ്ധ ടീമിൽ പ്രവർത്തിച്ച ഡോ. പെയ്സ് കൽക്കട്ട ക്രിക്കറ്റ് ക്ലബിൻ്റെയും കൽക്കട്ട ഫുട്ബോൾ ക്ലബിൻ്റെയും പ്രസിഡൻ്റ് ആയിരുന്നു. 1996 മുതൽ 2000 വരെ ഇന്ത്യൻ റഗ്ബി ഫുട്ബോൾ യൂണിയൻ സാരഥിയായിരുന്നു. സ്പോർട്സിൽ അദ്ദേഹമൊരു ഓൾറാണ്ടർ തന്നെയായിരുന്നു. ഒരു പക്ഷേ, വൈവിധ്യമായ മികവുകളിലുള്ള ആത്മവിശ്വാസമാകാം അദ്ദേഹത്തെ സഹൃദയനും വിനയാന്വിതനുമാക്കിയത്. അതുകൊണ്ടുതന്നെ ആ ഓർമകൾ മായില്ല.

പ്രണാമം ഡോക്ടർ.

Story Highlights : Dr Vece Paes, Olympic medallist and father of tennis great Leander, dies

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top