ഇ20 കിറ്റ്: എഥനോള്‍ കലര്‍ന്ന പെട്രോളിലെ ആശങ്ക ഒഴിവാക്കാന്‍ മാരുതി സുസുക്കി

എഥനോള്‍ കലര്‍ന്ന പെട്രോള്‍ ഉപയോഗിക്കുന്നത് രാജ്യത്ത് വാഹന ഉപഭോക്താക്കളെ ആശങ്കയിലാക്കിയിരിക്കുകയാണ്. ഈ ആശങ്കയ്ക്ക് പരിഹാരവുമായി രംഗത്തെത്തിയിരിക്കുകയാണ് വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി. എഥനോള്‍ കലര്‍ന്ന പെട്രോള്‍ ഉപയോഗിച്ചാലും പണി വരുമെന്ന പേടിക്കാതെ വണ്ടി ഓടിക്കാന്‍ കഴിയുന്ന ഇ20 കിറ്റാണ് മാരുതി അവതരിപ്പിച്ചിരിക്കുന്നത്. 10-15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ക്കായാണ് കിറ്റ് പുറത്തിറക്കുന്നത്.
പുതയി ഇന്ധന പൈപ്പുകളും, സീലുകളും, ഗാസ്‌കെറ്റുകളുമാണ് കിറ്റില്‍ വരുന്നത്. 4000 രൂപ മുതല്‍ 6,000 രൂപ വരെയാണ് കിറ്റിന് വരുന്ന വിപണി വില. മാരുതിയ്ക്ക് പിന്നാലെ മറ്റ് ബ്രാന്‍ഡുകളും അവരുടേതായ ഇ20 കിറ്റുകള്‍ പുറത്തറിക്കാന്‍ സാധ്യതയുണ്ട്. പുതിയ വാഹനങ്ങളില്‍ എഥനോള്‍ കലര്‍ന്ന പെട്രോളായ ഇ20 ഇന്ധനം ഉപയോഗിക്കുമ്പോള്‍ കുഴപ്പമില്ലെങ്കിലും പഴയ കാറുകളില്‍ ഉപയോഗിക്കുന്നത് സുരക്ഷിതമല്ല.
എഥനോൾ ബ്ലെൻഡഡ് പെട്രോൾ പദ്ധതിയുടെ ഭാഗമായാണ് രാജ്യത്ത് ഇ20 ഇന്ധന പദ്ധതി രാജ്യത്ത് അവതരിപ്പിച്ചത്. എന്നാൽ രാജ്യത്ത് E20 പെട്രോൾ വിൽക്കാനുള്ള സർക്കാരിന്റെ പദ്ധതിയ്ക്ക് വേണ്ടത്ര ജനപ്രീതിയില്ലതാവുകയാണ്. E20 ഇന്ധനം വാഹന മൈലേജ് കുറയ്ക്കുന്നു എന്നതാണ് ഇതിന് കാരണം. E20 ഇന്ധനം വാഹനങ്ങളുടെ മൈലേജ് 1 മുതൽ 6 ശതമാനം വരെ കുറയ്ക്കുമെന്നും, പഴയ വാഹനങ്ങളിൽ എൻജിൻ തുരുമ്പ്, കേടുപാടുകൾ എന്നീ ഉണ്ടാകാമെന്നും ഉപഭോക്താക്കൾ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. വിഷയത്തിൽ, സർക്കാർ പറയുന്നത് E20 സുരക്ഷിതവും, പരിസ്ഥിതി സൗഹൃദവുമാണെന്നാണ്.
എഥനോൾ ചേർത്ത പെട്രോൾ (ഇ20) ഉപയോഗിക്കുമ്പോൾ വാഹനത്തിന്റെ മൈലേജിൽ ആനുപാതികമായ കുറവുണ്ടാകുമെന്ന് കേന്ദ്ര പെട്രോളിയം ആൻഡ് ന്യാചുറൽ ഗ്യാസ് മന്ത്രാലയം തന്നെ വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. ഫലപ്രദമായി എഞ്ചിൻ ട്യൂൺ ചെയ്യുന്നതിലൂടെയും ഇ20ക്ക് അനുസൃതമായ എഞ്ചിൻ ഘടകങ്ങൾ ഉപയോഗിക്കുന്നതിലൂടെ പ്രശ്നപരിഹാരം ഉണ്ടാകുമെന്നാണ് മന്ത്രാലയം പറയുന്നത്.
Story Highlights : Maruti To Offer E20 Upgrade Kits For Up To 15 Years Old Cars
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here