ഡാർക്ക് വെബ് മയക്കുമരുന്ന് കേസ്; മുഖ്യസൂത്രധാരൻ മലയാളി,എൻസിബി അന്വേഷണം ഓസ്‌ട്രേലിയയിലേക്ക്

ഡാർക്ക് വെബ് വഴി രാജ്യത്തേക്ക് മയക്കുമരുന്ന് കടത്തിയ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ലഹരിക്കടത്ത് ശൃംഖലയുടെ മുഖ്യസൂത്രധാരൻ ഓസ്‌ട്രേലിയയിൽ നിന്ന് പ്രവർത്തിക്കുന്ന കൊച്ചി വാഴക്കാല സ്വദേശിയാണെന്ന് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (NCB) കണ്ടെത്തി. ഇയാളെ രാജ്യത്തേക്ക് എത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങൾ എൻസിബി ആരംഭിച്ചു കഴിഞ്ഞു.
നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എഡിസൺ എന്ന പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് ഈ നിർണായക വിവരങ്ങൾ എൻസിബിക്ക് ലഭിച്ചത്. ഓസ്‌ട്രേലിയയിൽ നിന്ന് ഡാർക്ക് വെബ് ഉപയോഗിച്ച് മയക്കുമരുന്ന് കടത്ത് നിയന്ത്രിച്ചിരുന്നത് ഈ വാഴക്കാല സ്വദേശിയാണെന്ന് എൻസിബി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
ഇതുകൂടാതെ ലഹരി വിൽപ്പനയിലൂടെ ലഭിക്കുന്ന പണം ഓസ്‌ട്രേലിയയിൽ വെച്ച് ബിറ്റ്‌കോയിൻ ആക്കി മാറ്റിയിരുന്നതും ഇയാളാണ്. കള്ളപ്പണം വെളുപ്പിക്കുന്നതിനും ഇടപാടുകൾ രഹസ്യമായി സൂക്ഷിക്കുന്നതിനും വേണ്ടിയാണ് ബിറ്റ്‌കോയിൻ ഉപയോഗിച്ചത്. കൂടാതെ ‘കെറ്റാമെലോൺ’ എന്ന കോഡ് നാമം എഡിസണ് നൽകിയതും ഈ മുഖ്യപ്രതിയാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.
Read Also: ബില്ലുകൾക്കുള്ള സമയപരിധിയിൽ എതിർപ്പുമായി കേന്ദ്രം; സുപ്രീംകോടതിയെ നിലപാടറിയിച്ചു
ഈ പുതിയ കണ്ടെത്തലുകളുടെ പശ്ചാത്തലത്തിൽ കേസിലെ കൂടുതൽ വിവരങ്ങൾക്കായി എൻസിബി എഡിസണെ വീണ്ടും കസ്റ്റഡിയിൽ എടുക്കാൻ സാധ്യതയുണ്ട്. അന്താരാഷ്ട്ര ലഹരിമാഫിയയുമായി ബന്ധമുള്ള ഈ കേസിൽ കൂടുതൽ പ്രതികളുണ്ടോ എന്നും എൻസിബി അന്വേഷിക്കുന്നുണ്ട്. മുഖ്യപ്രതിയെ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള നിയമപരമായ നടപടിക്രമങ്ങൾ ആരംഭിച്ചതായി എൻസിബി വൃത്തങ്ങൾ അറിയിച്ചു.
Story Highlights : Dark web drug case;The main mastermind is a Malayali, NCB investigation to Australia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here