കുവൈത്ത് വിഷമദ്യ ദുരന്തം; കണ്ണൂര്‍ സ്വദേശി സച്ചിന്റെ മൃതദേഹം ഇന്ന് നാട്ടില്‍ എത്തിക്കും

കുവൈത്തിലെ വിഷമദ്യ ദുരന്തത്തില്‍ മരിച്ച കണ്ണൂര്‍ ഇരണാവ് സ്വദേശി സച്ചിന്റെ മൃതദേഹം ഇന്ന് നാട്ടില്‍ എത്തിക്കും. പുലര്‍ച്ചെ വിമാന മാര്‍ഗം കോഴിക്കോട് എത്തിക്കുന്ന മൃതദേഹം രാവിലെ എട്ട് മണിയോടെ കണ്ണൂര്‍ ഇരണാവിലെ വീട്ടില്‍ എത്തിക്കും. വിഷമദ്യം കഴിച്ച് സച്ചിന്‍ മരിച്ചെന്ന വിവരം വ്യാഴാഴ്ച്ച രാത്രിയാണ് ബന്ധുക്കള്‍ക്ക് ലഭിച്ചത്. മൂന്ന് വര്‍ഷമായി കുവൈത്തിലുള്ള സച്ചിന്‍ ഹോട്ടല്‍ സ്റ്റാഫായി ജോലി ചെയ്തുവരികയായിരുന്നു.
സംഭവത്തില്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയം അന്വേഷണം കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. വ്യാജമദ്യ നിര്‍മാണ കേന്ദ്രം നടത്തിപ്പുകാരായ രണ്ട് ഏഷ്യക്കാരെ കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഭൂരിഭാഗം കേസുകളും ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.ജീവന്‍ പോകുന്നതിന് കാരണമാകുന്ന ഇത്തരം പെരുമാറ്റങ്ങള്‍ ഒഴിവാക്കണമെന്ന് ആരോഗ്യ മന്ത്രാലയം പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും അഭ്യര്‍ത്ഥിക്കുകയും ചെയ്തു .
കുവൈത്തിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. മദ്യത്തില്‍ മെഥനോള്‍ കലര്‍ന്നതാണ് അപകട കാരണം എന്നാണ് കണ്ടെത്തല്‍. ജലീബ് അല്‍ ഷുയൂഖ് ബ്ലോക്ക് നാലില്‍ നിന്ന് വാങ്ങിയ മദ്യം കഴിച്ചവരാണ് ദുരന്തത്തിനിരയായത്. മലയാളികള്‍ ഏറെയുളള പ്രദേശം കൂടിയാണ് ഇവിടം.
Story Highlights : Kuwait illicit liquor tragedy; Kannur native Sachin’s body to be brought home today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here