‘ആറ്റിങ്ങൽ വോട്ടർ പട്ടിക ക്രമക്കേടിന് പിന്നിൽ സിപിഎമ്മും ബിജെപിയും’; അടൂർ പ്രകാശ്

ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ നടന്ന ക്രമക്കേടിന് പിന്നിൽ സിപിഎമ്മും ബിജെപിയുമാണെന്ന് യു.ഡി.എഫ്. കൺവീനറും എം.പി.യുമായ അടൂർ പ്രകാശ്. വോട്ടർ പട്ടികയിൽ നടന്ന ക്രമക്കേടുകൾക്കെതിരെ ആവശ്യമെങ്കിൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുൽ ഗാന്ധി നേരത്തെതന്നെ ഈ വിഷയങ്ങൾ ജനങ്ങൾക്ക് മുന്നിലെത്തിച്ചിട്ടുണ്ടെന്നും ജനാധിപത്യത്തെ എങ്ങനെ തകർക്കാം എന്നതിൽ ഗവേഷണം നടത്തുകയാണ് മാർക്സിസ്റ്റ് പാർട്ടിയും ബിജെപിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോന്നിയിൽ മത്സരിക്കുന്ന കാര്യത്തിൽ പാർട്ടി തീരുമാനം എടുക്കുമെന്നും ഇതുവരെ തന്നോട് അഭിപ്രായം ചോദിച്ചിട്ടില്ലെന്നും അടൂർ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു. വോട്ടർ പട്ടിക ക്രമക്കേടുകൾക്കെതിരെ ശക്തമായ നിലപാടെടുക്കാനാണ് യു.ഡി.എഫ്. തീരുമാനം. 2019-ൽ ആറ്റിങ്ങലിൽ കണ്ടെത്തിയ ക്രമക്കേടുകളാണ് ഇപ്പോൾ വീണ്ടും സജീവ ചർച്ചയാകുന്നത്. രാഹുൽ ഗാന്ധിയുടെ പദയാത്രയ്ക്ക് എല്ലാ നേതാക്കളുടെയും പിന്തുണയുണ്ടാകുമെന്നും അടൂർ പ്രകാശ് വ്യക്തമാക്കി.
അതേസമയം എഡിജിപി അജിത് കുമാറും മുഖ്യമന്ത്രിയും തമ്മിലുള്ള ബന്ധം ദുരൂഹമാണെന്നും ഇതിനു പിന്നിലുള്ള കാര്യങ്ങൾ കണ്ടെത്തണമെന്നും അടൂർ പ്രകാശ് ആവശ്യപ്പെട്ടു.
അജിത് കുമാറിനെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് സൂചന. ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാനുള്ള ശ്രമങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്നും യു.ഡി.എഫ്. നേതൃത്വം വ്യക്തമാക്കി.
Story Highlights : ‘CPM and BJP are behind Attingal voter list irregularities’; Adoor Prakash
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here