പകുതി തിരക്കഥ കൊണ്ട് ഷൂട്ട് തുടങ്ങുന്ന ദുശീലം തിരിച്ചടിയായി ; എ.ആർ മുരുഗദോസ്

പൂർത്തിയാകാത്ത തിരക്കഥയുമായി സിനിമ ഷൂട്ട് ചെയ്യുന്ന ശീലമാണ് തന്റെ കരിയറിന്റെ തകർച്ചക്ക് കാരണമെന്ന് തമിഴ് സംവിധായകൻ എ.ആർ മുരുഗദോസ്. ഒരു കാലത്ത് തൊട്ടതെല്ലാം പൊന്നാക്കുന്നയാൾ എന്ന പെരുമ നേടിയ എ.ആർ മുരുഗദോസിന്റെതായി അടുത്തിടെ പുറത്തിറങ്ങിയ എല്ലാ ചിത്രങ്ങളും ബോക്സ്ഓഫീസിൽ പരാജയമേറ്റ് വാങ്ങിയിരുന്നു.
“ഏഴാം അറിവ് എന്ന ചിത്രത്തിന്റെ റിലീസിന് മുൻപാണ്, വിജയ്‌യോട് തുപ്പാക്കിയുടെ കഥ പറയുന്നതും ഷൂട്ട് ചെയ്യാനായി ഒരുക്കങ്ങൾ തുടങ്ങുന്നതും. ഏഴാം അറിവ് റിലീസ് ചെയ്ത് ഉടൻ തുപ്പാക്കിയുടെ ഷൂട്ടിങ്ങിനായി ക്രൂവുമായി ബോംബയ്ക്ക് പോയി. തിരക്കഥയുടെ ആദ്യ പകുതി ഷൂട്ടിനിടയിലാണ് പൂർത്തിയാക്കിയത്, ഏതായാലും സിനിമ ഇറങ്ങി വമ്പൻ ഹിറ്റായി മാറി. തുപ്പാക്കി തന്ന ധൈര്യം ആ ശീലം കത്തിയിലും ആവർത്തിക്കാൻ എന്നെ പ്രേരിപ്പിച്ചു. എന്നാൽ അതൊരു ദുശീലമായി മാറി എന്റെ കരിയറിനെ തന്നെ അത് ബാധിച്ചു” മുരുഗദോസ് പറയുന്നു.
ശിവകാർത്തികേയനൊപ്പം ഒന്നിക്കുന്ന മദ്രാസി എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനോടനുബന്ധിച്ച് നൽകിയ അഭിമുഖത്തിലാണ് എ.ആർ മുരുഗദോസ് മനസ്സ് തുറന്നത്. ശിവകാർത്തികേയനൊപ്പം ബിജു മേനോൻ, വിധ്യുത് ജാംവാൽ, രുക്മിണി വാസന്ത് എന്നിവരും മദ്രാസിൽ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ധീനാ എന്ന അജിത്ത് നായകനായ ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെയായിരുന്നു എ.ആർ മുരുഗദോസിന്റെ അരങ്ങേറ്റം. പിന്നീട് വിജയകാന്തിന്റെ നായകനാക്കി സംവിധാനം ചെയ്ത രമണ സൂപ്പർഹിറ്റ്. സൂര്യയെ നായകനായ ഗജിനി തെന്നിന്ത്യ ഒട്ടാകെ തരംഗമായി മാറുകയും, പിന്നീട് സംവിധായകൻ ആമിർ ഖാനെ നായകനാക്കി ഗജിനി ഹിന്ദിയിൽ ചെയ്ത് ഇൻഡസ്ട്രി ഹിറ്റാക്കുകയും ചെയ്തു. സൂര്യയെ നായകനാക്കി ചെയ്ത ബിഗ് ബഡ്ജറ്റ് ചിത്രം ഏഴാം അറിവും, വിജയ്‌യ്ക്കൊപ്പം ഒന്നിച്ച തുപ്പാക്കി, കത്തി എന്നിവയും ബ്ലോക്ക്ബസ്റ്ററുകൾ.
പിന്നെയാണ് മുരുഗദോസിന്റെ പരാജയചിത്രങ്ങളുടെ ഘോഷയാത്ര ആരംഭിക്കുന്നത്. മഹേഷ് ബാബുവിനൊപ്പം ചെയ്ത സ്പൈഡർ, ഹിന്ദിയിൽ വീണ്ടും ചെയ്ത അകിര, തുപ്പാക്കിയുടെ ബോളിവുഡ് റീമേക്ക് ഹോളിഡേ, രജനിക്കൊപ്പം ചെയ്ത ദർബാർ അങ്ങനെയെല്ലാം വമ്പൻ പരാജയങ്ങൾ. വിജയ്‌ക്കൊപ്പം വീണ്ടുമൊന്നിച്ച സർക്കാർ വിജയമായെങ്കിലും മികച്ച പ്രതികരണമായിരുന്നു ആരാധകരിൽനിന്നു ലഭിച്ചത്. സൽമാൻ ഖാൻ നായകനായി ഈ വർഷം റിലീസ് ചെയ്ത സിക്കന്തർ ആയിരുന്നു പെട്ടിയിലെ അവസാന ആണി എന്ന് വേണം പറയാൻ. മദ്രാസി എ.ആർ മുരുഗദോസിന്റെ തിരിച്ചു വരവാകും എന്ന പ്രതീക്ഷയിലാണ് ആരാധകർ.
Story Highlights :The bad habit of starting a shoot with half a script backfired; AR Murugadoss
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here