51 പേർ അപ്രത്യക്ഷമായി ഒപ്പം എം.വി കൈരളിയും: നാവിക ചരിത്രത്തിലെ നിഗൂഢത സിനിമയാകുന്നു

നാവിക ചരിത്രത്തിലെ എക്കാലത്തേയും വലിയ നിഗൂഢതയായ എം.വി കൈരളി കപ്പൽ തിരോധനത്തെ ആസ്പദമാക്കി സിനിമയൊരുങ്ങുന്നു. ‘എം.വി. കൈരളി ദി എൻഡ്യൂറിംഗ് മിസ്റ്ററി’ എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. കോൺഫ്‌ളുവെൻസ് മീഡിയയാണ് സിനിമയുടെ നിർമാണം. 2024-ൽ ഇന്ത്യയുടെ ഓസ്കർ എൻട്രിയായിരുന്ന ‘2018” എന്ന സിനിമയുടെ സംവിധായകൻ ജൂഡ് ആന്തണി ജോസഫ് ആണ് ഈ ചിത്രം ഒരുക്കുന്നത്. നീണ്ടകാലത്തെ ഗവേഷണത്തിന് ശേഷമാണ് ഈ ചിത്രമൊരുക്കിയിരിക്കുന്നത് എന്നും യഥാർത്ഥ ചരിത്രസംഭവങ്ങൾ പ്രേക്ഷകരിലേയ്ക്ക് ചലച്ചിത്ര രൂപത്തിലെത്തിക്കാനുള്ള ശ്രമത്തിന്റെ തുടർച്ചയാണിതെന്നും കോൺഫ്ളൂവൻസ് മീഡിയ അറിയിച്ചു.
ജൂഡ് ആന്തണിക്കൊപ്പം അമേരിക്കൻ എഴുത്തുകാരനായ ജെയിംസ് റൈറ്റും എഴുത്തുകാരനും മാധ്യമപ്രവർത്തകനും കോൺഫ്ളൂവൻസ് മീഡിയയുടെ സ്ഥാപകനുമായ ജോസി ജോസഫും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. എം.വി. കൈരളിയുടെ ക്യാപ്റ്റനായ മരിയാദാസ് ജോസഫിനെക്കുറിച്ച് അദ്ദേഹത്തിന്റെ മകൻ, റിട്ട. ലെഫ്റ്റനന്റ് കേണൽ തോമസ് ജോസഫ് എഴുതിയ പുസ്തകമാണ് ഈ സിനിമയുടെ അടിസ്ഥാനം. അഴിമുഖം ബുക്സ് പ്രസിദ്ധീകരിച്ച, ആഴത്തിലുള്ള ഗവേഷണവും വൈകാരികമായ ആവിഷ്കാരവും നിറഞ്ഞ ‘ദി മാസ്റ്റർ മറിനർ’ എന്ന, ഈ പുസ്തകത്തിന്റെ ഇംഗ്ലീഷ്, മലയാളം പതിപ്പുകൾ ഓഗസ്റ്റ് 25-ന് കൊച്ചിയിൽ പ്രകാശനം ചെയ്യും.
എം.വി. കൈരളിയിലെ യാത്രികർക്കുള്ള ആദരവും ഒരിക്കലും അവസാനിക്കാത്ത ഈ ദുരൂഹതയ്ക്ക് ചലച്ചിത്രപരമായ ഒരു പരിസമാപ്തി നൽകാനുള്ള ശ്രമവുമാണ് ഈ സിനിമയെന്ന് ജൂഡ് ആന്തണി പറഞ്ഞു. “അപ്രത്യക്ഷമായില്ലായിരുന്നെങ്കിൽ, എം.വി. കൈരളിയും അത് കൈവരിക്കുന്ന നേട്ടങ്ങളും കേരളത്തിന്റെ സമുദ്രയാന ചരിത്രത്തിൽ തിളക്കമേറിയ അധ്യായമായി മാറിയേനെ. അത് നമ്മളോരോരുത്തർക്കും വലിയ അഭിമാനമാകുമായിരുന്നു. എന്നാൽ, ഏതാനും ദിവസങ്ങൾക്കുള്ളിൽ എല്ലാം മാറിമറിഞ്ഞു. അമ്പത്തിയൊന്ന് ജീവിതങ്ങൾ അപ്രത്യക്ഷമായി, നിരവധി കുടുംബങ്ങൾ സ്ഥിരമായ ദുരിതത്തിലായി. തങ്ങളുടെ പ്രിയപ്പെട്ടവർ ഒരു ദിവസം തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ പലരും ജീവിതം മുഴുവൻ കാത്തിരുന്നു. ഒരു ഭരണകൂടത്തിനും ഒരു വ്യവസ്ഥയ്ക്കും അവരുടെ നഷ്ടങ്ങൾക്ക് പരിഹാരം നൽകാനാവില്ല. എം.വി. കൈരളിയുടെ കഥ സിനിമയാക്കുന്നതിലൂടെ, എന്റെ ഈ എളിയ ശ്രമം ആ കുടുംബങ്ങൾക്ക് ഒരു ആശ്വാസമാകുമെന്ന് ഞാൻ കരുതുന്നു. അവരുടെ പ്രിയപ്പെട്ടവരെ ആരും മറന്നിട്ടില്ലെന്ന് ഉറപ്പ് കൂടിയാണ് ഈസിനിമ. എം.വി. കൈരളിയിലെ യാത്രികർക്കുള്ള ഞങ്ങളുടെ ആദരം കൂടിയായിരിക്കും ഇത്. ഈ അവസാനിക്കാത്ത അന്വേഷണത്തിന് സിനിമയിലൂടെയെങ്കിലും ഒരു പരിസമാപ്തി നൽകാൻ കഴിയുമെന്നാണ് എന്റെ പ്രതീക്ഷ” ജൂഡ് ആന്തണി പറഞ്ഞു.
നോർവേയിൽ നിർമ്മിച്ചതും കേരള ഷിപ്പിംഗ് കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ളതുമായ, ഒരു ആധുനിക ചരക്ക് കപ്പലായിരുന്നു എം.വി. കൈരളി. 1979 ജൂൺ 30-ന് ഇരുമ്പയിരുമായി ഈ കപ്പൽ ഗോവയിൽ നിന്ന് യാത്ര തുടങ്ങി. ഒരു സ്ത്രീയും അവരുടെ ചെറിയ കുട്ടിയുമടക്കം 51 പേർ കപ്പലിലുണ്ടായിരുന്നു. ജൂലൈ മൂന്നിന് അവസാന സന്ദേശം അയച്ച ശേഷം കപ്പൽ എന്നെന്നേക്കുമായി അപ്രത്യക്ഷമായി. ജിബൂട്ടിയിലേക്കുള്ള യാത്രയിലായിരുന്നു അപ്പോൾ കപ്പൽ. അവിടെ നിന്നായിരുന്നു അന്തിമ ലക്ഷ്യമായ കിഴക്കൻ ജർമ്മനിയിലെ റോസ്റ്റോക്കിലേക്ക് തിരിക്കേണ്ടിയിരുന്നത്.
കപ്പൽ അപ്രത്യക്ഷമായതിനെത്തുടർന്ന് ഏറ്റവും കൂടുതൽ ദുരിതം അനുഭവിച്ചത് കേരളമായിരുന്നു, കാരണം കപ്പലിലുണ്ടായിരുന്ന 23 പേരും കേരളത്തിൽ നിന്നുള്ളവരായിരുന്നു. ഉദ്യോഗസ്ഥരുടെ ഹൃദയശൂന്യമായ നിസംഗതയെ അംഗീകരിക്കാൻ തീരത്ത് കാത്തിരുന്ന അവരുടെ ബന്ധുക്കൾ തയ്യാറായില്ല. തങ്ങളുടെ മാനസിക വ്യഥകളോടും സാമ്പത്തിക പ്രയാസങ്ങളോടും പടവെട്ടി അവർ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരുന്നു. അവരുടെ അശ്രാന്ത പരിശ്രമം വിവിധ ഭൂഖണ്ഡങ്ങളിലായി, പല തലങ്ങളിലായി, വ്യാപിച്ച് കിടക്കുന്ന രാഷ്ട്രീയ, കോർപ്പറേറ്റ്, അന്താരാഷ്ട്ര ഗൂഢാലോചനകൾ പുറത്ത് കൊണ്ടുവന്നു.
ജീവിതത്തിലുടനീളം നീണ്ടു നിന്ന ഒരു വ്യഥക്കവസാനം വരുത്താനാണ് ഈ പുസ്തകമെഴുതിയത് എന്ന് ‘ദി മാസ്റ്റർ മറിനറിന്റെ രചയിതാവ്, ലെഫ്റ്റനന്റ് കേണൽ തോമസ് ജോസഫ് പറഞ്ഞു. “കാണാതായ കൈരളി എന്ന കപ്പൽ ഒരു 15-കാരനായ കുട്ടിയുടെ ജീവിതത്തിൽ സൃഷ്ടിച്ച ആഘാതം ചെറുതല്ല, അവന്റെ അച്ഛനെയും വഴികാട്ടിയെയും എന്നെന്നേക്കുമായി നഷ്ടപ്പെട്ടു. കപ്പൽ തട്ടിക്കൊണ്ടുപോയതാകാം എന്ന തരത്തിൽ വന്ന തുടർച്ചയായ റിപ്പോർട്ടുകളും മാധ്യമ ഊഹാപോഹങ്ങളും കാരണം, ആ കപ്പലിലുണ്ടായിരുന്നവരുടെ കുടുംബങ്ങൾ ദിവസങ്ങളോളം, ആഴ്ചകളോളം, വർഷങ്ങളോളം ദുരിതത്തിലും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും അകപ്പെട്ടു. ഈ ഭയാനകമായ സംഭവത്തിന് 45 വർഷങ്ങൾക്ക് ശേഷമെങ്കിലും ഒരു പരിസമാപ്തിയുണ്ടാക്കാനുള്ള ശ്രമം മാത്രമാണ് ‘ദി മാസ്റ്റർ മറിനർ’ എന്ന പുസ്തകം. എനിക്ക് മാത്രമല്ല, ഇന്നും അവരുടെ പ്രിയപ്പെട്ടവർ തിരിച്ചെത്തുമെന്ന് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആ 49 കുടുംബങ്ങൾക്കും വേണ്ടിയുള്ളതാണ് ഈ പുസ്തകം” തോമസ് ജോസഫ് പറഞ്ഞു.
ഒമ്പത് വർഷം നീണ്ട കഠിനമായ ഗവേഷണമാണ് ഇതിന് അടിസ്ഥാനം. ധൈര്യം, അതിജീവനശേഷി, സത്യാന്വേഷണം എന്നീ വിഷയങ്ങളിലേക്ക് കടന്നുചെല്ലുന്നതോടൊപ്പം, ഭരണസംവിധാനങ്ങളുടെ പരാജയങ്ങളുടെയും അവ മൂടിവെക്കുന്നതിനുള്ള ശ്രമങ്ങളുടേയും ഇത് മനുഷ്യജീവിതത്തിലുണ്ടാക്കിയ നഷ്ടങ്ങളുടേയും കഥയാണിത്.
ദീർഘകാലമായി കൈരളിയുടെ കഥ സിനിമയാക്കുന്നതിന് വേണ്ടിയുള്ള ഗവേഷണത്തിലായിരുന്നു കോൺഫ്ളൂവൻസ് മീഡിയയുടെ സംഘമെന്ന്, ചിത്രത്തിന്റെ സഹ രചയിതാവ് കൂടിയായ ജോസി ജോസഫ് പറഞ്ഞു. “വർഷങ്ങളുടെ ഗവേഷണത്തിന് ശേഷം, തോമസ് സാറിന്റെ പുസ്തകത്തിന്റെ സഹായത്തോടെ എം.വി. കൈരളിയെക്കുറിച്ചുള്ള ആധികാരികമായ ഒരു കഥ തയ്യാറാക്കാൻ ഞങ്ങൾക്ക് സാധിച്ചു. ഈ സിനിമ സംവിധാനം ചെയ്യാൻ ജൂഡിനേക്കാൾ പറ്റിയ മറ്റൊരാളില്ല. കപ്പലിന്റെ യാത്രയിൽ മാത്രം ഒതുങ്ങാത്ത, കുടുംബങ്ങളുടെ ദുരന്തങ്ങളിലേക്ക് കൂടി വ്യാപിക്കുന്ന, എം.വി. കൈരളിയുടെ യഥാർത്ഥ കഥ വലിയ സ്ക്രീനിലേക്ക് കൊണ്ടുവരുന്നത് ഒരു ഉത്തരവാദിത്തം കൂടിയാണ്. നീതിയെക്കുറിച്ചുമുള്ള പുതിയ ചർച്ചകൾക്കുള്ള അവസരമായി ഇത് മാറുമെന്നും പ്രതീക്ഷിക്കുന്നു” ജോസഫ് പറഞ്ഞു. കേരളം, മുംബൈ, അന്താരാഷ്ട്ര തുറമുഖങ്ങൾ കേന്ദ്രീകരിച്ചുള്ള ലൊക്കേഷനുകൾ, എന്നിവിടങ്ങളിലാകും ചിത്രീകരണം.
Story Highlights : Jude Anthany joseph and Josy Joseph to direct movie based on mv kairali disappearance
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here