Advertisement

സർക്കാർ മെഡിക്കൽ കോളജുകളിൽ മസ്തിഷ്‌കമരണം സ്ഥിരീകരിക്കൽ കുറഞ്ഞു; ആരോപണങ്ങൾ ശരിവച്ച് കണക്കുകൾ

5 hours ago
2 minutes Read

മരണാനന്തര അവയവദാന പദ്ധതിയായ കെ സോട്ടോയെ കുറിച്ച് , തിരുവനന്തപുരം മെഡിക്കൽ കോളജ് നെഫ്രോളജി വിഭാഗം മേധാവി ഡോ. മോഹൻദാസിന്റെ ആരോപണങ്ങൾ ശരിവച്ച് കണക്കുകൾ. കെ സോട്ടോ പദ്ധതി രൂപീകരിച്ച ശേഷം സർക്കാർ മെഡിക്കൽ കോളജുകളിൽ ഇതുവരെ സ്ഥിരീകരിച്ചത് 389 മസ്തിഷ്ക മരണങ്ങളാണ്. ഈ വർഷം സ്ഥിരീകരിച്ച 11 മസ്തിഷ്ക മരണങ്ങളിൽ പത്തെണ്ണവും സ്വകാര്യ ആശുപത്രികളിലാണ്.

389 മസ്തിഷ്‌ക മരണങ്ങളില്‍ 251 എണ്ണവും കെ സോട്ടോ രൂപീകരിച്ച് കഴിഞ്ഞുള്ള അഞ്ച് വര്‍ഷ കാലയളവിലാണ് നടന്നത്. ഇതിന് ശേഷം എട്ടര വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ 138 മസ്തിഷ്‌ക മരണങ്ങള്‍ മാത്രമാണ് സ്ഥിരീകരിച്ചത്. മസ്തിഷ്‌ക മരണങ്ങള്‍ സ്ഥിരീകരിക്കുന്നതില്‍ വലിയ കുറവുണ്ടായതാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. സ്വകാര്യ ആശുപത്രികളിലാണ് മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നതിന്റെ എണ്ണം വർധിച്ചതായും ഈ കണക്കുകൾ പറയുന്നു.

Read Also: ‘കെ സോട്ടോ’ പരാജയമെന്ന് സമൂഹമാധ്യമങ്ങളിൽ വിമർശിച്ചു; തിരുവനന്തപുരം മെഡിക്കൽ കോളജിലെ വകുപ്പ് മേധാവിക്ക് മെമ്മോ

അതേസമയം മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നതില്‍ ഡോക്ടര്‍മാര്‍ക്ക് നിയമപരമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുമോ എന്ന ഭയം കൊണ്ടാണ് ഇതില്‍ നിന്ന് പിന്മാറുന്നതെന്നാണ് കെ സോട്ടോ ഉള്‍പ്പെടെ പറഞ്ഞിരുന്നത്. എന്നാല്‍ സ്വകാര്യ ആശുപത്രിയില്‍ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നുണ്ട്. കെ സോട്ടോ പരാജയമാണെന്ന് സമൂഹമാധ്യമങ്ങളിലൂടെ തുറന്നുപറച്ചിൽ നടത്തിയതിന് പിന്നാലെ ഡോ. മോഹൻ ദാസിന് ആരോഗ്യവകുപ്പ് മെമ്മോ നൽകിയിരുന്നു. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ മുഖേനയാണ് മെമ്മോ നൽകിയത്.

സാമൂഹമാധ്യമങ്ങൾ വഴി ഇത്തരത്തിലുള്ള പോസ്റ്റുകൾ ഇടരുതെന്നാണ് മെമ്മോയിലെ പ്രധാന നിർദേശം. വകുപ്പുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് ബന്ധപ്പെട്ട അധികാരികളെ നേരിട്ട് അറിയിക്കണമെന്നും മെമ്മോയിൽ പറയുന്നു. സമൂഹമാധ്യമങ്ങളിൽ പ്രതികരണം നടത്തില്ലെന്ന് മെമ്മോയ്ക്ക് ഡോ. മോഹൻ ദാസ് മറുപടി നൽകി.

Story Highlights : Brain death confirmations have decreased in government medical colleges

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top