അറസ്റ്റിലാകുന്ന മന്ത്രിമാരെ നീക്കാനുള്ള ബില്‍; ലോക്സഭയില് അവതരിപ്പിച്ച് അമിത്ഷാ; എതിര്‍ത്ത് പ്രതിപക്ഷം

അഞ്ചു വര്‍ഷമോ അതിലധികമോ ശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന് അറസ്റ്റിലായി മുപ്പത് ദിവസം തടവില്‍ കഴിയേണ്ടി വരുന്ന മന്ത്രിമാരെ നീക്കം ചെയ്യാന്‍ വ്യവസ്ഥ ചെയ്യുന്ന ഭരണഘടനാ ഭേദഗതി ബില്‍ അമിത് ഷാ ലോക്‌സഭയില്‍ അവതരിപ്പിച്ച് ആഭ്യന്തര മന്ത്രി അമിത്ഷാ. ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനിടെയായിരുന്നു ബില്‍ അവതരണം.
ആഭ്യന്തര മന്ത്രിക്ക് നേരെ തൃണമൂൽ അംഗങ്ങൾ ബിൽ കീറിയെറിഞ്ഞു. ബില്ല് പ്രതിപക്ഷത്തെ ലക്ഷ്യം വച്ചാണ് എന്ന കെ സി വേണുഗോപാല്‍ പറഞ്ഞു. ഫെഡറല്‍ വ്യവസ്ഥയെ തകര്‍ക്കാനാണ് ബില്ലെന്നും അദ്ദേഹം പറഞ്ഞു. ധാര്‍മികതയ്ക്ക് വേണ്ടിയാണ് ബില്ല് എന്നാണ് അവകാശപ്പെടുന്നത്. ധാര്‍മികതയാണ് വിഷയമെങ്കില്‍ അമിത് എങ്ങനെ ആഭ്യന്തരമന്ത്രിയാകും ? – കെ സി വേണുഗോപാല്‍ ചോദിച്ചു.
ബില്ലിനെ എതിര്‍ത്ത സമാജവാദി പാര്‍ട്ടി അംഗം ധര്‍മ്മേന്ദ്ര യാദവും രംഗത്തെത്തി. ഇത്തരത്തില്‍ ഒരു ഭരണഘടന ഭേദഗതി ബില്ല് കൊണ്ടുവരേണ്ടതിന്റെ അടിയന്തര സാഹചര്യമെന്തെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി ചോദിച്ചു. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള നീക്കമെന്ന് ഒവൈസി പറഞ്ഞു. ഭരണഘടനയെ തകര്‍ക്കുന്ന ബില്ലെന്ന് മനീഷ് തിവാരിയും വ്യക്തമാക്കി. പ്രതിഷേധം ശക്തമായതോടെ ബില്‍ ജെപിസിക്ക് വിടാമെന്ന് അമിത്ഷാ പറഞ്ഞു. ബഹളത്തെ തുടര്‍ന്ന് സഭ മൂന്ന് മണിവരെ പിരിഞ്ഞു.
Read Also: അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍; അപാകതയൊന്നും കാണുന്നില്ലെന്ന് ശശി തരൂര്‍
അഞ്ച് വര്‍ഷമെങ്കിലും തടവു ലഭിക്കാവുന്ന ഗുരുതര കുറ്റകൃത്യങ്ങളുടെ പേരില്‍ അറസ്റ്റിലാകുന്ന മന്ത്രിമാര്‍ അറസ്റ്റിലായി 30 ദിവസം ജയിലില്‍ കഴിയേണ്ടി വന്നാല്‍ സ്ഥാനം നഷ്ടപ്പെടുന്ന നിര്‍ണായക ഭേദഗതി ബില്ലുകള്‍ ആണ് അമിത്ഷാ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട കേന്ദ്രമന്ത്രിമാര്‍ക്കും, മുഖ്യമന്ത്രിമാര്‍ക്കും പ്രധാനമന്ത്രിക്കും വരെ ബില്‍ ബാധകമാകും. നാല് സുപ്രധാനബില്ലുകളാണ് ലോക് സഭയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്.130-ാം ഭരണഘടനാ ഭേദഗതി ബില്ലും കേന്ദ്രഭരണപ്രദേശ ഭരണഭേദഗതി ബില്ലും ജമ്മു-കശ്മീര്‍ പുനഃസംഘടനാ ബില്ലുമാണ് അമിത് ഷാ അവതരിപ്പിച്ചത്.
ഓണ്‍ലൈന്‍ ഗെയിമിങ് ആപ്പുകളെ നിയന്ത്രിക്കാനുള്ള ബില്ലു കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് അവതരിപ്പിച്ചു. വോട്ടുകൊള്ള ആരോപണത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ബില്ലുകള്‍ കൊണ്ടുവരുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
Story Highlights : Bills to remove arrested ministers in Lok Sabha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here