അയ്യപ്പ സംഗമത്തിൽ നിന്ന് എം കെ സ്റ്റാലിന്റെ പിന്മാറ്റത്തിന് കാരണം രാജീവ് ചന്ദ്രശേഖറോ?

ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ തമിഴ് നാട് മുഖ്യമന്ത്രി പരിപാടിയില്‍ നിന്നും ഒഴിവായത് സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത്. തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ നേതൃത്വത്തില്‍ പമ്പാതീരത്ത് നടക്കുന്ന ആഗോള അയ്യപ്പസംഗമത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പങ്കെടുക്കില്ല. സ്റ്റാലിന്‍ മുഖ്യാതിഥിയായി പങ്കെടുക്കുമെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നത്. സ്റ്റാലിന്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനെതിരെ ബി ജെ പി സംസ്ഥാന നേതൃത്വം കടുത്ത എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. ഹൈന്ദവ വിശ്വാസത്തേയും ആചാരത്തേയും എതിര്‍ക്കുകയും ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന കേരള മുഖ്യമന്ത്രിയേയും തമിഴ്‌നാട് മുഖ്യമന്ത്രിയേയും എതിര്‍ത്തുകൊണ്ടായിരുന്നു ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രംഗത്തെത്തിയത്. എം കെ സ്റ്റാലിനെ ആഗോള അയ്യപ്പ സംഗമത്തില്‍ തടയുമെന്നായിരുന്നു രാജീവ് ചന്ദ്രശേഖരന്റെ പ്രസ്താവന.
അയ്യപ്പ സംഗമത്തില്‍ ബി ജെ പിയെയോ, കേന്ദ്ര മന്ത്രിമാരെയോ പങ്കെടുപ്പിക്കാത്തതില്‍ കടുത്ത വിയോജിപ്പിലാണ് ബി ജെ പി സംസ്ഥാന നേതൃത്വം. ശബരിമലയില്‍ ആചാര ലംഘനമുണ്ടായപ്പോള്‍ അതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും പ്രതിഷേധിക്കുകയും ചെയ്ത നൂറുക്കണക്കിന് അയ്യപ്പ ഭക്തര്‍ക്കെതിരെ കേസെടുത്ത് ജയിലില്‍ അടച്ച സര്‍ക്കാരാണ് ആഗോള അയ്യപ്പ സംഗമം നടത്തുന്നതെന്നും, ഹിന്ദുക്കളെ തുടര്‍ച്ചയായി അവഹേളിക്കുന്ന തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും മുഖ്യമന്ത്രി സ്റ്റാലിനും ആഗോള അയ്യപ്പ സംഗമത്തില്‍ മുഖ്യാതിഥിയായി എത്തിയാല്‍ തടയുമെന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പ്രഖ്യാപനം. ഇതോടെയാണ് സ്റ്റാലിന്‍ പരിപാടിയില്‍ നിന്നും മാറിയതെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.
ശബരിമല വീണ്ടും കലാപഭൂമിയാവുമെന്ന ആശങ്കയ്ക്കിടെയാണ് സ്റ്റാലിന്റെ പിന്‍മാറ്റമെന്നത് ശ്രദ്ധേയമാണ്. തമിഴ്‌നാട് ദേവസ്വം മന്ത്രി പി കെ ശേഖര്‍ബാബു, ഐ ടി മന്ത്രി പഴനിവേല്‍ എന്നിവര്‍ തമിഴ്‌നാട് സര്‍ക്കാര്‍ പ്രതിനിധിയായി പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പുതിയ അറിയിപ്പ്. ബി ജെ പിയുടെ എതിര്‍പ്പുകള്‍ ലംഘിച്ച് ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുത്താല്‍, അത് അടുത്ത് നടക്കാനിരിക്കുന്ന അസംബ്ലി തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാവുമോ എന്ന ഭയമാണ് പിന്‍മാറ്റത്തിന് കാരണമായത്. ശബരിമല അയ്യപ്പന്റെ പ്രധാന ഭക്തരില്‍ ഏറെയും തമിഴ്‌നാട്ടുകാരാണ്. ഇതാണ് മുഖ്യമന്ത്രിയെ ഉടന്‍ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ച ഘടകവും.
ബി ജെ പിയെ പൂര്‍ണമായും മാറ്റി നിര്‍ത്തുന്ന ആഗോള അയ്യപ്പ സംഗമത്തിനെതിരെ പ്രസ്താവനയുമായി രാജീവ് ചന്ദ്രശേഖര്‍ രംഗത്തെത്തിയിരുന്നു. ആഗോള അയ്യപ്പ സംഗമം നടക്കുന്ന വിവരം പത്രങ്ങളിലൂടെയാണ് അറിഞ്ഞതെന്നായിരുന്നു ആദ്യ പ്രതികരണം. സെപ്റ്റംബര്‍ 20 നാണ് പമ്പാതീരത്ത് ആഗോള അയ്യപ്പ സംഗമം നടക്കുക. മൂവായിരം പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുക്കും. ദേവസ്വം ബോര്‍ഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് സംഗമം.
ശബരിമലയുടെ പ്രാധാന്യം ലോകമെമ്പാടും എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡിന്റെ സഹകരണത്തോടെ ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രി മുഖ്യരക്ഷാധികാരിയും ദേവസ്വം മന്ത്രിയും മറ്റുമന്ത്രിമാരും സ്പീക്കര്‍, ചീഫ് സെക്രട്ടറി, പൊലീസ് മേധാവി എന്നിവരടക്കം 1001 അംഗ സംഘടക സമിതിയും രൂപീകരിച്ചിട്ടുണ്ട്. ആഗസ്റ്റ് 17 ന് നടന്ന സംഘാടക സമിതിയോഗത്തില്‍ പരിപാടിയില്‍ കേന്ദ്രമന്ത്രിമാരും പങ്കെടുക്കുമെന്നായിരുന്നു ദേവസ്വം വകുപ്പ് വ്യക്തമാക്കിയിരുന്നത്. പിന്നീടാണ് പരിപാടിയില്‍ മുഖ്യാതിഥിയായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ 23 ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് ആഗോള അയ്യപ്പ സംഗമത്തില്‍ മുഖ്യതാഥിയാവാൻ ക്ഷണിക്കുകയായിരുന്നു. ക്ഷണം സ്വീകരിച്ച എം കെ സ്റ്റാലില്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് അറിയിക്കുയും പിന്നീട് സര്‍ക്കാര്‍ മാധ്യമങ്ങളിലൂടെ സ്റ്റാലിന്റെ പങ്കാളിത്വം ഔദ്യോഗികമായി അറിയിക്കുകയുമായിരുന്നു.
Story Highlights : MK Stalin will not attend the Ayyappa Sangam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here