ശസ്ത്രക്രിയക്കിടെ നെഞ്ചില്‍ ട്യൂബ് കുടുങ്ങിയ സംഭവം; വീഴ്ച അന്വേഷിക്കാൻ വിദഗ്ധസമിതി, വിശദ പരിശോധനയ്ക്ക് ആരോഗ്യവകുപ്പ്

ശസ്ത്രക്രിയക്കിടെ യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവത്തിൽ വിശദ പരിശോധനയ്ക്ക് ആരോഗ്യവകുപ്പ്. വീഴ്ച അന്വേഷിക്കാൻ വിദഗ്ധസമിതിയെ നിയോഗിച്ചതോടെ മെഡിക്കൽ സംഘം യുവതിയെ ഉടൻ പരിശോധിച്ചേക്കും. വയർ നീക്കം ചെയ്യണമോയെന്ന കാര്യത്തിലും അന്തിമ തീരുമാനം എടുക്കും.
ആരോഗ്യവകുപ്പ് ഡയറക്ടർക്ക് സുമയ്യ നൽകിയ പരാതിയിൽ നാല് ദിവസത്തിനകം നടപടി ഉണ്ടാകും എന്നാണ് ഉറപ്പ്. പൊലീസ് കേസെടുത്തതോടെ ചികിത്സാപിഴവിന് ഡോക്ടർക്ക് എതിരെ ആരോഗ്യവകുപ്പിനും നടപടിയെടുക്കേണ്ടി വരും. ഉന്നത മെഡിക്കൽ സംഘം യുവതിയെ പരിശോധിച്ച ശേഷം ആയിരിക്കും വീണ്ടും ശസ്ത്രക്രിയ നടത്തുന്നതിൽ അന്തിമ തീരുമാനം എടുക്കുക.
അതിനിടെ ഗൈഡ് വയർ ഉള്ളിൽ കിടന്നാലും കുഴപ്പമില്ലെന്ന ശ്രീചിത്രയുടെ റിപ്പോർട്ട് ഡോക്ടറെ സംരക്ഷിക്കാൻ വേണ്ടി ആയിരുന്നു എന്നാണ് ആക്ഷേപം. വിദഗ്ധസമിതിയെ നേരത്തെ തന്നെ നിയോഗിച്ചുവെന്ന് ആരോഗ്യവകുപ്പ് അവകാശപ്പെടുമ്പോഴും നടപടിക്രമങ്ങൾ പാലിക്കാതെ ശ്രീചിത്രയിൽ നിന്ന് റിപ്പോർട്ട് നൽകിയെന്നാണ് വിവരം. ഡോക്ടർക്കെതിരെ കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ വിശദമായി മൊഴി രേഖപ്പെടുത്തും. ആരോപണവിധേയനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനും ആലോചിക്കുന്നുണ്ട്.
Story Highlights : Woman alleges medical negligence thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here