Advertisement

‘ഗുരുവിനെ തങ്ങളുടെ ചേരിയില്‍ പ്രതിഷ്ഠിക്കാന്‍ വര്‍ഗീയശക്തികള്‍ നടത്തുന്ന ശ്രമങ്ങള്‍ എതിര്‍ക്കണം’ ; മുഖ്യമന്ത്രി

12 hours ago
2 minutes Read

ഗുരുവചനങ്ങള്‍ വക്രീകരിക്കാനും ഗുരുവിനെ സ്ഥാപിത താത്പര്യങ്ങള്‍ക്കായി ഉപയോഗിക്കാനും കൊണ്ടുപിടിച്ച ശ്രമങ്ങള്‍ ചിലര്‍ നടത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മനുഷ്യന്‍ എന്താണെന്നും മതം എന്താണെന്നുമൊക്കെ മനുഷ്യര്‍ക്ക് കാട്ടിക്കൊടുത്ത മഹാത്മാവാണ് ഗുരു. വര്‍ഗീയശക്തികള്‍ ഗുരുവിനെ തങ്ങളുടെ ചേരിയില്‍ പ്രതിഷ്ഠിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ എതിര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗുരുദേവദര്‍ശനം പോലെ എല്ലാ മനുഷ്യരെയും ഒന്നായി കാണുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നൂറ്റിയെഴുപത്തിയൊന്നാമത് ശ്രീനാരായണ ഗുരുദേവ ജയന്തി മഹാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗുരുഗര്‍ശനത്തെ വക്രീകരിക്കാനും ഗുരുവിനെ സ്ഥാപിത താത്പര്യങ്ങള്‍ക്ക് ഉപയോഗിക്കാനും കൊണ്ടുപിടിച്ച ശ്രമങ്ങള്‍ ചിലര്‍ നടത്തുന്ന സാഹചര്യമാണ്. മനുഷ്യന്‍ എന്താണെന്നും മതമെന്താണെന്നും ദൈവ ഭാവന എന്താണെന്നുമൊക്കെ അത്യന്തം ലളിത സുന്ദരമായ വചനങ്ങളിലൂടെ മനുഷ്യര്‍ക്ക് കാട്ടിക്കൊടുത്ത മഹാത്മാവാണ് ഗുരു. സമൂഹത്തില്‍ നീതിയെപ്പറ്റിയുള്ള മഹാസങ്കല്‍പ്പങ്ങളുടെ പ്രകാശം സ്വന്തം ദര്‍ശനങ്ങളിലൂടെ ഗുരു ചൊരിഞ്ഞു. ആ നീതി സാധ്യമാകണമെങ്കില്‍ തുല്യതയോടെ മറ്റുള്ളവരെയും കാണാന്‍ കഴിയണം – അദ്ദേഹം പറഞ്ഞു.

ഗുരു കേവലം അധ്യാത്മവാദിയായിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ബൗധിക ജീവിതത്തില്‍ ഇടപെട്ടുകൊണ്ടാണ് ഗുരു അധ്യാത്മത്തെ കുറിച്ച് പറഞ്ഞത്. ഗുരുവിനെ ഹിന്ദുമത നവോത്ഥാനത്തിന്റെ നായകനായി അവതരിപ്പിക്കാന്‍ വര്‍ഗീയ ശക്തികള്‍ നടത്തുന്ന ശ്രമത്തിന്റെ ചരിത്ര വിരുദ്ധതയെയും മനുഷ്യത്വ രാഹിത്യത്തെയും തിരിച്ചറിയാന്‍ നമുക്ക് കഴിയേണ്ടതുണ്ട്. അന്യമത വിദ്വേഷവും ആക്രമണോത്സുകമായ മതവര്‍ഗീയതയും പ്രചരിപ്പിക്കുന്ന വര്‍ഗീയശക്തികള്‍ ഗുരുവിനെ തങ്ങളുടെ ചേരിയില്‍ പ്രതിഷ്ഠിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ ചെറുത്ത് തോല്‍പ്പിക്കേണ്ടതുണ്ട്. ഗുരുവിന്റെ നേതൃത്വത്തില്‍ നമുക്ക് കൈവന്ന നവോത്ഥാനത്തിന്റെ മാനവിക മൂല്യങ്ങള്‍ തട്ടിത്തെറിപ്പിക്കാനാണ് വര്‍ഗീയ ശക്തികള്‍ ശ്രമിക്കുന്നത്. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിച്ച് മുന്നോട്ട് കൊണ്ടുപോകുന്നതിന് അന്യമത വിദ്വേഷം അലങ്കാരമായി കരുതുന്ന ഇത്തരം ശക്തികളാല്‍ ഗുരു അപഹരിക്കപ്പെടുന്നത് അനുവദിച്ചുകൂട – അദ്ദേഹം പറഞ്ഞു.

സംഘപരിവാറിനെതിരെ മുഖ്യമന്ത്രി പരിപാടിയില്‍ ആഞ്ഞടിച്ചു. ഇത്തരം ശക്തികള്‍ മേധാവിത്വം വഹിക്കുന്ന അവസ്ഥ വന്നാല്‍ സമൂഹത്തിന്റെ ആകെ രീതി മാറുമെന്ന് അദ്ദേഹം പറഞ്ഞു. നാമെല്ലാവരും സംതൃപ്തരായി ഓണം ആഘോഷിച്ചു. ഓണത്തിന് മഹാബലിയാണ് എല്ലാവരുടെയും മനസിലുള്ളത്. ഇപ്പോഴതാ പുതിയ രീതികള്‍ വരുന്നു. ഓണം മഹാബലിയുടെതല്ല വാമനന്റേതാണ് എന്ന തരത്തിലെ സന്ദേശം കാണാനിടയായി. വാമനന്റെ കാല്‍ച്ചുവട്ടില്‍ മഹാബലിയെ കാണിക്കുന്ന സന്ദേശം. ഈ ദിവസം മഹാബലിയെല്ല വാമനനെയാണ് ഓര്‍ക്കേണ്ടത് എന്ന് ചിലര്‍ പറഞ്ഞതുകൂടി ചേര്‍ത്ത് വായിക്കണം. ഓണമടക്കം എല്ലാം നഷ്ടപ്പെട്ടു പോകും എന്ന ഓര്‍മ്മ വേണം. ജാഗ്രതയോടെ നീങ്ങണം – അദ്ദേഹം പറഞ്ഞു.

നവോത്ഥാന നായകരെ പലരെയും ഹൈജാക്ക് ചെയ്യാന്‍ വര്‍ഗീയ ശക്തികള്‍ ശ്രമിച്ചു വരുകയാണ്. തീര്‍ച്ചയായും ചരിത്രത്തിന്റെയും ഗുരുവന്റെ ദര്‍ശന ചരിത്രത്തെയും അട്ടിമറിക്കാനാണ് ഇത്തരം ശ്രമങ്ങള്‍. ആ ശ്രമങ്ങളെ തിരിച്ചറിഞ്ഞ് ചെറുത്തു തോല്‍പ്പിക്കാന്‍ കഴിയണം. അനാചാരങ്ങള്‍ക്കും അന്തവിശ്വാസങ്ങള്‍ക്കുമെതിരെ ശക്തമായ നിലപാടാണ് ഗുരു സ്വീകരിച്ചിരുന്നത് – അദ്ദേഹം പറഞ്ഞു.

Story Highlights : Pinarayi Vijayan about Sree Narayana Guru

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top