Advertisement

പൊലീസ് വീണ്ടും വില്ലന്‍ വേഷത്തില്‍; മുഖം നഷ്ടപ്പെട്ട് ആഭ്യന്തരവകുപ്പ്

4 hours ago
2 minutes Read
police

കസ്റ്റഡി മര്‍ദനത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളും ഉയരുന്ന പരാതികളുടെയും പേരില്‍ സംസ്ഥാനത്തെ പൊലീസും ആഭ്യന്തര വകുപ്പും കടുത്ത പ്രതിരോധത്തിലാണ്. സ്വാതന്ത്ര്യം ലഭിച്ച് ഏഴ് പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും പൊലീസ് ഇന്നും പഴയ ഇടിയന്‍ പൊലീസായി തുടരുന്നതിന്റെ ഞെട്ടലിലാണ് കേരള ജനത. നിയമ വാഴ്ചയും നീതിയും ആഗ്രഹിക്കുന്ന ഒരു സമൂഹത്തിന് പൊലീസ് പേടി സ്വപ്‌നമായി മാറുന്നത് ആധുനിക ലോകത്തിന് നാണക്കേടുമാണ്.

പൊലീസിനെതിരെ പൊതുജനങ്ങള്‍ പരാതിയുമായി രംഗത്തുവരുന്നത് ഒറ്റപ്പെട്ട സംഭവമെന്ന് വിശേഷിപ്പിക്കാന്‍ പറ്റാത്ത സാഹചര്യമാണിപ്പോള്‍. കുന്നംകുളത്തിന് പിന്നാലെ പീച്ചി പൊലീസും കോന്നി പൊലീസും ഇടിയന്‍ പൊലീസായി മാറിയ വാര്‍ത്തകളാണ് പുറത്തുവന്നിരിക്കുന്നത്. തുടര്‍ന്നും കേരള പൊലീസിനെതിരെ പരാതി ഉയര്‍ന്നതോടെ ആഭ്യന്തരവകുപ്പും സര്‍ക്കാരും കടുത്ത പ്രതിരോധത്തിലാണ്. കോന്നിയില്‍ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിലിട്ട് മര്‍ദിച്ച എസ് ഐയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് മുന്‍ എസ് എഫ് ഐ നേതാവായ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയതോടെ പൊലീസിലെ ക്രിമിനലുകള്‍ക്കെതിരെ രാഷ്ട്രീയ ഭേദമന്യേ ശക്തമായ പ്രതിഷേധം അലയടിക്കുകയാണ്.

സ്ഥിരം കുറ്റവാളികളായ പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ സംഘടനാ സംവിധാനങ്ങള്‍ കൊണ്ടും കഴിയാത്ത രീതിയില്‍ പ്രതിഷേധം കനത്തതോടെ എന്ത് നിലപാട് സ്വീകരിക്കുമെന്നതില്‍ ആഭ്യന്തര വകുപ്പിനും അവ്യക്തതയാണുണ്ടായിരിക്കുന്നത്. പൊലീസിന് ആരെയും മര്‍ദിക്കാം കേസുകളുടെ ഒത്തുതീര്‍പ്പിനും മറ്റുമായി ഭീഷണിപ്പെടുത്തി പണം വാങ്ങിക്കാം. ഇത് പുതിയൊരു സംഭവമല്ലെന്ന നിലയിലേക്ക് പൊലീസിനെ എത്തിച്ചതിന്റെ ഉത്തരവാദിത്വം ആര്‍ക്കാണ് ?

കുന്നംകുളത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പൊലീസ് അതിഭീകരമായി മര്‍ദിക്കുന്ന വീഡിയോ കേരള ജനത ഏറെ ഭീതിയോടെയാണ് കണ്ടത്. അഭ്യസ്ഥവിദ്യരായ യുവാക്കള്‍ പൊലീസില്‍ എത്തിയതോടെ പൊലീസ് സേന കൂടുതല്‍ നവീകരിക്കുമെന്നായിരുന്നു കണക്കുകൂട്ടലുകള്‍. എന്നാല്‍ പൊലീസിന്റെ രീതിക്ക് വലിയ മാറ്റമൊന്നും വന്നിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവന്ന വീഡിയോ. ഇത് പൊലീസിന്റെ വിശ്വാസ്യതയ്ക്ക് കോട്ടം തട്ടാനിടയായി. ഇതിന് തൊട്ടുപിന്നാലെയാണ് തൃശൂര്‍ പിച്ചിയിലും പത്തനംതിട്ടയിലും പൊലീസിനെതിരെ പരാതികള്‍ ഉയര്‍ന്നിരിക്കുന്നത്.

എസ് എഫ് ഐ കോന്നി ഏരിയാ സെക്രട്ടറിയായിരുന്ന ജയകൃഷ്ണനെ മര്‍ദിച്ച സംഭവത്തില്‍ കോന്നി സി ഐയായിരുന്ന മധുബാബുവിനെതിരെയാണ് പരാതി. കസ്റ്റഡി മര്‍ദനം നടത്തുന്ന ഉദ്യോഗസ്ഥനാണ് സി ഐ മധുബാബു എന്നാണ് പത്തനംതിട്ട മുന്‍ എസ് പി ഹരിശങ്കര്‍ ആഭ്യന്തര വകുപ്പിന് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. 2016ലാണ് എസ് എഫ് ഐ നേതാവായിരുന്ന ജയകൃഷ്ണനെ മര്‍ദിച്ചത്. നിലവില്‍ ആലപ്പുഴയില്‍ ഡി വൈ എസ് പിയാണ് മധുബാബു. ഒന്‍പതു വര്‍ഷം ഈ റിപ്പോര്‍ട്ടില്‍ ഒരു നടപടിയും കുറ്റാരോപിതനായ മധുബാബുവിനെതിരെ ഉണ്ടായില്ല എന്നു മാത്രമല്ല ഈ ഉദ്യോഗസ്ഥന് പിന്നെയും സ്ഥാനക്കയറ്റം ലഭിച്ചു. സര്‍വീസില്‍ തുടരാന്‍ അവസരവും ലഭിച്ചുവെന്നത് ഭീതിതമാണ്.

കുന്നംകുളത്തെ കസ്റ്റഡി മര്‍ദന വിവാദത്തില്‍ കുറ്റക്കാരായ നാല് പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്ന ആവശ്യം ശക്തമാവുന്നതിനിടയിലാണ് പീച്ചിയിലും കോന്നിയിലും നടന്ന കസ്റ്റഡി മര്‍ദനങ്ങള്‍ വാര്‍ത്തയാവുന്നത്. പീച്ചിയില്‍ നടന്ന കസ്റ്റഡി മര്‍ദനത്തില്‍ ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥനെ തത്കാലം സസ്‌പെന്റ് ചെയ്യാനുള്ള നീക്കത്തിലാണ് ആഭ്യന്തരവകുപ്പ്. നിലവില്‍ കൊച്ചി കടവന്ത്ര പൊലീസ് സ്റ്റേഷനില്‍ സി ഐ ഐ ആയ പി എ രതീഷാണ് കേസില്‍ ആരോപണ വിധേയന്‍. മര്‍ദനവും ഒപ്പം കേസ് ഒത്തു തീര്‍പ്പാക്കാന്‍ അഞ്ച് ലക്ഷം രൂപ കൈക്കൂലിയായും എസ് ഐ കൈപ്പറ്റിയെന്നാണ് ആരോപണം. എസ് ഐയ്ക്കെതിരെ ലഭിച്ച പരാതിയില്‍ അന്വേഷണം നടത്തിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ എസ് ഐ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും എസ് ഐക്കെതിരെ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് പൂഴ്ത്തുകയായിരുന്നു. ആരോപണ വിധേയനായ എസ് ഐ യെ ആഭ്യന്തര വകുപ്പ് പിന്നീട് സ്ഥാനക്കയറ്റം നല്‍കി സി ഐ ആയി എറണാകുളം കടവന്ത്രിയില്‍ പോസ്റ്റു ചെയ്യുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷങ്ങളിലും നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു. ഇതില്‍ ലൈംഗിക പീഡനം പോലുള്ള ഗൗരവ പരാതികളില്‍ പിരിച്ചുവിടല്‍ ഉള്‍പ്പെടെയുള്ള കഠിനമായ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ കസ്റ്റഡി മര്‍ദനം സംബന്ധിച്ചുള്ള പരാതികളില്‍ ആഭ്യന്തര വകുപ്പ് ഒളിച്ചുകളി നടത്തിയെന്നാണ് ആരോപണം. കുന്നംകുളത്തും കോന്നിയിലും പരാതിയുന്നയിച്ചത് രാഷ്ട്രീയ പ്രവര്‍ത്തകരാണ്. കോന്നിയില്‍ എസ് എഫ് ഐ നേതാവിനെ മര്‍ദിച്ച കേസിലെ പൊലീസ് ഉദ്യോഗസ്ഥന്‍ സ്ഥാനക്കയറ്റം ലഭിച്ച് ഡി വൈ എസ് പി ആയിട്ടും നടപടിയൊന്നും ഉണ്ടായില്ല. പൊലീസിനെതിരെ വ്യാപകമായ പരാതികള്‍ ഉയരുന്ന സാഹചര്യത്തില്‍ ശക്തമായ നടപടി സ്വീകരിക്കാതെ സര്‍ക്കാരിനും മന്നോട്ടുപോവാന്‍ കഴിയില്ല.

കുന്നംകുളത്ത് പൊലീസ് മര്‍ദത്തിനെതിരെ നിയമ പോരാട്ടം തുടര്‍ന്നതുകൊണ്ടു മാത്രമാണ് പൊലീസിന്റെ ക്രൂരമുഖം ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായത്. ഇത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ ഉയരുന്ന ആരോപണങ്ങളും പരാതികളും നടപടികളിലേക്ക് പോവാതെ മൂടിവെക്കുന്നതാണ് പതിവുരീതികള്‍. ഇതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്നാണ് ഉയരുന്ന ആരോപണം. കുന്നംകുളം മര്‍ദനത്തില്‍ കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും പിരിച്ചുവിടണമെന്ന ആവശ്യം ശക്തമായതോടെ സര്‍ക്കാരും പ്രതിരോധത്തിലാണ്. കസ്റ്റഡി മര്‍ദനം ഇന്നലെ സംഭവിച്ചതല്ല.പൊലീസുകാര്‍ കുറ്റക്കാരാണെന്ന് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടും അവര്‍ക്ക് സംരക്ഷണ വലയം സൃഷ്ടിച്ചത് ആരാണെന്നാണ് ഉയരുന്ന ചോദ്യം.

കസ്റ്റഡി മര്‍ദനങ്ങളുടെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ പൊലീസിനെ സംരക്ഷിക്കാന്‍ സര്‍ക്കാരിനും കഴിയാതെ വന്നിരിക്കയാണ്. മനുഷ്യത്വരഹിതമായ ഇത്തരം മര്‍ദനങ്ങളും ഇടിയന്‍ പൊലീസും ഇടിമുറികളും ഇപ്പോഴും കേരളത്തില്‍ നിലനില്‍ക്കുന്നുവെന്നു പറയുന്നത് തന്നെ സര്‍ക്കാരിന് നാണക്കേടാണ്. കാലം ഏറെ കഴിഞ്ഞിട്ടും ചില രീതികളില്‍ മാറ്റമൊന്നും വരില്ലെന്നതിന്റെ വ്യക്തമായ ഉദാഹരണങ്ങളാണ് ഈ കസ്റ്റഡി മര്‍ദനങ്ങള്‍. 20 വര്‍ഷം മുന്‍പ് പൊലീസ് നടത്തിയ കിരാതമായ ഉരുട്ടലില്‍ ഉദയകുമാര്‍ എന്നൊരു യുവാവ് കൊല്ലപ്പെട്ട സംഭവം കേരളത്തെ ആകെ ഞെട്ടിപ്പിച്ച സംഭവമായിരുന്നു. എന്നാല്‍ ഈ സംഭവത്തില്‍ പ്രതികളായ പൊലീസിനെ സംരക്ഷിച്ചെടുക്കാനുള്ള വഴി ഉണ്ടാക്കുകയാണ് സഹപ്രവര്‍ത്തകരായ പൊലീസ് സംഘം ചെയ്തതെന്ന് ഈ കഴിഞ്ഞ ദിവസങ്ങളില്‍ നാം കണ്ടതാണ്.

കേരള മനസാക്ഷിയെ ഞെട്ടിച്ച രാജന്‍ കേസുകള്‍ പോലുള്ളവ വലിയ രാഷ്ട്രീയ കോലാഹലങ്ങള്‍ക്ക് വഴിയൊരുക്കിയ സംസ്ഥാനമാണ് കേരളം. അടിയന്തിരാവസ്ഥയുടെ കറുത്തനാളുകളില്‍ അരങ്ങേറിയതുപോലുള്ള പൊലീസിന്റെ കസ്റ്റഡി മര്‍ദനവും ഉരുട്ടലുമൊക്കെ കാലം ഏറെ കഴിഞ്ഞിട്ടും തുടരുന്നത് ജനാധിപത്യ സംവിധാനത്തിന് ഭൂഷണമല്ല. ഇത്തരം സംഭവങ്ങള്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ ഭരണകാലത്ത് ആരും പ്രതീക്ഷിക്കയുമില്ല. അതിനാല്‍ ആരോപണ വിധേയരായ പൊലീസ് ഉദ്യോഗസ്ഥരെ മുഖം നോക്കാതെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യണമെന്ന ആവശ്യത്തിന് ശക്തി കൂടുകയാണ്.

പൊലീസിലെ ക്രിമനുകളെ കണ്ടെത്താന്‍ സര്‍ക്കാര്‍ തന്നെ നേരത്തെ മുന്‍കൈ എടുത്തിരുന്നു. എന്നാല്‍ പൊലീസിലെ ക്രിമിനലുകളായ ഉദ്യോഗസ്ഥരുടെ പട്ടികയുണ്ടാക്കിയതല്ലാതെ കൂടുതല്‍ നടപടികളൊന്നും ഉണ്ടായില്ല. 2022 ല്‍ നിയമസഭയില്‍ വച്ച കണക്കുകള്‍ പ്രകാരം 744 പേര്‍ പൊലീസ് സേനയില്‍ ക്രിമിനല്‍ സ്വഭാവമുളളവരാണെന്ന് വ്യക്തമാക്കുന്നു. കേസുകളില്‍ ശിക്ഷിക്കപ്പെട്ട 18 പൊലീസ് ഉദ്യോഗസ്ഥരെ ആഭ്യന്തരവകുപ്പ് പിരിച്ചുവിട്ടിട്ടുണ്ട്. 691 ഉദ്യോഗസ്ഥര്‍ വകുപ്പുതല അന്വേഷണം നേരിടുന്നുണ്ട്. അറുപതിനായിരം പേരുള്ള പൊലീസ് സേനയുടെ അന്തസ് കളയുന്നത് ഒന്നരശതമാനം പോലുമില്ലാത്ത ഈ ക്രിമിനലുകളാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇവരെ സര്‍വീസില്‍ നിന്നും പിരിച്ചുവിടാന്‍ വിടാന്‍ ഇവിടെ വകുപ്പും നിയമവും ഒന്നും ഇല്ലേ എന്ന ചോദ്യം സ്വാഭാവികമായും ഉയരാം. തീര്‍ച്ചയായും ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ചട്ടങ്ങള്‍ നിലവില്‍ ഉണ്ട്. സര്‍ക്കാര്‍ നിലപാട് കര്‍ശനമാക്കിയാല്‍ ഇവരെല്ലാം സേനയ്ക്ക് പുറത്താവും.

Story Highlights : The state’s police and home department are on the defensive

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top