‘ഗുണ്ടകളായ ഉദ്യോഗസ്ഥരെ ഇരുവശത്തും നിർത്തി കേരളത്തിൻ്റെ മുഖ്യഗുണ്ട കേരളം ഭരിക്കാമെന്ന് കരുതിയാൽ ജനം അനുവദിക്കില്ല’: ഷാഫി പറമ്പിൽ

മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനുമെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എംപി ഷാഫി പറമ്പിൽ. ഗുണ്ടകളായ ഉദ്യോഗസ്ഥരെ ഇരുവശത്തും നിർത്തി കേരളത്തിൻ്റെ മുഖ്യഗുണ്ട കേരളം ഭരിക്കാമെന്ന് കരുതിയാൽ ജനം അനുവദിക്കില്ല. ഗുണ്ടാ മൈത്രി പൊലീസായി കേരളത്തിലെ പൊലിസ് മാറിയെന്നും ഷാഫി പറമ്പിൽ ആരോപിച്ചു.
കൊല മൈത്രി പൊലീസാണിത്. ക്രിമിനലുകളുടെ മനോഭാവമാണ് പൊലിസിന്. ക്രിമിനലുകളുടെ അതേ മനോഭാവം തന്നെയാണ് ഭരിക്കുന്നവർക്കും. വിഷയത്തിൽ മുഖ്യമന്ത്രി പ്രതികരിക്കുന്നില്ല. ഇവരുടെ ബഡാ ദോസ്ത് ആയി ആഭ്യന്തരമന്ത്രി മാറിയെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.
പൊലീസ് അക്രമങ്ങൾക്കെതിരെ കോൺഗ്രസ് നടത്തുന്ന പ്രതിഷേധ സമരത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഷാഫി പറമ്പിൽ. പൊലീസ് ഗുണ്ടകളെ പിരിച്ചു വിടണം. ഇത് അവസാനത്തെ സമരമല്ല. വകുപ്പ് ഭരിക്കുന്നത് ഗുണ്ടകളാണ്.
കേരളത്തിൻ്റെ ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് കൊടി സുനിമാർ. സസ്പെൻഷനിലായ ഉദ്യോഗസ്ഥരെ പിരിച്ചു വിടാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ല. അവരെ തിരിച്ചെടുക്കാനുള്ള സമയം സർക്കാരിന് ജനം കൊടുക്കില്ല. കാഫിർ സ്ക്രീൻ ഷോട്ട് ആരാണ് ഉണ്ടാക്കിയതെന്നും ഷാഫി ചോദിച്ചു.
കാഫിർ സ്ക്രീൻ ഷോട്ട് അന്വേഷണം ഫ്രീസറിലാണ്. ആഭ്യന്തരവകുപ്പില്ല, ഗുണ്ടകളുടെ വിഹാരകേന്ദ്രമാണിത്. ആദ്യ ഘട്ട സമരമാണിത്. പൊലിസിന് ശമ്പളം AKG സെൻ്ററിൽ നിന്നല്ല കൊടുക്കുന്നത്. കൂറ് കാണിക്കേണ്ടത് ജനങ്ങളോടാണെന്നും ഷാഫി പറമ്പിൽ വിമർശിച്ചു.
വി.ഡി സതീശനെതിരായ സൈബർ ആക്രമണത്തിലും ഷാഫി പ്രതികരിച്ചു. പാർട്ടി പ്രവർത്തകരുടെ ഫോക്കസ് സർക്കാറിനെതിരെയാകണം. കൈയ്യും കാലും നാവും തലയും മനസും സർക്കാറിനെതിരെയാകാണം. കോൺഗ്രസ് പ്രവർത്തകരുടെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ സർക്കാരിനെതിരെ തിരിയണം.
കെപിസിസി പ്രസിഡന്റ് മുതൽ പാർട്ടി അംഗം വരേ ഇതിന് പ്രാധാന്യം നൽകണം. മറ്റു ഒന്നിലേക്കും പാർട്ടി പ്രവർത്തകർ തിരിയരുത് എന്നും ഷാഫി പറമ്പിൽ നിർദേശം നൽകി.
പൊലീസ് സ്റ്റേഷനുകള്‍ക്ക് മുന്നിൽ ഇന്ന് കോണ്‍ഗ്രസിന്‍റെ പ്രതിഷേധ സദസ്. കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സുജിത്തിനെ ക്രൂരമായി മർദിച്ച പൊലീസുകാരെയും തുടര്‍ന്ന് പുറത്തുവന്ന വിവിധ പൊലീസ് സ്റ്റേഷനുകളിലെ മര്‍ദനങ്ങള്‍ക്ക് നേതൃത്വം കൊടുത്ത പൊലീസുകാരെയും സർവീസില്‍ നിന്നും നീക്കണമെന്നാവശ്യപ്പെട്ടാണ് സമരം.
കെപിസിസി ആഹ്വാനപ്രകാരം എല്ലാ പൊലീസ് സ്റ്റേഷനുകള്‍ക്കു മുന്നിലും രാവിലെ 10 മണിക്കാണ് സമരം. മുതിര്‍ന്ന നേതാക്കൾ സമരത്തിന് നേതൃത്വം നല്‍കും. കുന്നംകുളം സ്റ്റേഷന് മുന്നിൽ കെപിസിസി പ്രസിഡന്റ് ഉദ്ഘാടനം ചെയ്യും. യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് വെഞ്ഞാറമൂട്ടിലും കെ മുരളീധരൻ മ്യൂസിയം സ്റ്റേഷന് മുന്നിലും ഉദ്ഘാടനം ചെയ്യും.
Story Highlights : Shafi Parambil Against Pinarayi Vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here