‘സ്വർണ്ണ പാളികൾ ഉരുക്കിയ നിലയിൽ, ഉടൻ തിരിച്ചെത്തിക്കാനാകില്ല’; ദേവസ്വം ബോർഡ്

ശബരിമല ദ്വാരപാലക ശിൽപങ്ങളിലെ സ്വർണ്ണ പാളികൾ ഉടൻ തിരിച്ചെത്തിക്കാൻ ആകില്ലെന്ന് ദേവസ്വം ബോർഡ്. സ്വർണ്ണ പാളികൾ ഉരുക്കിയ നിലയിലായതിനാൽ അറ്റകുറ്റ പണി പൂർത്തിയായ ശേഷമേ തിരിച്ചെത്തിക്കാൻ കഴിയൂവെന്നും ദേവസ്വം ബോർഡ് പറഞ്ഞു. ഈ വിഷയങ്ങൾ ചൂണ്ടിക്കാട്ടി ദേവസ്വം ബോർഡ് ഇന്ന് ഹൈക്കോടതിയിൽ പുനഃപരിശോധന ഹർജി നൽകും. ദേവസ്വം ബോർഡിനു വേണ്ടി സ്റ്റാൻഡിങ് കൗൺസിൽ ജി ബിജു ഹാജരാകും.
ശബരിമലയിലെ സ്വർണ്ണപ്പാളികൾ ഹൈക്കോടതി അനുമതിയില്ലാതെ അറ്റകുറ്റ പണിക്ക് കൊണ്ടുപോയ സംഭവത്തിൽ ദേവസ്വം ബോർഡ് ഇന്ന് വിശദീകരണം നൽകും. നടപടിയെടുക്കാതിരിക്കാൻ എന്തെങ്കിലും കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ ദേവസ്വം ബെഞ്ച് ഇന്നലെ നിർദേശം നൽകിയിരുന്നു.
ദേവസ്വം ബോർഡ് ഹൈക്കോടതി ഉത്തരവ് മനഃപൂർവം ലംഘിച്ചെന്നായിരുന്നു കോടതി നീരിക്ഷണം.
കോടതിയുടെ അനുമതിയോടെ മാത്രമേ സന്നിധാനത്ത് സ്വർണ്ണപ്പണികൾ നടത്താനാവൂ. ഈ ഉത്തരവ് നിലനിൽക്കേ സ്വർണപാളി നീക്കിയതിൽ ദേവസ്വം ബോർഡിന് ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ട്. ഹൈക്കോടതി ദേവസ്വം ബെഞ്ചും സമാന നിലപാട് സ്വീകരിച്ചു. വിഷയം ഹൈക്കോടതി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
Story Highlights : Devaswom Board Sabarimala Golden roof
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here