റേഷൻ കാർഡുകൾക്ക് ഇനി മുതൽ ഒരേ നിറം

മുൻഗണന ആവശ്യമുള്ളവരെയും ഇല്ലാത്തവരെയും എളുപ്പത്തിൽ തിരിച്ചറിയുന്നതിനായി റേഷൻ കാർഡുകൾ വിവിധ നിറങ്ങളിൽ തയ്യാറാക്കുന്നത് നിർത്താൻ സർക്കാർ. നിലവിൽ പിങ്ക്, മഞ്ഞ, നീല, വെള്ള എന്നീ നിറങ്ങളിലാണ് റേഷൻ കാർഡുള്ളത്.
വ്യത്യസ്ത നിറത്തിലെ കാർഡുകൾക്ക് പകരം ഒരേനിറത്തിലുള്ള കാർഡുകൾ നൽകി അതിൽ ഏത് വിഭാഗമാണെന്ന് അടയാളപ്പെടുത്തിയാൽ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. കഴിഞ്ഞ തവണ കാർഡുകൾ പുതുക്കി നൽകിയപ്പോഴായിരുന്നു ബിപിൽ, എപിഎൽ വിഭാഗക്കാർക്ക് വ്യത്യസ്ത കാർഡുകൾ നൽകിയത്.
ഇനി മുതൽ മുൻഗണനാവിഭാഗക്കാർക്കും ബിപിഎൽ വിഭാഗത്തിന് ലഭിച്ചിരുന്ന ചികിത്സാആനുകൂല്യങ്ങൾ ലഭ്യമാകും. മുൻപ് ചികിത്സാ ആനുകൂല്യം ലഭിച്ചിരുന്നവരുടെ പട്ടികയിൽ നിന്നു പുറത്താക്കിയ 4.3 ലക്ഷം പേരിൽ 2.6 ലക്ഷം പേർ അർഹരാണെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ പട്ടിക പുനപരിശോധിക്കും.
ലൈഫ് മിഷൻ പദ്ധതിയിൽ ചേരുന്ന അർഹരായ റേഷൻ കാർഡില്ലാത്തവർക്ക് താത്കാലിക റേഷൻ കാർഡ് നൽകാൻ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗം തീരുമാനിച്ചു. ഒപ്പം മുൻഗണനപ്പട്ടികയുടെ ശുദ്ധീകരണവും കംപ്യൂട്ടർ വത്കരണവും ഉടൻ പൂർത്തിയാക്കാനും തീരുമാനിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here