എൻഡോസൾഫാൻ ദുരിതം വിതച്ച കമ്പനികളിൽ നിന്ന് നഷ്ടപരിഹാരം ഈടക്കാൻ കേസുമായി സർക്കാർ

കാസർഗോഡ് എൻഡോസൾഫാൻ ദുരിതം വിതച്ച കമ്പനികളിൽ നിന്ന് നഷ്ടപരിഹാരം ഈടക്കാൻ കേസുമായി സർക്കാർ. നഷ്ടപരിഹാരമായി സർക്കാർ നേരിട്ട് നൽകിയ 161 കോടി രൂപ എൻഡോസൾഫാൻ നിർമ്മാണ കമ്പനികളിൽ നിന്ന് ഈടാക്കണമെന്നാണ് ആവശ്യം. എൻഡോസൾഫാൻ മൂലം മരിച്ചവരുടെ ആശ്രിതർക്ക് 5 ലക്ഷം വീതവും അംഗവൈകല്യം സംഭവിച്ചവർക്ക് 3 ലക്ഷം വീതവുമാണ് സർക്കാർ നഷ്ടപരിഹാരം നൽകിയത്. ഈ രീതിയിൽ ആകെ നൽകിയ 161 കോടി രൂപ 15 നിർമ്മാണ കമ്പനികളിൽ നിന്നും ഈടാക്കണമെന്നാണ് സർക്കാരിന്റെ ആവശ്യം.
സംസ്ഥാന സർക്കാരിന് വേണ്ടി തിരുവനന്തപുരം ജില്ലാ കളക്ടർ വാദിയായാണ് നഷ്ടപരിഹാരക്കേസ് തിരുവനന്തപുരം സബ് കോടതി ഫയലിൽ സ്വീകരിച്ചു. എൻഡോസൾഫാൻ നിർമ്മാണ കമ്പനികളായ ബെയർ ഇന്ത്യ ലിമിറ്റഡ്, ഹിന്ദുസ്ഥാൻ ഇൻസെക്റ്റിസൈഡ്‌സ് ലിമിറ്റഡ്, റാലിസ് ലിമിറ്റഡ്, കർണാടക സ്റ്റേറ്റ് കോഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് തുടങ്ങിയവയും പൊതുമേഖലാ കമ്പനിയായ പ്ലാന്റേഷൻ കോർപ്പറേഷൻ കേരള ലിമിറ്റഡുമാണ് കേസിലെ പ്രതികൾ. ഇതിൽ പ്ലാന്റേഷൻ കോർപ്പറേഷൻ ഒഴികെ മറ്റ് 15 കമ്പനികളിൽ നിന്നാണ് സർക്കാർ നഷ്ടപരിഹാരം ആവശ്യപ്പെടുന്നത്. പ്ലാന്റേഷൻ കോർപ്പറേഷന്റെ കീഴിൽ ഉള്ള കാസർഗോഡ് ജില്ലയിലെ കശുമാവ് അടക്കമുള്ള തോട്ടങ്ങളിലാണ് മാരക വിഷാംശമടങ്ങിയ എൻഡോസൾഫാൻ കീടനാശിനി തളിച്ചത്. എൻഡോസൾഫാൻ ദുരിത ബാധിതരിൽ നിരവധി പേർ മരിക്കുകയും അനവധി പേർക്ക് അംഗവൈകല്യം സംഭവിക്കുകയും ചെയ്തു. നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ഇരകൾക്ക് നഷ്ടപരിഹാരം ലഭിക്കാനുള്ള അവസരം ഒരുങ്ങിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here