Advertisement

തുച്ഛമായ വിലയ്ക്ക് ഐഫോൺ നൽകാമെന്ന് പറഞ്ഞ് ഒഎൽഎക്‌സിലൂടെ തട്ടിപ്പ്

January 10, 2019
Google News 0 minutes Read

തുച്ഛമായ വിലയ്ക്ക് ഐ ഫോൺ വിൽപ്പനയ്‌ക്കെന്ന് ഒഎൽഎക്‌സിൽ പരസ്യം നൽകി തട്ടിപ്പ്. താമരശ്ശേരി താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയായ ആസാം സ്വദേശിക്ക് പണം നഷ്ടപ്പെട്ടു. സൈനീകനാണെന്നും കോഴിക്കോട് എയർപോർട്ടിലാണ് ജോലിയെന്നും തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ് സംഘം ആസാം സ്വദേശിയുടെ എടിഎം കാർഡിന്റെ ഫോട്ടോകളും കരസ്ഥമാക്കി തട്ടിപ്പിന് ശ്രമിച്ചതായാണ് പരാതി.

ഉപയോഗിച്ച സാധനങ്ങളുടെ ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ വിപണിയായ ഒഎൽഎക്‌സ് വഴിയാണ് തട്ടിപ്പ് അരങ്ങേറുന്നത്. കേവലം 4500 രൂപയ്ക്ക് ഐ ഫോൺ 5 വിൽപ്പനയ്ക്ക് എന്ന പരസ്യത്തിൽ ആകൃഷ്ടനായി, അതിനോട് പ്രതികരിച്ച ആസാം സ്വദേശിയായ അയിജുൽ ഖാനാണ് തട്ടിപ്പിന് ഇരയായത്. സ്റ്റേജ് നിർമാണ തൊഴിലാളിയായ അയിജുൽ ഖാന് നഷ്ട്ടപ്പെട്ടത് എണ്ണായിരം രൂപ. തട്ടിപ്പ് മനസ്സിലായി, പ്രതികരിക്കാതിരുന്നതിനാൽ ബാങ്ക് അക്കൗണ്ട് കാലിയായില്ല.

രാജസ്ഥാൻ നമ്പരാണ് ഒഎൽഎക്‌സ് പരസ്യത്തോടൊപ്പം നൽകിയിരുന്നത്. കോഴിക്കോട് എയർ പോർട്ടിൽ സി ഐ എസ് എഫ് ജവാനാണെന്നും പേര് രത്തൻ സിങ്ങ് ആണെന്നും പരിചയപ്പെടുത്തിയ ആൾ ഫോൺ നാലായിരം രൂപയ്ക്ക് നൽകാമെന്ന് അയിജുൽ ഖാനോട്സമ്മതിച്ചു. വിശ്വസിപ്പിക്കാനായി സിഐഎസ്എഫ് യൂണിഫോമിലുള്ള ഉദ്യോഗസ്ഥന്റെ ചിത്രങ്ങളും, തിരിച്ചറിയൽ കാർഡും, ആധാർ വിവരങ്ങളും വാട്‌സാപ്പ് വഴി അയച്ചു കൊടുത്തു.

വിശ്വസിച്ചു എന്ന് തോന്നിയതോടെനാലായിരം രൂപ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചാൽ രണ്ട് മണിക്കൂറിനകം ഫോൺ ലഭിക്കുമെന്ന് നിർദേശം. പണം നിക്ഷേപിച്ചതോടെ കമ്പനിയുടെ ആളാണെന്ന് പരിചയപ്പെടുത്തി മറ്റൊരാൾ വിളിക്കുകയും മൊബൈൽഫോൺ ഇൻഷൂർ ചെയ്യാൻ 5100 രൂപ ആവശ്യപ്പെടുകയും ചെയ്തു. പണം നൽകിയില്ലെങ്കിൽ ആദ്യം നൽകിയ നാലായിരവും നഷ്ടപ്പെടുമെന്ന ഭീഷണിക്ക് വഴങ്ങിയ അയിജുൽ ഖാൻ നാലായിരം രൂപ കൂടി ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചു. വീണ്ടും രണ്ടായിരം രൂപ ആവശ്യപ്പെട്ട് മറ്റൊരു നമ്പരിൽ നിന്ന് കൂടി വിളിവന്നതോടെയാണ് കബളിപ്പിക്കപ്പെട്ടതായി അയിജുൽ ഖാന് മനസ്സിലായത്.

അയിജുൽഖാന്റെ എ ടി എം കാർഡിന്റെ ഇരു വശങ്ങളും ഫോട്ടോ എടുത്ത് അയക്കാനും തട്ടിപ്പ് സംഘം ആവശ്യപ്പെട്ടിരുന്നു.പലപ്പോഴായി ഇയാളുടെഫോണിലേക്ക് ഒ ടി പി നമ്പറുകൾ വന്നത് പണം പിൻവലിക്കാനുള്ള ശ്രമം നടന്നുവെന്നതിന് തെളിവായി. ഒടിപി ആവശ്യപ്പെട്ട് സംഘം വിളിച്ചെങ്കിലും നൽകാൻ തയ്യാറാകാതിരുന്നതോടെ സൈനീകരാണെന്നും പിടിച്ചു കൊണ്ട് പോകുമെന്നും ഭീഷണിപ്പെടുത്തി.

തട്ടിപ്പ് സംബന്ധിച്ച് താമരശ്ശേരി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. തട്ടിപ്പിന് പിന്നിൽ രാജസ്ഥാൻ സ്വദേശികളാണെന്ന് സംശയിക്കുന്നു. ഫോൺ നമ്പറിൽ ബന്ധപ്പെട്ട പോലിസുകാർക്ക് അസഭ്യം കേൾക്കേണ്ടി വന്നതായും അയിജുൽ ഖാൻ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here