‘ആത്മാന്വേഷിയായിരുന്നു, പുലര്‍ച്ചെ മൂന്നിന് ഉണരും’; ഹിമാലയ ജീവിതത്തെ കുറിച്ച് മോദി

ചെറുപ്പകാലത്ത് താനൊരു ആത്മാന്വേഷിയായിരുന്നെന്ന അവകാശവാദവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഹ്യൂമൻസ് ഓഫ് ബോംബെക്ക് നൽകിയ അഭിമുഖത്തിലാണ് കൗമാരകാലത്തെ സന്യാസ സമാനമായ ജീവിതത്തെക്കുറിച്ച് മോദി വെളിപ്പെടുത്തൽ നടത്തിയത്. അക്കാലത്ത് തനിക്ക് കൗതുകം കൂടുതലും വ്യക്തത കുറവുമായിരുന്നെന്ന് മോദി അവകാശപ്പെട്ടു.
17 വയസ്സാണ് പ്രായം. അന്ന് ഹിമാലയ സാനുക്കളിൽ വെച്ച് സൈനികരെ കാണാനിടയായി. ഇതാണ് രാജ്യത്തെ സേവിക്കണമെന്ന ആഗ്രഹം ഉള്ളിൽ വളർത്തിയത്. പട്ടാളക്കാരനാകണമെന്ന് ആഗ്രഹിച്ചു. പിന്നീട് സന്യാസികളുമായി താൻ ഏറെ ബൗദ്ധികവിചാരങ്ങൾ നടത്തി. ഈ ലോകത്ത് തനിക്കറിയാത്ത ഒരുപാട് കാര്യങ്ങളുണ്ടെന്ന് ബോധ്യപ്പെട്ടു.
Read More: ഒടുവില്‍ ശോഭാ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ പിഴയടച്ചു
ദൈവത്തിൽ അർപ്പിച്ചതു കൊണ്ടാണ് താൻ പതിനേഴ് വയസ്സുള്ളപ്പോൾ മാതാപിതാക്കളെ ഉപേക്ഷിച്ചു പോയതെന്ന് മോദി പറഞ്ഞു. അമ്മ തന്നെ മധുരം നല്‍കിയും നെറ്റിയിൽ തിലകമണിയിച്ചുമാണ് ഹിമാലയത്തിലേക്ക് വിട്ടതെന്നും അദ്ദേഹം പറഞ്ഞു.
ഹിമാലയത്തിൽ ബ്രാഹ്മമുഹൂർത്തത്തിൽ (സൂര്യോദയത്തിന് മൂന്നു മണിക്കൂർ മുമ്പ്) എല്ലാ ദിവസവും ഉണർന്ന് വെള്ളം ചൂടാക്കുക പോലും ചെയ്യാതെ കുളിച്ചിരുന്നെന്ന വെളിപ്പെടുത്തലും പ്രധാനമന്ത്രി നടത്തി. മരവിപ്പിക്കുന്ന തണുപ്പാണ് വെള്ളത്തിനുണ്ടായിരുന്നതെങ്കിലും തനിക്കത് ഊഷ്മളമായ അനുഭൂതിയായിരുന്നു ഉണ്ടാക്കിയതെന്നും മോദി പറഞ്ഞു. പ്രപഞ്ചത്തിന്റെ താളവുമായി എങ്ങനെ കൂടിച്ചേരണമെന്ന് തന്നെ സന്യാസിമാർ പഠിപ്പിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.
Read More: വിവാദം കൊണ്ട് കേരളത്തിന്റെ പുരോഗതി തടയാമെന്ന് മോഹിക്കേണ്ട: മുഖ്യമന്ത്രി (വീഡിയോ)
എട്ടാം വയസ്സു മുതൽ ശാഖയിൽ പോയിത്തുടങ്ങി. ഒമ്പതാം വയസ്സിൽ ഗുജറാത്തിലെ വെള്ളപ്പൊക്കത്തിൽ ദുരിതത്തിലായവരെ സഹായിക്കാൻ ഒരുല ഭക്ഷണകേന്ദ്രം ഒരുക്കുന്ന ജോലിയിലേർപ്പെട്ടതായും പ്രധാനമന്ത്രി പറഞ്ഞു. താൻ പിതാവിന്റെ ചായക്കടയിൽ സഹായിക്കാൻ നിന്നിരുന്ന കാര്യം ഈ അഭിമുഖത്തിലും മോദി ആവർത്തിച്ചു. തന്റെ പൂർവ്വകാല ജീവിതത്തെക്കുറിച്ച് പറയുന്ന ഈ അഭിമുഖത്തിന്റെ രണ്ടാം ഭാഗത്തിലുള്ള വിവരങ്ങളാണിവ. ആകെ അഞ്ച് ഭാഗങ്ങളുള്ളതിൽ ബാക്കി മൂന്ന് ഭാഗങ്ങൾ വരാനുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here