രാഹുല്‍ ദ്രാവിഡിന് ജന്മദിനം; ‘വന്‍മതിലി’ന്റെ 10 അപൂര്‍വ്വ റെക്കോര്‍ഡുകള്‍ അറിയാം

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് ക്രിക്കറ്ററായ രാഹുല്‍ ദ്രാവിഡിന് ഇന്ന് 46-ാം ജന്മദിനം. ഇന്ത്യയുടെ വന്‍മതിലിന് ജന്മദിന ആശംസകളുമായി നിരവധി കായികപ്രേമികളാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയ്ക്ക് വേണ്ടി 164 ടെസ്റ്റ് മത്സരങ്ങളിലായി 52.31 ശരാശരിയോടെ 13,288 റണ്‍സാണ് ദ്രാവിഡ് സ്വന്തമാക്കിയിട്ടുള്ളത്. ഏകദിന ക്രിക്കറ്റില്‍ 344 മത്സരങ്ങളിലായി 10,889 റണ്‍സും വന്‍മതില്‍ സ്വന്തമാക്കിയിട്ടുണ്ട്. 39.16 ശരാശരിയോടെയാണ് ഏകദിനത്തില്‍ ദ്രാവിഡ് 10,000 റണ്‍സ് പിന്നിട്ടത്. ടെസ്റ്റില്‍ 36 ഉം ഏകദിനത്തില്‍ 12 ഉം സെഞ്ച്വറികളാണ് ദ്രാവിഡ് സ്വന്തം പേരില്‍ കുറിച്ചിട്ടുള്ളത്.
രാഹുല്‍ ദ്രാവിഡിന്റെ പത്ത് അപൂര്‍വ്വ റെക്കോര്‍ഡുകള്‍ അറിയാം:
1. ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ഫീല്‍ഡര്‍ സ്വന്തമാക്കിയ ക്യാച്ചുകളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനം.
164 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 210 ക്യാച്ചുകളാണ് ദ്രാവിഡ് സ്വന്തമാക്കിയത്. ഒരു നോണ്‍ – കീപ്പര്‍ ഫീല്‍ഡര്‍ സ്വന്തമാക്കുന്ന ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ എന്ന റെക്കോര്‍ഡാണ് ദ്രാവിഡ് സ്വന്തം പേരിലെഴുതി ചേര്‍ത്തത്.
2. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ബോളുകള്‍ നേരിട്ട താരം.
ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും അധികം പന്തുകള്‍ നേരിട്ട ബാറ്റ്‌സ്മാന്‍ എന്ന റെക്കോര്‍ഡും ദ്രാവിഡിന്റെ പേരില്‍. 16 വര്‍ഷം നീണ്ട ടെസ്റ്റ് കരിയറില്‍ 31,258 പന്തുകളാണ് ദ്രാവിഡ് നേരിട്ടത്. രണ്ടാം സ്ഥാനത്തുള്ള സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ നേരിട്ട പന്തുകളുടെ എണ്ണം 29,437 ആണ്.
3. ക്രീസില്‍ ഏറ്റവും അധികം സമയം ചെലവഴിച്ച ബാറ്റ്‌സ്മാന്‍
ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും അധികം സമയം ക്രീസില്‍ ചെലവഴിച്ച ബാറ്റ്‌സ്മാനാണ് രാഹുല്‍ ദ്രാവിഡ്. കരിയറില്‍ 735 മണിക്കൂറും 52 മിനിറ്റുമാണ് ടെസ്റ്റ് ബാറ്റ്‌സ്മാനായി ക്രീസില്‍ ചെലവഴിച്ചത്. ആകെ 44,152 മിനിറ്റുകളാണ് ദ്രാവിഡ് ബാറ്റിംഗിനായി ക്രീസില്‍ ചെലവിട്ടത്.
4. മൂന്നാം നമ്പറില്‍ ഇറങ്ങി പതിനായിരം ക്ലബില്‍ കയറിയ ആദ്യ താരം
മൂന്നാം നമ്പറില്‍ ബാറ്റിംഗിനിറങ്ങി 10,000 റണ്‍സ് ക്ലബിലെത്തുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും ദ്രാവിഡിന്റെ പേരില്‍. മൂന്നാം നമ്പറില്‍ 219 ഇന്നിംഗ്‌സുകള്‍ കളിച്ച ദ്രാവിഡ് 10,524 റണ്‍സ് നേടിയിട്ടുണ്ട്. 52.88 ശരാശരിയോടെ 28 സെഞ്ച്വറികളുമായാണ് ഈ നേട്ടം. മൂന്നാം നമ്പറില്‍ ദ്രാവിഡിന്റെ ഉയര്‍ന്ന സ്‌കോര്‍ 270 ആണ്.
5. നാല് ഇന്നിംഗ്‌സുകളില്‍ തുടര്‍ച്ചയായി സെഞ്ച്വറി
നാല് ഇന്നിംഗ്‌സുകളില്‍ തുടര്‍ച്ചയായി സെഞ്ച്വറി നേടിയ ഏക ഇന്ത്യന്‍ താരം. 2002 ല്‍ ഇംഗ്ലണ്ടിനെതിരെ മൂന്നും വെസ്റ്റ് ഇന്‍ഡീസിനെതിരെ ഒരു സെഞ്ച്വറിയും തുടര്‍ച്ചയായി നേടി. 115, 148, 217 (ഇംഗ്ലണ്ടിനെതിരെ നോട്ടിന്‍ഹാമിലും ലീഡ്‌സിലും) പുറത്താകാതെ 100 റണ്‍സ് (വെസ്റ്റ് ഇന്‍ഡീസിനെതിരെ മുംബൈയില്‍).
6. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ പാട്ണര്‍ഷിപ്പ് റണ്‍സിന് ഉടമ
ഏറ്റവും കൂടുതല്‍ പാട്ണര്‍ഷിപ്പ് റണ്‍സുള്ള താരമെന്ന റെക്കോര്‍ഡ് ദ്രാവിഡിന് സ്വന്തം. 32,039 റണ്‍സാണ് ദ്രാവിഡിന്റെ പാട്ണര്‍ഷിപ്പ് സ്‌കോര്‍. ഏറ്റവും കൂടുതല്‍ 100 റണ്‍സ് പാട്ണര്‍ഷിപ്പും 50 റണ്‍സ് പാട്ണര്‍ഷിപ്പും ദ്രാവിഡിന്റെ പേരിലാണ്. 88 തവണ 100 റണ്‍സ് പാട്ണര്‍ഷിപ്പിലും 126 തവണ 50 റണ്‍സ് പാട്ണര്‍ഷിപ്പിലും ദ്രാവിഡ് പങ്കാളിയായി.
7. സച്ചിനൊപ്പം
സച്ചിനൊപ്പമുള്ള പാട്ണര്‍ഷിപ്പില്‍ റെക്കോര്‍ഡ് നേട്ടം. ഇരുവരും ചേര്‍ന്ന് 6,920 റണ്‍സിന്റെ കൂട്ടുക്കെട്ടാണുള്ളത്. ഇതില്‍ 20 തവണയും 100 റണ്‍സ് കൂട്ടുക്കെട്ട്. ഇത് രണ്ടും ലോക റെക്കോര്‍ഡാണ്.
8. ഏകദിനത്തില്‍ മൂന്നൂറ് റണ്‍സ് പാട്ണര്‍ഷിപ്പ്
ഏകദിനത്തില്‍ രണ്ട് തവണ 300 റണ്‍സ് പാട്ണര്‍ഷിപ്പില്‍ അംഗമായ ഏക താരം. ക്രിക്കറ്റ് ലോകകപ്പില്‍ 300 റണ്‍സ് പാട്ണര്‍ഷിപ്പില്‍ അംഗമായ ആദ്യ താരം. 1999 ലോകകപ്പില്‍ സൗരവ് ഗാംഗുലിക്കൊപ്പം ശ്രീലങ്കക്കെതിരെ നേടിയ 300 റണ്‍സ് പാട്ണര്‍ഷിപ്പാണ് ഇത്.
9. ഡക്കുകളുടെ എണ്ണത്തിലും റെക്കോര്‍ഡ്
ടെസ്റ്റില്‍ പതിനായിരം റണ്‍സ് ക്ലബില്‍ ഇടം പിടിച്ച താരങ്ങളില്‍ ഏറ്റവും കുറവ് തവണ പൂജ്യത്തിന് പുറത്തായ താരം. പതിനായിരം റണ്‍സ് ക്ലബിലുള്ള താരങ്ങളില്‍ എട്ട് തവണ മാത്രമാണ് ദ്രാവിഡ് പൂജ്യത്തിന് പുറത്തായത്. തുടര്‍ച്ചയായ 120 ഏകദിന മത്സരങ്ങളില്‍ ഒരിക്കല്‍ പോലും പൂജ്യത്തിന് പുറത്താകാത്ത താരമെന്ന റെക്കോര്‍ഡും ദ്രാവിഡിന് സ്വന്തം.
10. പത്ത് രാജ്യങ്ങളിലും സെഞ്ച്വറി നേടുന്ന ആദ്യ താരം
ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന പത്ത് രാജ്യങ്ങളിലും സെഞ്ച്വറി നേടിയ ആദ്യ താരമെന്ന റെക്കോര്‍ഡ് ദ്രാവിഡിന്. ക്രിക്കറ്റ് കരിയറില്‍ ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന പത്ത് രാജ്യങ്ങളിലും ദ്രാവിഡിന് സെഞ്ച്വറി നേടാന്‍ സാധിച്ചിട്ടുണ്ട്.
പെട്ടന്ന് റണ്‍സ് അടിച്ചുകൂട്ടുന്ന ശൈലി ദ്രാവിഡിന് ഇല്ലെങ്കിലും 2003 ല്‍ ഹൈദരബാദില്‍ ന്യൂസിലാന്‍ഡിനെതിരെ നടന്ന ഏകദിന മത്സരത്തില്‍ വെറും 22 പന്തുകളില്‍ നിന്ന് ദ്രാവിഡ് 50 റണ്‍സ് അടിച്ചുകൂട്ടിയത് ക്രിക്കറ്റ് പ്രേമികള്‍ ഇന്നും ഓര്‍ത്തുവയ്ക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here